തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍. കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ട് അവരുടെ ഓണം കണ്ണീരോണമാക്കിയ പിണറായിയെ കണ്ടാല്‍ മഹാബലി പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍ കര്‍ഷകരോട് അനീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘കേരളത്തില്‍ എന്തായാലും മഹാബലി വരും, സെക്രട്ടേറിയറ്റ് വഴി വരും. ക്ലിഫ് ഹൗസ് വഴി പോയാല്‍ മാവേലി പണ്ടത്തെ കഥ മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കും. വാമനന്‍ മഹാബലിയോട് വരം ചോദിച്ചപ്പോഴാണ് അദ്ദേഹം തലതാഴ്ത്തികൊടുത്തത്. മഹാബലി വരുന്ന ദിവസം കേരളത്തിലെ ജനങ്ങളെ പട്ടിണിക്കിട്ട്, പട്ടിണി ഓണമാക്കിയ, കണ്ണീരോണമാക്കിയ പിണറായി വിജയന്റെ തലയില്‍ ചവിട്ടി അദ്ദേഹത്തെ പാതാളത്തിലേക്ക് താഴ്ത്തും, പുരാണം മറ്റൊരു രീതിയില്‍ ആവര്‍ത്തിക്കും. മഹാബലി വരുന്നത് ഇവിടെ ജനങ്ങളുടെ സമൃദ്ധിയും സന്തോഷവും കാണാനല്ലേ. ഈ ഓണക്കാലത്ത് കൃഷിക്കാരോട് കാണിക്കുന്ന അനീതി, ഓണം ആഘോഷിക്കാന്‍ ഉള്‍പ്പെടെ എത്ര കോടി രൂപയാണ് ചെലവഴിക്കുന്നത്. ഈ ധൂര്‍ത്തും ആഢംബരവും നടത്തി കൃഷിക്കാരുടെ പണമെടുത്ത് ചെലവഴിച്ച ശേഷം അവരോട് പറഞ്ഞിരിക്കുന്നത് ഓണം കഴിഞ്ഞ് നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് വായ്പ ലഭ്യമാക്കാം, ലോണ്‍ തരാം, 25 ശതമാനമെന്നാണ്, ഇത് അങ്ങേയറ്റത്തെ അന്യായമാണ്,’ എം.എം. ഹസന്‍ പറഞ്ഞു.
ഓണക്കിറ്റ് പ്രതീക്ഷിച്ച് ജനങ്ങള്‍ ഇരിക്കുകയാണെന്നും ഇതുവരെ അവര്‍ക്ക് കിട്ടിയിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാബലി വന്ന് പോയാലും കിറ്റ് കിട്ടുകയുണ്ടാകില്ലെന്നും എം.എം.ഹസന്‍ കൂട്ടിച്ചേര്‍ത്തു.
‘ഓണക്കാലത്ത് കര്‍ഷകരെ പട്ടിണിക്കിടുന്ന സര്‍ക്കാരിനോട് കൊടിക്കുന്നില്‍ പറയുന്നത് പോലെ അവരുടെ രോഷം കൊണ്ട് മുഖ്യമന്ത്രിയുടെ കസേര ആടിയുലയുമെന്നൊക്കെ പറയുന്നതിലും അപ്പുറം പറയേണ്ടത് കൊണ്ടാണ് മഹാബലിയുടെ കണ്ണിന്റെ മുന്‍പില്‍ വന്നാല്‍ അദ്ദേഹം പിണറായി വിജയനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമെന്ന് ഞാന്‍ പറഞ്ഞത്. കൃഷിക്കാരുടെ അതേ അവസ്ഥയാണ് നമ്മുടെ നാട്ടിലെ സാധാരണക്കാരുടേതും. ഓണക്കിറ്റും പ്രതീക്ഷിച്ച് കുറേ ആളുകള്‍ ഇരിക്കുകയാണ്, ഇതുവരെ കിട്ടിയിട്ടില്ല. മാവേലി വന്ന് പോയാലും ഓണക്കിറ്റ് വരില്ല. കഴിഞ്ഞ ഓണക്കാലത്ത് 87 ലക്ഷം പേര്‍ക്കാണ് ഓണക്കിറ്റ് നല്‍കിയത്. അന്ന് പറഞ്ഞ ന്യായം സാമ്പത്തിക പ്രതിസന്ധിയാണ്, കൊറോണ ആണെന്നൊക്കെയാണ്. ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ജനങ്ങള്‍ക്കില്ലേ. അത് ആറര ലക്ഷമായി ഇപ്പോള്‍ പരിമിതപ്പെടുത്തി. ആ കിറ്റ് കൊടുത്തതോ ഉത്രാടപ്പാച്ചിലില്‍ ആളുകള്‍ ഓടുകയാണ് കിറ്റിന് വേണ്ടി. രാത്രി 12 മണിയായി രാവിലെയായിട്ടും എല്ലാവര്‍ക്കും ഓണക്കിറ്റ് കിട്ടിയിട്ടില്ല. മാവേലി വന്ന് പോയാലും ഓണക്കിറ്റിന് വേണ്ടി കാത്തിരിക്കുന്ന പാവപ്പെട്ടവന് കിറ്റ് കിട്ടില്ല,’ എം.എന്‍.ഹസന്‍ പറഞ്ഞു.
Content Highlights: MM Hassan criticise pinarayi vijayan