തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയും തുടര്‍ന്ന് പൊലീസിനെ ന്യായീകരിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ പരസ്യത്തേയും വിമര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍.
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടിയെ ന്യായീകരിച്ചുള്ള സര്‍ക്കാരിന്റെ പത്രപരസ്യം അഴിമതിയാണെന്ന് ഹസ്സന്‍ പറഞ്ഞു. ഒരു പാവപ്പെട്ട കുടുംബത്തിനെതിരെ നുണപ്രചരണം നടത്താനാണ് പൊതുപണം ചിലവഴിച്ചത്.
പിണറായി വിജയന് മുഖ്യമന്ത്രിയുടെ കുപ്പായത്തേക്കാള്‍ ചേരുന്നത് ഡിജിപിയുടെ കാക്കിയും തൊപ്പിയുമാണെന്നും ഹസന്‍ ആരോപിച്ചു.
സര്‍ക്കാര്‍ പരസ്യം ജിഷ്ണുവിന്റെ കുടുംബത്തെ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. സര്‍ക്കാരിന് സമനില തെറ്റി. പ്രശ്നം ഉടന്‍ പരിഹരിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതേസമയം സര്‍ക്കാര്‍ നല്‍കിയ പരസ്യം വസ്തുതാവിരുദ്ധമാണെന്ന് അമ്മ മഹിജ പ്രതികരിച്ചു. ദൃശ്യങ്ങള്‍ സത്യം വിളിച്ചുപറയുന്നുണ്ട്. നീതികിട്ടുംവരെ സമരം തുടരും. പിണറായി വിജയനെ ഇഷ്ടപ്പെടുന്ന കുടുംബത്തിനെതിരെ പരസ്യം നല്‍കിയതില്‍ വേദനയുണ്ട്. പൊലീസിനെ ന്യായീകരിച്ചാണു സര്‍ക്കാര്‍ പത്രപ്പരസ്യം നല്‍കിയതെന്നും മഹിജ പറഞ്ഞു.
പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമെതിരെ ഉണ്ടായ പൊലീസ് നടപടി ന്യായീകരിച്ച് മാധ്യമങ്ങളില്‍ പി.ആര്‍.ഡിയുടെ പരസ്യം ഇന്നായിരുന്നു പ്രത്യക്ഷപ്പെട്ടത്. ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്കുനേരെ അതിക്രമമുണ്ടായിട്ടില്ലെന്നും പ്രശ്‌നങ്ങളുണ്ടാക്കിയത് പുറത്തുനിന്നുള്ള സംഘമാണെന്നുമായിരുന്നു പരസ്യത്തിലൂടെ സര്‍ക്കാര്‍ പറഞ്ഞുവെച്ചത്.