| Tuesday, 13th March 2018, 11:19 pm

എം.എം അക്ബറിനെതിരായ കേസ്; ഡി.ജി.പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി ന്യൂനപക്ഷ കമ്മീഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പീസ് സ്‌ക്കൂള്‍ എം.ഡി എം.എം അക്ബറിനെതിരായ കേസില്‍ ന്യൂനപക്ഷ കമ്മീഷന്‍ ഡി.ജി.പിയില്‍ നിന്നും റിപ്പോര്‍ട്ട് തേടി. കെ.കെ കൊച്ചുമുഹമ്മദിന്റെ പരാതിയിലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. ന്യൂനപക്ഷ അംഗമായതിനാലാണ് അക്ബര്‍ മതസ്പര്‍ധയുടെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു.

ഇതേ കേസില്‍ മറ്റുള്ളവര്‍ക്ക് നല്‍കിയ നീതി അക്ബറിന് നിഷേധിക്കപ്പെട്ടുവെന്നും ഇക്കാര്യത്തില്‍ വിവേചനം ഉണ്ടായിട്ടുണ്ടെന്നും മതസ്പര്‍ധയുടെ പേരില്‍ കേരളത്തില്‍ എത്രപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എത്രപേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വ്യക്തമാക്കണമെന്നും പരാതിയില്‍ പറയുന്നു.

Read Also :ഗുജറാത്തില്‍ ബജ്‌റംഗദള്‍ ആക്രമണത്തില്‍ പരിക്കേറ്റ മുസ്‌ലിം യുവാവ് മരിച്ചു

എന്നാല്‍ ഇക്കാര്യം റിപോര്‍ട്ട് ചെയ്യുന്നതിന് സമയം നല്‍കണമെന്ന് ഡി.ജി.പിക്കുവേണ്ടി സിറ്റിങില്‍ ഹാജരായ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി മണികണ്ഠന്‍ ആവശ്യപ്പെട്ടു. ഏപ്രില്‍ 17ന് നടക്കുന്ന സിറ്റിങില്‍ പരാതി വീണ്ടും പരിഗണിക്കും.

കഴിഞ്ഞയാഴ്ച്ചയാണ് അക്ബറിന് ജാമ്യം ലഭിച്ചത്. എറണാകുളം ജില്ലാ മജിസ്ട്രേറ്റ് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ജില്ലാ മജിസ്ട്രേറ്റ് സെഷന്‍സ് കോടതിയെ അക്ബര്‍ സമീപിച്ചത്.

Read Also : മ്യാന്‍മറിലെ മനുഷ്യാവകാശലംഘനങ്ങളെ സംബന്ധിച്ച യു.എന്‍. റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്ന് മ്യാന്‍മര്‍

മതവിദ്വേഷം വളര്‍ത്തുന്ന സിലബസ് പഠിപ്പിച്ചതിന്റെ പേരില്‍ അന്വേഷണം നേരിടുന്ന കൊച്ചി പീസ് സ്‌കൂള്‍ എം.ഡി എം.എം. അക്ബര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ചാണു പിടിയിലായത്. നേരത്തെ സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പുസ്തകങ്ങള്‍ പഠിപ്പിച്ചെന്ന കേസില്‍ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

പീസ് സ്‌കൂളിനെതിരെ പോലീസ് കേസെടുക്കുകയും പുസ്തകം തയ്യാറാക്കിയ മുംബൈ ബുറൂജ് റിയലൈസേഷന്‍ പ്രസാധക സ്ഥാപനത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ ചുമതലയുള്ളവരെ അറസ്റ്റും ചെയ്തിരുന്നു. എം.എം. അക്ബറിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാന്‍ പോലീസ് നീക്കം നടത്തിയിരുന്നെങ്കിലും അയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. തുടര്‍ന്ന് വിവിധ വിമാനത്താവളങ്ങളില്‍ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിരുന്നു. ഇതിനിടയിലാണ് ഓസ്ട്രേലിയയില്‍ നിന്ന് ഖത്തറിലേക്ക് മടങ്ങുന്നതിനിടയില്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ അക്ബര്‍ പിടിയിലാകുന്നത്.

We use cookies to give you the best possible experience. Learn more