ഏഷ്യന്‍ കപ്പില്‍ ഗോളടിക്കാനാവാതെ 350 കോടി മനുഷ്യര്‍
DISCOURSE
ഏഷ്യന്‍ കപ്പില്‍ ഗോളടിക്കാനാവാതെ 350 കോടി മനുഷ്യര്‍
എം.എം.ജാഫർ ഖാൻ
Wednesday, 24th January 2024, 3:13 pm
2002 ല്‍ ചൈന ലോകകപ്പ് കളിച്ചു. 1950 ല്‍ ഇന്ത്യക്ക് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചു. മാത്രമല്ല, 1962 ന് മുന്‍പ് ഇന്ത്യ രണ്ടുതവണ ഫുട്‌ബോളില്‍ ' ഏഷ്യന്‍ ചാംപ്യന്‍മാരുമായി '. 1956 ഒളിംപിക്‌സ് ഫുട്‌ബോളില്‍ ഇന്ത്യ സെമി ഫൈനലും കളിച്ചു. പിന്നീട് ഈ ' ജനകോടികള്‍ക്ക് ' എന്ത് സംഭവിച്ചു ?

ഫിഫ പ്രസിഡന്റായിരുന്ന ജോസഫ് ബ്ലാറ്റര്‍ 2007 ല്‍ ഇന്ത്യ സന്ദര്‍ശിക്കുകയുണ്ടായി. അന്നേരം അദ്ദേഹം പറഞ്ഞ രണ്ടു കാര്യങ്ങളുണ്ട്. ‘ ഇന്ത്യ ഫുട്‌ബോളിലെ ഉറങ്ങുന്ന സിംഹങ്ങള്‍ ‘എന്നായിരുന്നു ഒന്ന്. രണ്ടാമത്തേത്, ലോകത്തെ എല്ലാരാജ്യങ്ങളും ഫുട്‌ബോള്‍ നിര്‍ത്തുന്നു. ഇന്ത്യയും ചൈനയും മാത്രം ഫുട്‌ബോള്‍ കളിക്കുന്നു. അതായിരിക്കും വ്യൂവര്‍ഷിപ്പിലും വരുമാനത്തിലും ഫിഫക്ക് മെച്ചമെന്ന്.

ചൈന, ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഒപ്പമുള്ള കുഞ്ഞന്‍ രാജ്യങ്ങളും ചേര്‍ന്നാല്‍ ലോക ജനസംഖ്യയുടെ പകുതിക്കടുത്തെത്തും. ഏകദേശം അത് 350 കോടിയുണ്ടാവും.

ഖത്തറില്‍ നടക്കുന്ന ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറിലേക്ക് പ്രവേശിക്കുമ്പോള്‍ ഈ 350 കോടിയും കളത്തിന് പുറത്തായി.

ഇന്ത്യയും ചൈനയുമാണ് ഈ മേഖലയില്‍ നിന്ന് ഏഷ്യന്‍ കപ്പിന് യോഗ്യത നേടിയത്. ഇരുടീമുകളും മൂന്ന് മത്സരംവീതം കളിച്ച് ഒന്ന് പോലും ജയിക്കാന്‍ പാറ്റാതെ, ഒറ്റഗോള്‍ പോലും സ്‌കോര്‍ ചെയ്യാന്‍ ആവാതെ ആദ്യറൗണ്ടില്‍ പുറത്തായി.

ഫുട്‌ബോളിന് ഏറ്റവും കൂടുതല്‍ കാണികളുള്ള മേഖലയാണിത്. അതുകൊണ്ടാണ് ലോകചാമ്പ്യന്‍ അര്‍ജന്റീന പോലും ‘ ഞങ്ങള്‍ അങ്ങോട്ട് വരട്ടെ ‘ എന്ന് ചോദിക്കുന്നത്. കഴിഞ്ഞ ലോകകപ്പിന് ഏറ്റവും കൂടുതല്‍ ടെലിവിഷന്‍ റേറ്റിംഗ് കിട്ടിയതും ഈ മേഖലയില്‍ നിന്ന്. എങ്കില്‍ എന്ത് മനസിലായി ? കാണികളും ഫുട്‌ബോള്‍ പ്രേമവും ഇവിടെ കണ്ടമാനം ഉണ്ട് എന്ന് ?

2002 ല്‍ ചൈന ലോകകപ്പ് കളിച്ചു. 1950 ല്‍ ഇന്ത്യക്ക് ലോകകപ്പില്‍ കളിക്കാന്‍ അവസരം ലഭിച്ചു. മാത്രമല്ല, 1962 ന് മുന്‍പ് ഇന്ത്യ രണ്ടുതവണ ഫുട്‌ബോളില്‍ ‘ ഏഷ്യന്‍ ചാംപ്യന്‍മാരുമായി ‘. 1956 ഒളിംപിക്‌സ് ഫുട്‌ബോളില്‍ ഇന്ത്യ സെമി ഫൈനലും കളിച്ചു. പിന്നീട് ഈ ‘ ജനകോടികള്‍ക്ക് ‘ എന്ത് സംഭവിച്ചു ?

തര്‍ക്കത്തിന് വേണമെങ്കില്‍ ഇന്ത്യയിലെയും ചൈനയിലെയും ‘ കായിക താത്പര്യങ്ങള്‍ ‘ പരിശോധിക്കാം. ഇവിടങ്ങളില്‍ ഫുട്‌ബോള്‍ ആദ്യ മൂന്ന് സ്ഥാനത്ത് പോലും വരുന്നില്ല എന്നും വാദിക്കാം.

എങ്കില്‍ അമേരിക്കയും ഓസ്‌ട്രേലിയയും സ്ഥിരമായി ലോകകപ്പ് ഫുട്‌ബോള്‍ കളിക്കുന്നത് എങ്ങിനെ ? ഓര്‍ക്കണം, ഏഷ്യന്‍ മേഖലയില്‍ വന്നാണ് ഓസ്‌ട്രേലിയ ലോകകപ്പ് യോഗ്യത നേടുന്നത്.

മൊത്തം ജനസംഖ്യ എടുത്താല്‍ രണ്ടുകോടി പോലും ഇല്ലാത്ത സിറിയ, ഫലസ്തീന്‍ പോലെയുള്ള രാജ്യങ്ങള്‍ ‘ സക്കറാത്തില്‍ ‘ കിടന്നും ഫുട്‌ബോള്‍ കളിക്കുന്നതും ജയിക്കുന്നതും എങ്ങിനെയാവും ?

ഉത്തരം സിംപിള്‍

ഒന്നുകില്‍ ഫുട്‌ബോള്‍ ആ രാജ്യങ്ങളിലെ സംസ്‌കാരത്തിന്റെ ഭാഗമാവണം. അങ്ങനെ വന്നാല്‍ കളിക്കാര്‍ ഉണ്ടാവരുത് എന്ന് ‘ പ്ലാന്‍ ‘ ചെയ്താല്‍ പോലും കാലില്‍ ‘ മന്ത്രമുള്ളവര്‍ ‘ ജനിച്ചുകൊണ്ടിരിക്കും. സിന്ധില്‍ പാട്ടുകാരും തഞ്ചാവൂരില്‍ പൂജാരികളും മാലദ്വിപില്‍ ചൂണ്ടയില്‍ ഭീമന്‍ മത്സ്യങ്ങളെ വേട്ടയാടുന്നവരും ‘ ജനിക്കുന്നത് ‘ അതുകൊണ്ടാണ്.

അല്ലെങ്കില്‍ ഏറ്റവും മികച്ച ആധുനിക ഫുട്‌ബോള്‍ ‘ പള്ളിക്കൂടങ്ങള്‍ ‘ ഉണ്ടാക്കണം. അമേരിക്കയും ജര്‍മനി പോലും ഇന്ന് ഫുട്‌ബോള്‍ കളിക്കുന്നത് ‘ അത്തരം കാലുകള്‍ ‘ കൊണ്ടാണ്. മേലെ പറഞ്ഞ ‘ രണ്ടുഗുണങ്ങളും ‘ ഒന്നിച്ചുള്ള രാജ്യങ്ങളും ഉണ്ട്. സ്വന്തം ലാഭം മാത്രം നോക്കുന്നവര്‍ ഫുട്‌ബോള്‍ ഭരിക്കുമ്പോള്‍ ഒറ്റ കാര്യമേ ചെയ്യാന്‍ ഉള്ളൂ.

സ്‌കോര്‍ ബോര്‍ഡ് നോക്കി നെടുവീര്‍പ്പ് ഇടുക !

 

 

Content highlight: MM Jaffer Khan writes about India and Chinese Football teams