| Sunday, 15th September 2024, 7:37 pm

'ഇത്ര നാളും ആരാധിച്ച എന്റെ പ്രിയ താരത്തെ കാണാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം'; വൈറലായി ചിത്രങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് സോക്കറില്‍ ഇന്ന് നടന്ന ഇന്റര്‍ മയാമി – ഫിലാഡല്‍ഫിയ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് മയാമി വിജയിച്ചിരുന്നു. പരിക്കില്‍ നിന്നും തിരിച്ചെത്തിയ മെസിയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് മയാമി വിജയിച്ചുകയറിയത്.

മത്സര ശേഷം മെസിക്കൊപ്പമുള്ള ഫിലാഡല്‍ഫിയ മധ്യനിര താരം ക്വിന്‍ സള്ളിവന്റെ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഫിലാഡല്‍ഫിയ യൂണിയന്‍ തങ്ങളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ വഴി പങ്കുവെച്ച ചിത്രം സള്ളിവനും തന്റെ ഹാന്‍ഡിലുകളില്‍ പങ്കുവെച്ചിരുന്നു.

തന്റെ ആരാധനാ പാത്രത്തെ കണ്ടതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് സള്ളിവന്‍ കുറിച്ചത്.

ഇതിനൊപ്പം തന്നെ തന്റെ കുട്ടിക്കാലത്തെ ഒരു ചിത്രവും സള്ളിവന്‍ പങ്കുവെച്ചിരുന്നു. ബാഴ്‌സലോണ ജേഴ്‌സിയണിഞ്ഞ് മെസിയുടെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് സമീപം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. വളരെ പെട്ടെന്ന് തന്നെ രണ്ട് ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു.

മത്സരത്തില്‍ താരം മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്തിരുന്നു.

അതേസമയം, ആദ്യ വിസില്‍ മുഴങ്ങി രണ്ടാം മിനിട്ടില്‍ തന്നെ ഫിലാഡല്‍ഫിയ മയാമിയെ ഞെട്ടിച്ചു. ചെയ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ രണ്ടാം മിനിട്ടില്‍ തന്നെ ഫിലാഡല്‍ഫിയ ഗോള്‍ നേടി. മൈക്കല്‍ ഉറെയാണ് ഗോള്‍ കീപ്പര്‍ ഡ്രേക്ക് കലണ്ടറിനെ മറികടന്ന് മയാമിയുടെ വലകുലുക്കിയത്.

മത്സരത്തിന്റെ 26ാം മിനിട്ടില്‍ മെസിയിലൂടെ മയാമി തിരിച്ചടിച്ചു. ആദ്യ ഗോള്‍ പിറന്ന് കൃത്യം നാലാം മിനിട്ടില്‍ മെസി ടീമിന് ലീഡും സമ്മാനിച്ചു. അര്‍ജന്റൈന്‍ നായകന്റെ തിരിച്ചുവരവിലെ ആദ്യ ഗോളിന് ലൂയി സുവാരസ് വഴിയൊരുക്കിയപ്പോള്‍ ജോര്‍ഡി ആല്‍ബയാണ് രണ്ടാം ഗോളിന് അസിസ്റ്റ് നല്‍കിയത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി മയാമി കളം നിറഞ്ഞു. എന്നാല്‍ രണ്ടാം പകുതിയില്‍ ഫിലാഡല്‍ഫിയ മികച്ച പ്രകനം പുറത്തെടുത്തതോടെ മത്സരം കൂടുതല്‍ ആവേശകരമായി. ഇരുടീമിന്റെയും ഗോള്‍മുഖങ്ങള്‍ പലതവണ ഭീഷണി നേരിട്ടെങ്കിലും ഒന്നും തന്നെ ഗോളായി മാറിയില്ല.

ഒടുവില്‍ മത്സരം അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കി നില്‍ക്കെ ആഡ് ഓണ്‍ ടൈമിന്റെ എട്ടാം മിനിട്ടില്‍ മെസിയുടെ അസിസ്റ്റില്‍ സുവാരസും ഗോള്‍ നേടിയതോടെ രണ്ട് ഗോള്‍ ലീഡുമായി ഹെറോണ്‍സ് വിജയം സ്വന്തമാക്കി.

ഈ വിജയത്തോടെ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും മയാമിക്ക് സാധിച്ചു. 28 മത്സരത്തില്‍ നിന്നും 19 ജയവും നാല് തോല്‍വിയും അഞ്ച് സമനിലയുമാണ് മയാമിയുടെ പേരിലുള്ളത്. 28 മത്സരത്തില്‍ നിന്നും ഏഴ് ജയവുമായി 11ാം സ്ഥാനത്താണ് ഫിലാഡല്‍ഫിയ.

സെപ്റ്റംബര്‍ 19നാണ് മയാമിയുടെ അടുത്ത മത്സരം. മെര്‍സിഡസ് ബെന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ പത്താം സ്ഥാനക്കാരായ അറ്റ്ലാന്റ യുണൈറ്റഡാണ് എതിരാളികള്‍. അതേ ദിവസം തന്നെയാണ് ഫില്‍ഡല്‍ഫിയയും അടുത്ത മത്സരത്തിനിറങ്ങുന്നത്. യാങ്കീ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂ യോര്‍ക് സിറ്റിയാണ് എതിരാളികള്‍.

Content highlight: MLS: Quinn Sullivan shares Lionel Messi’s picture

We use cookies to give you the best possible experience. Learn more