Kerala News
ശശി തരൂരിന്റെ ട്വീറ്റ് അത്ഭുതപ്പെടുത്തി; അദ്ദേഹം ഇങ്ങനെ പറയുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല: എം.എം. ഹസ്സന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 May 29, 11:08 am
Monday, 29th May 2023, 4:38 pm

തിരുവനന്തപുരം: ചെങ്കോല്‍ വിഷയത്തില്‍ ശശി തരൂരിന്റെ പരാമര്‍ശം അത്ഭുതപ്പെടുത്തിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം. എം. ഹസ്സന്‍. ശശി തരൂര്‍ ഇങ്ങനെ പറയുമെന്ന് താനിപ്പോഴും വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

‘ബ്രിട്ടീഷുകാരുടെ ഏറ്റവും ശക്തനായ വിമര്‍ശകനാണ് ശശി തരൂര്‍. അദ്ദേഹം ഇങ്ങനെ ട്വീറ്റ് ചെയ്തത് എന്നെ അത്ഭുതപ്പെടുത്തി. ചെങ്കോലല്ല, അവര്‍ സ്വര്‍ണത്തിന്റെ എന്ത് കുന്തം കൊണ്ടുവന്നാലും ജവഹര്‍ലാല്‍ നെഹ്‌റു അത് ഏറ്റുവാങ്ങില്ല. ശശി തരൂര്‍ ഇങ്ങനെ പറയുമെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. അദ്ദേഹം അതിനൊരു വിശദീകരണം കൊടുക്കട്ടെ,’ ഹസ്സന്‍ പറഞ്ഞു.

പാര്‍ലമെന്റ് മന്ദിരോദ്ഘാടനത്തോട് അനുബന്ധിച്ച് പുതിയ മന്ദിരത്തില്‍ ചെങ്കോല്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം.

നമ്മുടെ വര്‍ത്തമാനകാല മൂല്യങ്ങള്‍ ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഈ ചിഹ്നം സ്വീകരിക്കണമെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോല്‍ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇത്. എന്നാല്‍ ചെങ്കോല്‍ വിഷയത്തില്‍ ഇരുപക്ഷത്തും ന്യായമുണ്ടെന്നും ശശി തരൂരിന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

അതേസമയം, ചെങ്കോല്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന ശശി തരൂരിന്റെ പരാമര്‍ശത്തില്‍ എ.ഐ.സി.സി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ചെങ്കോലിനേയോ അതിന്റെ ചരിത്രത്തെയോ അംഗീകരിക്കില്ലെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പറയുന്നതില്‍ പൊരുത്തക്കേടുണ്ടെന്നും കോണ്‍ഗ്രസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

പ്രതിപക്ഷ കക്ഷികളുടെ ബഹിഷ്‌കരണത്തിനിടെ പുതിയ പാര്‍ലമെന്റ് മന്ദിരം കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ലോക്‌സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപം ചെങ്കോലും സ്ഥാപിച്ചു.

content highlight: mm hassan about sasi tharoor tweet