കോഴിക്കോട്: മതവിദ്വേഷം പ്രചരിപ്പിച്ചു എന്ന ആരോപണത്തില്‍ നിയമനടപടി നേരിടുന്ന പീസ് സ്‌കൂള്‍ ഡയറക്ടര്‍ എം.എം അക്ബറിനെയും പീസ് സ്‌കൂളിനെയും വെട്ടിലാക്കി ഐ.എസ് കേന്ദ്രത്തില്‍ നിന്നും പടന്ന സ്വദേശി അബ്ദുള്‍ റാഷിദിന്റെ വെളിപ്പെടുത്തല്‍. സംസ്ഥാനത്ത് നിന്നും ഐ.എസ് കേന്ദ്രത്തിലെത്തിയ സംഘങ്ങള്‍ക്ക് പീസ് സ്‌കൂളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത വന്ന ശബ്ദസന്ദേശത്തില്‍ അവകാശപ്പെടുന്നത്. ഐ.എസിലെ മലയാളികള്‍ക്ക് വേണ്ടിയുള്ള 56-ാമത്തെ ഓഡിയോ സന്ദേശം എന്ന് വ്യക്തമാക്കിയാണ് 12 മിനുട്ട് ദൈര്‍ഘ്യമുള്ള ഓഡിയോ തുടങ്ങുന്നത്.
അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളിലെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളിലും അധ്യാപകരിലും രക്ഷിതാക്കളിലും ഐ.എസിനെ പിന്തുണക്കുന്നവര്‍ ഉണ്ടെന്നും അബ്ദുല്‍ റഷീദ് അബ്ദുല്ല അവകാശപ്പെടുന്നു. അഫ്ഗാനിസ്ഥാനിലെ ഖുറാസാനില്‍ നിന്ന് ടെലഗ്രാം വഴി അയച്ച ശബ്ദ സന്ദേശത്തിലാണ് അബ്ദുല്‍ റഷീദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് ഐ.എസില്‍ എത്തിച്ചേരുന്നവരില്‍ അധികവും പീസ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ആകുമെന്നും റഷീദ് പറയുന്നു.
Read Also : പീസ് സ്‌കൂള്‍ പാഠപുസ്തക വിവാദം; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി എം.എം അക്ബര്‍
പീസ് സ്‌കൂളിലെ ചില അധ്യാപകരടക്കം ഇസ്ലാമിക്ക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്നവരാണെന്നും അവകാശപ്പെടുന്ന സന്ദേശത്തില്‍ കഴിഞ്ഞ ദിവസം പടന്ന സ്വദേശി ഷിഹാസും കുടുംബവും കൊല്ലപ്പെട്ടുവെന്ന വാര്‍ത്തയുടെ സ്ഥിരീകരണവും സന്ദേശത്തില്‍ നല്‍കുന്നു.
നേരത്തെ ഐ.എസില്‍ ചേര്‍ന്ന് പിന്നീട് കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശി ശിഹാസും യഹ്യയും പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണെന്നും ഇക്കാര്യം എം.എം അക്ബര്‍ മറച്ചുവെക്കുകയാണെന്നും റഷീദ് ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. പീസ് സ്‌കൂളില്‍ പഠിപ്പിക്കുന്നത് ശുദ്ധ സലഫിസമാണ്. അതുകൊണ്ട് തന്നെ അവിടെ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഐ.എസില്‍ എത്തിച്ചേരുമെന്നും ഹിജ്‌റ ചെയ്യുക എന്നത് ഇസ്‌ലാമില്‍ വാജിബാണെന്നും ഇയാള്‍ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിലെ സുന്നികള്‍ പഠിപ്പിക്കുന്നത് അന്തവിശ്വാസമാണെന്നും ഹിന്ദൂയിസത്തില്‍ നിന്നും നാട്ടാചാരത്തില്‍ നിന്നും മറ്റു മതത്തില്‍ നിന്നും കൂട്ടികെട്ടിയ മതമാണ് എ.പിക്കാരും ഇ.കെ ക്കാരും പഠിപ്പിക്കുന്നത്. അവരെ ബറേല്‍വികളെന്നും സൂഫികളെന്നും വിളിക്കാമെന്നു റാഷിദ് പറയുന്നു.
Read Also : മതങ്ങളിലേക്ക് ചുരുങ്ങുന്ന കുട്ടികള്‍; മതസ്ഥാപനങ്ങളുടെ വിദ്യാലയങ്ങള്‍ തകര്‍ക്കുന്നത് വളരുന്ന മതേതര സമൂഹത്തെയോ?
എം.എം അക്ബറുമായി റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹന്‍ നടത്തിയ അഭിമുഖത്തെ പരാമര്‍ശിച്ചാണ് സന്ദേശം എത്തിയിരിക്കുന്നത്. പീസ് സ്‌കൂളിന്റെ ഐ.എസ്സ് ബന്ധം എം.എം അക്ബര്‍ പൂര്‍ണ്ണമായും അഭിമുഖത്തില്‍ മറച്ചു വെച്ചുവെന്ന് സന്ദേശത്തില്‍ പറയുന്നു.
പീസ് സ്‌കൂളിന് ഐ.എസുമായി ബന്ധമില്ലെന്ന എം.എം അക്ബറിന്റെ വാദത്തെ റാഷിദ് ഖണ്ഡിക്കുന്നത് ഇങ്ങനെയാണ്: “അതില്‍ രണ്ടാളെ ടോട്ടലി എം.എം അക്ബര്‍ മറച്ചുവെക്കുകയാണ് ചെയ്തത്. ഒന്ന് കാസര്‍ഗോഡ് നിന്നുള്ള ശിഹാസ്. ശിഹാസ് പീസ് ഫൗണ്ടേഷന്റെ സപ്ലെ ചെയിന്‍ മാനേജറായിരുന്നു. പീസ് ഫൗണ്ടേഷന്റെ എല്ലാ സ്‌കൂളിന്റെയും മൊത്തം കാര്യങ്ങളും സപ്ലെ ചെയ്യും. ബുക്ക്സ് ആയാലും യൂണിഫോം ആയാലും ബാക്കിയുള്ള മെറ്റീരിയല്‍സും അറേഞ്ച് ചെയ്യുന്നത് ശിഹാസ് ആയിരുന്നു. പീസ് ഫൗണ്ടേഷനില്‍ വര്‍ക്ക് ചെയ്ത ഒരു പ്രൈം മെമ്പര്‍ ആയിരുന്നു. എന്തുകൊണ്ട് എം.എം അക്ബര്‍ അവരെക്കുറിച്ച് റിപ്പോര്‍ട്ടറിന്റെ ഇന്റര്‍വ്യൂവില്‍ പറഞ്ഞില്ല” ശബ്ദ സന്ദേശത്തില്‍ പറയുന്നു.
എന്തുകൊണ്ടാണ് പീസ് സ്‌കൂളുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ ഐ.എസിലേക്ക് പോയത് എന്ന ചോദ്യത്തിന് അവര്‍ കാസര്‍ഗോഡിലെ തൃക്കരിപ്പൂര്‍, പടന്ന സ്ഥലങ്ങളിലുള്ളവരാണെന്നും അവിടുത്തെ സ്വാധീനം കൊണ്ടാണെന്നുമായിരുന്നു അക്ബര്‍ അഭിമുഖത്തില്‍ നല്‍കിയ മറുപടി. പീസ് സ്‌കൂളിന്റെ പ്രശ്നം കൊണ്ടല്ല ആളുകള്‍ ഐ.എസില്‍ പോയതെന്നും ഒരു പ്രത്യേക പ്രദേശത്തെ ആളുകാണ് പോയതെന്ന വ്യക്തമാകുമ്പോള്‍ പ്രദേശത്തെയല്ലെ സംശയിക്കേണ്ടതെന്നുമായിരുന്നു അക്ബര്‍ പറഞ്ഞത്.
കേരളത്തിലെ സലഫികള്‍ക്ക് ഐ.എസില്‍ സംവരണം ഉണ്ടോ എന്ന് മറ്റാരൊക്കയൊ മുന്‍പ് ചോദിച്ചിരുന്നു… ഞാനും ആ ചോദ്യം ആവര്‍ത്തിക്കുന്നു എന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ അത് കേരളത്തിലെ സലഫി നേതൃത്വത്തോട് ചോദിക്കണം. താന്‍ പ്രവര്‍ത്തകന്‍ മാത്രമാണ് എന്നാണ് എം.എം അക്ബര്‍ പറഞ്ഞത്.