'അനാശാസ്യം, വനിത സഖാക്കള്‍ക്ക് വാട്സ്ആപ്പില്‍ അസഭ്യസന്ദേശം കൈമാറല്‍; ഇതാണ് എസ്.എഫ്.ഐയുടെ ജോലി': എം.എം. ഹസ്സന്‍
Kerala News
'അനാശാസ്യം, വനിത സഖാക്കള്‍ക്ക് വാട്സ്ആപ്പില്‍ അസഭ്യസന്ദേശം കൈമാറല്‍; ഇതാണ് എസ്.എഫ്.ഐയുടെ ജോലി': എം.എം. ഹസ്സന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th June 2023, 5:49 pm

കോഴിക്കോട്: ലഹരി കള്ളക്കടത്ത് നടത്തുക, വനിത സഖാക്കള്‍ക്ക് വാട്സ്ആപ്പിലൂടെ അസഭ്യസന്ദേശങ്ങള്‍ കൈമാറുക, അനാശ്യാസ പ്രവര്‍ത്തനം നടത്തുക എന്നതാണ് എസ്.എഫ്.ഐക്കാരുടെ പ്രധാന ജോലിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്‍.

കേരളത്തില്‍ അഴിമതിയും അക്രമവും അനാശാസ്യപ്രവര്‍ത്തനവും നടത്തുന്ന മാര്‍ക് സിസ്റ്റ് പാര്‍ട്ടിയുടെ കുട്ടിപ്പട്ടാളമായി എസ്.എഫ്.ഐ മാറിയെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് കെ.എസ്.യുവിന്റെ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എം. ഹസന്‍.

വ്യാജ രേഖ വിവാദത്തില്‍ കെ. വിദ്യയെ സംരക്ഷിക്കുന്നത് എസ്.എഫ്.ഐയാണെന്നും എസ്.എഫ്.ഐക്കാര്‍ക്കും ഡി.വൈ.എഫ്.ഐക്കാര്‍ക്കും ഇവിടെ എന്തും ചെയ്യാം എന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്ക് ലിസ്റ്റില്‍ ക്രമക്കേട് നടത്തിയ ആര്‍ഷോയുടെ പേരില്‍ ഒരു കേസും ഇതുവരെ എടുത്തിട്ടില്ലെന്നും എന്നാല്‍ അദ്ദേഹത്തിനെതിരെ ആരോപണമുന്നയിച്ചവര്‍ക്കെതിരെ കേസെടുത്തെന്നും എം.എം. ഹസന്‍ കൂട്ടിച്ചേര്‍ത്തു.

‘വ്യാജ രേഖയുണ്ടാക്കി കോളേജില്‍ എസ്.എഫ്.ഐ നേതാവ് ജോലി തേടി, പരാതി വന്നപ്പോള്‍ അന്വേഷിക്കുമ്പോള്‍ അവരെ കാണാനില്ല.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പിണറായി വിജയന്‍ ഭരിക്കുന്ന കേരളത്തില്‍ ജോലി തട്ടിപ്പ് നടത്തിയ ഒരാളെ കാണാനില്ല പോലും. അവരെക്കൊണ്ട് ഒളിപ്പിച്ചത് പാര്‍ട്ടയല്ലേ. അവിവാഹിതയായതിനാല്‍ അറസ്റ്റ് ചെയ്യരുതെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. പൊലീസ് അറസ്റ്റ് ചെയ്താല്‍ സ്ത്രീത്വം നഷ്ടപ്പെടുമെന്ന ഭയം അവര്‍ക്കുണ്ട്.

എസ്.എഫ്.ഐ നേതാവയത് കൊണ്ട് എല്ലാ സഹായവും നല്‍കി വിദ്യയെ ഒളിപ്പിച്ചിരിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്കും ഡി.വൈ.എഫ്.ഐക്കാര്‍ക്കും ഇവിടെ എന്തും ചെയ്യാം. അവരെ പൊലീസ് അറസ്റ്റ് ചെയ്യില്ല. മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐയുടെ സെക്രട്ടറി പരീക്ഷ എഴുതാതെ പാസായി.

ഇത് പറഞ്ഞതിന് കെ.എസ്.യു നേതാവിനെതിരെയും ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെയും കേസെടുത്തിരിക്കുകയാണ്. ക്രമക്കേട് നടത്തിയ ആര്‍ഷോയുടെ പേരില്‍ ഒരു കേസും ഇതുവരെ എടുത്തിട്ടില്ല.

നമ്മുടെ ഉന്നത വിദ്യാഭ്യാസം ആകെ പാര്‍ട്ടികള്‍ കൈകാര്യം ചെയ്യുന്നു അവസ്ഥയായിയി. യൂണിവേഴ്‌സിറ്റികള്‍ സഖാക്കന്മാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്,’ എം.എം. ഹസന്‍ പറഞ്ഞു.

Content Highlight: MM Hassan says sending obscene messages to female colleagues on WhatsApp; This is the job of SFI’