തൃക്കരിപ്പൂര്‍: പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ സ്ഥാപകനും സലഫി പ്രഭാഷകനുമായ എം.എം. അക്ബറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പീസ് സ്‌കൂളിനെതിരെ ഉയര്‍ന്ന ഐ.എസ് ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ എം.എം അക്ബര്‍ സ്‌കൂളിലെ മുന്‍ ജീവനക്കാരായ യുവാക്കളുടെ സ്വദേശത്തെ പഴിചാരിയതിനെതിരെ ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറിയും പടന്നക്കാരും രംഗത്തെത്തി. പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരില്‍ ചിലര്‍ ഐ.എസിലേക്ക് പോയത് ചൂണ്ടിക്കാട്ടിയപ്പോഴാണ് പടന്ന, തൃക്കരിപ്പൂര്‍ പ്രദേശങ്ങളില്‍ നിന്നാണ് യുവാക്കള്‍ പോയതെന്നും അതിനെ ക്കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും അദ്ദേഹം ചാനല്‍ അഭിമുഖത്തില്‍ ആവശ്യപ്പെട്ടത്. ഇത് തൃക്കരിപ്പൂരിലും പടന്നയിലും ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. ഇ.കെ വിഭാഗം പത്രമായ സുപ്രഭാതമാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എം.എം അക്ബറിന് വേണ്ടി ആദ്യം മുതലെ രംഗത്തുണ്ടായിരുന്ന ലീഗ് നേതൃത്വവും ചന്ദ്രികയും ഇപ്പോഴും എം.എം അക്ബറിന് വേണ്ടി വാദിക്കുമ്പോള്‍ രൂക്ഷമായ വിമര്‍ശനമാണ് സുപ്രഭാതം അക്ബറിനെതിരെ ഉയര്‍ത്തുന്നത്.
തന്റെ പ്രശ്നങ്ങളില്‍ നിന്ന് താല്‍ക്കാലികമായി രക്ഷ നേടുന്നതിന് എം.എം അക്ബര്‍ തൃക്കരിപ്പൂരിനെയും പടന്നയേയും കരുവാക്കി സംസാരിച്ചത് ഈ നാടുകളെ അറിയുന്ന മുസ് ലിംകകള്‍ അല്ലാത്തവരിലും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. അഭിമുഖത്തില്‍ ഐ.എസും സലഫിപ്രസ്ഥാനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിഷേധിക്കാന്‍ നില്‍ക്കാതെ അവയെല്ലാം നേതൃത്വത്തോട് ചോദിക്കണമെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞ് മാറുകയാണുണ്ടായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
യുവാക്കളുടെ തിരോധാനം സംഭവിച്ച വാര്‍ത്ത വന്നതു മുതല്‍ വിവിധ വാര്‍ത്താ മാധ്യമങ്ങളും ചാനലുകളും സംസ്ഥാനത്തിന്റേയും കേന്ദ്ര ഗവണ്മെന്റിന്റെയും വിവിധ അന്വേഷണ ഉദ്യോഗസ്ഥന്മാരും പടന്നയിലെത്തുകയും ഇവരുടെ ജീവിത പശ്ചാത്തലവും പടന്ന എന്ന നാടിന്റെ സാംസ്‌ക്കാരിക പാരമ്പര്യവും അന്വേഷിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ടുകളാണ് നല്‍കിയിട്ടുള്ളത്തെന്നിനും കാണാതായവര്‍ ഐ.എസ് പോലുള്ള ഭീകര സംഘടനകളില്‍ ചേക്കേറിയിട്ടുണ്ടെങ്കില്‍ അത്തരക്കാരെ തങ്ങള്‍ക്കാവശ്യമില്ലെന്നും ഇവരുടെ ബന്ധുമിത്രാദികള്‍ അന്വേഷണ ഉദ്യോഗസ്ഥരോടും വാര്‍ത്താമാധ്യമങ്ങളോടും വെട്ടിത്തുറന്നുതന്നെ പറഞ്ഞിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.
മാത്രമല്ല ഐ.എസിലേക്ക് ചേക്കേറിയെന്ന് പറയുന്ന യുവാക്കള്‍ സലഫി മസ്ജിദുമായി ബന്ധപ്പെട്ടിരുന്നവരാണ്. ഐ.എസിലേക്ക് യുവാക്കളെ കൊണ്ടുപോകാന്‍ റിക്രൂട്ട്മെന്റ് ഏജന്‍സിയെ പോലെ പ്രവര്‍ത്തിച്ച റഷീദ് അബ്ദുല്ലയുടെ വീട്ടില്‍ നിന്ന് പത്തുമീറ്റര്‍ മാത്രം ദൂരമുള്ള ഉടുമ്പുന്തല ജുമാമസ്ജിദില്‍ പോകാതെ കിലോമീറ്റര്‍ ദൂരമുള്ള സലഫി മസ്ജിദിലാണ് അദ്ദേഹം പോയിരുന്നതെന്നും പറയുന്നു.
എം.എം. അക്ബറിന്റെ പരാമര്‍ശങ്ങള്‍ നിര്‍ഭാഗ്യകരമാണെന്നാണ് മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം ജന. സെക്രട്ടറി അഡ്വ. എം.ടി.പി കരീം തൃക്കരിപ്പൂര്‍ പറഞ്ഞത്. ഇത്തരത്തില്‍ നാടുവിട്ടവര്‍ തൃക്കരിപ്പൂര്‍, പടന്ന എന്നിവിടങ്ങളിലുള്ളവരാണെന്നും ഇതൊരു നാടിന്റെ പ്രശ്നമാണെന്ന തരത്തിലുമുളള അദ്ദേഹത്തിന്റെ പരാമര്‍ശം തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്റര്‍ നെറ്റിലൂടെ കണ്ടെത്തിയ മതത്തേയും മതനായകരേയും പിന്‍പറ്റിപോയ ചെറുപ്പക്കാര്‍ വഴി തെറ്റാനുള്ള കാരണം ഒരു പ്രദേശത്തിന്റെതാണെന്ന പരാമര്‍ശം ഖേദകരമാണെന്ന് തൃക്കരിപ്പൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അഭിപ്രായപ്പെടുമ്പോള്‍ എം.എം അക്ബര്‍ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായം അങ്ങേയറ്റം അനുചിതവും അസംബന്ധവുമാണെന്ന് സി.പി.എം കാസര്‍കോട് ജില്ലാ സെക്രേട്ടറിയറ്റ് അംഗം ഡോ.വി.പി.പി മുസ്തഫ തൃക്കരിപ്പൂര്‍ പറയുന്നത്.
എം.എം അക്ബറിന്റെ ചാനല്‍ അഭിമുഖം പടന്ന എന്ന പ്രദേശത്തെ കുറ്റപ്പെടുത്തുന്ന തരത്തിലായത് പ്രതിഷേധാര്‍ഹമാണെന്ന് പടന്ന പ്രാദേശിക ജമാഅത്ത് അമീര്‍ എന്‍. ഇസ്ഹാഖലി പറഞ്ഞു. സൗഹൃദത്തിന്റെ തുരുത്തുകളെ ഭീകരവാദ കേന്ദ്രങ്ങളാക്കി മുദ്രകുത്തി താന്‍ അകപ്പെട്ട കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് അപലപനീയമാണെന്ന് എസ്.കെ.എസ്.എസ്. എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന അഭിപ്രായപ്പെട്ടു. നന്മ നിറഞ്ഞ പടന്ന പ്രദേശത്തിന്റെ പേര് ഇത്തരത്തില്‍ ഉപയോഗപ്പെടുത്തിയതിന്റെ ഉദ്ദേശം എന്തെന്ന് മനസിലാകുന്നില്ലെന്നും പ്രസ്തുത പ്രസ്താവന പിന്‍വലിക്കണമെന്നും പടന്ന ജമാഅത്ത് കമ്മറ്റി ജന. സെക്രട്ടറി വി.കെ.പി ഹമീദലി അഭിപ്രായപ്പെട്ടു.
കഴിഞ്ഞയാഴ്ച്ചയാണ് റിപോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയില്‍ അവതാരകന്റെ ചോദ്യത്തിനുളള ഉത്തരമായി എം.എം അക്ബര്‍ വിവാദപരാമര്‍ശം നടത്തിയത്.
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിച്ചുവെന്ന കേസിലാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ വച്ച് എം.എം അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്ബറിനെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിപ്പിച്ചിരുന്നു.