കാലം ഒരു കരുണയുമില്ലാതെ വിസ്മൃതിയിലേക്ക് മുക്കിക്കളയുന്ന കുറെ കളിക്കാരുടെ ജീവിതം കൂടിയാണല്ലോ ഫുട്‌ബോള്‍. പുതിയ താരങ്ങളെ ഓരോന്നായി സമ്മാനിക്കുമ്പോഴും ഒരുപാട് വീരനായകന്മാരെ കാലം മറവിയുടെ മണ്ണിട്ടുമൂടുന്നുണ്ട്.
മറവിയുടെ കരിയിലകള്‍ നിറഞ്ഞ അജ്ഞാത നക്ഷത്രങ്ങളുടെ ശ്മശാനത്തില്‍ അപൂര്‍വം കല്ലറകള്‍ക്കു മാത്രമേ പേരുകളുണ്ടാവൂ. കാറ്റായും തേങ്ങലായും ഓര്‍മകളായും ചുറ്റിത്തിരിയുന്നത് അവരുടെ നിശ്വാസങ്ങളാവണം.
പഴയ ഫുട്‌ബോള്‍ ഫോട്ടോകള്‍ കിട്ടിയാല്‍ അതിന്റെ ‘ജാതകം’ തേടിപ്പോകലൊരു ത്രില്ലാണ്. ആ കളിയും കളിക്കാരും ഗോള്‍ കണക്കും എന്തിന് ഗ്യാലറിയിലെ ഒരു പരസ്യ ബോര്‍ഡ് പോലും തിരിച്ചയുമ്പോള്‍ ലഭിക്കുന്നത് കഠിന ട്രെക്കിങ് വിജയകരമായി പൂര്‍ത്തീകരിച്ച സുഖം.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ പഴയകാല ഫുട്‌ബോളര്‍ സി. ഉമ്മര്‍ക്ക ഒരു ഫോട്ടോ ഇട്ടുതന്നു. 1968ലെ കേരള സന്തോഷ് ട്രോഫി ടീമിന്റേത്.
കറുപ്പിലും വെളുപ്പിലുമുള്ള ഫോട്ടോകള്‍ പലപ്പോഴും ആള്‍മാറാട്ടം നടത്തും. അവിടെ അറിയുന്നവരെ പോലും തിരിച്ചറിയാന്‍ സാധിക്കില്ല. കാലത്തിന്റെ ഒരു ഒടിമറിച്ചില്‍ ആണത്. അതാണ് അതിനെ ത്രില്ലിങ് ആക്കുന്നതും.
ഫോണ്‍ വിളിയായും ഉള്‍വിളിയായും വാട്‌സ്ആപ്പായും നെറ്റ് സെര്‍ച്ചായും ആ ഫോട്ടോയുടെ പിന്നാലെ പന്തെടുത്തു പാഞ്ഞു.
കളിക്കാരെയും അവരുടെ മണ്ണും മണത്തു. ഇത്രയും ഉഗ്രന്‍ ടീമുമായി പോയിട്ട് അന്ന് എന്തായി എന്നറിയാനായി പിന്നത്തെ പൂതി. ആദ്യ മത്സരത്തില്‍ തന്നെ ദല്‍ഹിയോട് മൂന്ന് ഗോളിന് തോറ്റു തിരിച്ചു പോന്നത്രെ!
സ്വാതന്ത്ര്യത്തിന് മുന്‍പ് ഒറ്റത്തവണ മാത്രം കപ്പുയര്‍ത്തിയ ചരിത്രം മാത്രം പറയാനുള്ള ദല്‍ഹിയോട് കേരളത്തിന്റെ പെരും ടീം തോല്‍ക്കുകയോ, അതും മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക്?
ഫുട്‌ബോള്‍ ചില ദിവസങ്ങളില്‍ അങ്ങനെയാണ്, ജീവിതവും.
ഇവരാണ് ആ കളിക്കാര്‍
പിന്‍വരിയില്‍
ഉസ്മാന്‍ കോയ കെ.വി. (കോഴിക്കോട്), ഉസ്മാന്‍ എ.പി. (കോഴിക്കോട്), കെ.കെ. ഗോപാലകൃഷ്ണന്‍ (കൊല്ലം), എം.ഒ. ജോസ് (തൃശൂര്‍), ജോണ്‍ കെ. ജോണ്‍ (പത്തനംതിട്ട), ഷെയ്ഖ് മാമു (കോഴിക്കോട്), അല്‍ഫോന്‍സ് (കണ്ണൂര്‍), കെ.പി. വില്യംസ് (എറണാകുളം), എം. പ്രസന്നന്‍ (കോഴിക്കോട്).
നടുവില്‍
ഹനീഫ (തിരുവനന്തപുരം), രാമകൃഷ്ണന്‍ (ക്യാപ്റ്റന്‍, തൃശൂര്‍), ഇന്ദ്രപാലന്‍ (കോച്ച്, തിരുവനന്തപുരം), തങ്കപ്പന്‍ (മാനേജര്‍, കൊല്ലം), മൊയ്തീന്‍ കുട്ടി (മലപ്പുറം).
മുന്‍വരിയില്‍
ഒ.കെ. പോള്‍ (തൃശൂര്‍), എം.എല്‍. ജേക്കബ് (ഗോള്‍ കീപ്പര്‍, തൃശൂര്‍), സി. ഉമര്‍ (കോഴിക്കോട്), ഇ.എന്‍. സുധീര്‍ (ഗോള്‍ കീപ്പര്‍, കോഴിക്കോട്), കെ.കെ. ജോര്‍ജ് (ഗോള്‍ കീപ്പര്‍, കോട്ടയം).
Content highlight: MM Jaffer Khan writes about 1968 Kerala Santhosh Trophy squad