| Saturday, 23rd December 2017, 9:18 am

കരുണാകരനെ രാജിവെപ്പിച്ചതില്‍ കുറ്റബോധമുണ്ട്; ആന്റണിയുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു അത് ചെയ്തത്: വെളിപ്പെടുത്തലുമായി എം.എം ഹസ്സന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ചാരക്കേസിന്റെ സമയത്ത് കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്പ്പിച്ചതിനെ എ.കെ.ആന്റണി എതിര്‍ത്തിരുന്നെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. രാജിവയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മന്‍ചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടിരുന്നു.

കരുണാകരനെ രാജിവയ്പ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചതില്‍ കുറ്റബോധമുണ്ടെന്നും ഹസന്‍ പറഞ്ഞു. കെ.കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്ന് കരുണാകരന് കാലാവധി തികയ്ക്കാന്‍ അവസരം നല്‍കണമായിരുന്നു. കരുണാകരനെതിരേ പ്രവര്‍ത്തിച്ചതില്‍ തനിക്ക് വളരെയധികം വിഷമമുണ്ടെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. കരുണാകരന് പുറത്തേക്കുള്ള വാതില്‍ തുറന്നത് ആന്റണിയാണെന്നാണ് അന്ന് മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍, അത് ശരിയായിരുന്നില്ലെന്നും ഹസ്സന്‍ പറഞ്ഞു.

കരുണാകരനെ പുറത്താക്കിയാല്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുള്ള ആന്റണിയുടെ മുന്നറിയിപ്പ് വളരെ ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പി.ടി. ചാക്കോയെ മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് കേരളത്തില്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ഉണ്ടായത്. ലീഡറിനെ കൂടി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കുന്നത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാകുമെന്നും ആന്റണി പറഞ്ഞതായി ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

കരുണാകരന്റെ രാജിക്ക് താനും കാരണക്കാരനാണ്. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവരില്‍ താനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ഇപ്പോള്‍ ചിന്തിക്കുമ്പോള്‍ താന്‍ ലീഡറോട് ചെയ്ത അനീതിയാണിതെന്നാണ് തോന്നുന്നു.

ഒരു ആത്മകഥ എഴുതുമ്പോള്‍ ഇത് വെളിപ്പെടുത്താനാണ് താന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ലീഡറിന്റെ അനുസ്മരണ പരിപാടിയില്‍ ഇത് വെളിപ്പെടുത്തണമെന്ന് തോന്നിയതായും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more