മേജര്‍ ലീഗ് സോക്കറിലെ ഒരു സീസണില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരത്തിന് നല്‍കുന്ന ലാണ്‍ഡണ്‍ ഡോണോവാന്‍ എം.വി.പി പുരസ്‌കാരം സ്വന്തമാക്കാന്‍ മെസി അര്‍ഹനല്ലെന്ന് മുന്‍ അമേരിക്കന്‍ സൂപ്പര്‍ താരവും മേജര്‍ ലീഗ് സോക്കര്‍ ഇതിഹാസവുമായ ടെയ്‌ലര്‍ ട്വെല്‍മാന്‍. മെസിയില്ലാത്ത പല മത്സരങ്ങളിലും മയാമി വിജയിച്ചിട്ടുണ്ടെന്നും ട്വെല്‍മാന്‍ ചൂണ്ടിക്കാണിച്ചു.
ഈ സീസണില്‍ മയാമി കളിച്ച 33 ലീഗ് മത്സരങ്ങളില്‍ 15 മത്സരങ്ങളില്‍ മെസിക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. മെസിയില്ലാതിരുന്നിട്ടും മികച്ച പ്രകടനമാണ് മയാമി പുറത്തെടുത്തത്. ഈ മത്സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമാണ് മയാമി പരാജയമറിഞ്ഞത്.
ലൂയീസ് സുവാരസ്, കാര്‍ലോസ് ഗില്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളാണ് മയാമിക്ക് നിര്‍ണായകമായ പോയിന്റുകള്‍ നേടിക്കൊടുത്തതും സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡിലേക്കടുപ്പിച്ചതും.
തന്റെ പോഡ്കാസ്റ്റിലൂടെയാണ് ട്വെല്‍മാന്‍ മോസ്റ്റ് വാല്യുബിള്‍ പ്ലെയറിനെ കുറിച്ച് സംസാരിച്ചത്.
’18 മത്സരത്തില്‍ നിന്നും 17 ഗോളും 15 അസിസ്റ്റും, അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് മെസി പുറത്തെടുത്തത്. എന്നാല്‍ മെസിയില്ലാതെ ഒമ്പത് മത്സരത്തില്‍ എട്ട് മത്സരത്തിലും അവര്‍ വിജയിച്ചു. ഇതാണ് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡിലേക്ക് അവരെ കൊണ്ടുചെന്നെത്തിച്ചത്. ഇത് കണക്കിലെടുക്കുമ്പോള്‍ എം.വി.പി പുരസ്‌കാരത്തില്‍ ചിലത് പരിഗണിക്കേണ്ടതുണ്ട്.
2023ല്‍ മെസിക്കൊപ്പം 78 ശതമാനം മത്സരങ്ങളും അവര്‍ വിജയിച്ചു, മെസിയില്ലാതെ 12 ശതമാനവും. എന്നാല്‍ മെസിയുടെ അഭാവത്തില്‍ അവരെങ്ങനെ ഈ സമ്മറില്‍ മത്സരങ്ങള്‍ വിജയിച്ചു എന്നതാണ് പ്രധാന ചോദ്യം.
മെസിയില്ലാതെ ഒമ്പതില്‍ എട്ട് മത്സരവും അവര്‍ വിജയിച്ചാണ് അവരതിന് ഉത്തരം നല്‍കിയത്. മെസിയുടെ അഭാവത്തിലും വിജയം തുടര്‍ന്ന് പോയിന്റ് പട്ടികയില്‍ സ്ഥിരത പുലര്‍ത്തി, ആരും അക്കാര്യം പ്രതീക്ഷിച്ചിരുന്നില്ല,’ ട്വെല്‍മാന്‍ പറഞ്ഞു.
മയാമിയില്‍ മെസിയുെട സാഹതാരം ലൂയീസ് സുവാരസ്, ലോസ് ആഞ്ചലസ് ഗാലക്‌സി താരം റിക്വി പ്യൂഗ് എന്നിവര്‍ക്കൊപ്പമാണ് മയാമി ക്യാപ്റ്റന്‍ പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടത്.
എന്നാല്‍ മെസിയുടെ വരവിന് പിന്നാലെയാണ് മയാമി കിരീടമണിഞ്ഞതെന്ന വസ്തുത ഒരിക്കലും മറക്കാന്‍ സാധിക്കില്ല. മെസിയുടെ വരവിന് മുമ്പ് ഒരു കിരീടം പോലുമില്ലാതിരുന്ന മയാമി, അര്‍ജന്റൈന്‍ നായകന്റെ വരവോടെ രണ്ട് കിരീടങ്ങളാണ് സ്വന്തമാക്കിയത്.
ഹെറോണ്‍സിനായി സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയാണ് മെസി ചരിത്രമെഴുതിയത്. താരത്തിന്റെ കരിയറിലെ 46ാം കിരീട നേട്ടമാണിത്.
കൊളംബസിനെ മൂന്നിനെതിരെ രണ്ട് ഗോളിന് തകര്‍ത്താണ് മയാമി കിരീടം ചൂടിയത്. മത്സരത്തില്‍ മെസി രണ്ട് ഗോള്‍ നേടിയിരുന്നു. സുവാരസാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്.
നേരത്തെ ലീഗ് കപ്പ് ഫൈനലില്‍ കരുത്തരായ നാഷ്‌വില്ലിനെ ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് മെസിപ്പട കിരീടം നേടിയത്. ഗോള്‍ കീപ്പര്‍മാര്‍ അടക്കം 11 പേരും കിക്കെടുത്ത മത്സരത്തില്‍ ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടറിന്റെ കരുത്തിലാണ് മയാമി കിരീടമണിഞ്ഞത്.
Content Highlight: MLS legend Taylor Twellman suggests Lionel Messi does not deserve MVP award