|

അവന്‍ ഈ ടീമിന്റെ ആത്മാവാണ്, ചരിത്രത്തിലെ ഏറ്റവും വലിയ താരം; സൂപ്പര്‍ താരത്തിന് പ്രശംസയുമായി ജാവിയര്‍ മഷെറാനോ

സ്പോര്‍ട്സ് ഡെസ്‌ക്

കോണ്‍കാഫ് ചാമ്പ്യന്‍സ് കപ്പില്‍ ലോസ് ഏഞ്ച്ല്‍സ് എഫ്.സിയെ പരാജയപ്പെടുത്തി മുന്നേറുകയാണ് ഇന്റര്‍ മയാമി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എല്‍.എ.എഫ്.സിയെ ഇന്റര്‍ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളിലാണ് മയാമി വിജയിച്ചുകയറിയത്. ഇതോടെ സെമി ഫൈനലിലെത്താനും മയാമിക്ക് സാധിച്ചു.

ഒമ്പതാം മിനിട്ടില്‍ എല്‍.എ.എഫ്.സിയുടെ ആരോണ്‍ ലോങ് ഒമ്പതാം മിനിട്ടില്‍ മയാമിയുടെ വലകുലുക്കിയാണ് സ്‌കോറിങ്ങിന് തുടക്കം കുറിച്ചത്. എന്നാല്‍ 35ാം മിനിട്ടില്‍ മെസിലൂടെ ഗോള്‍ നേടി മയാമി ഒപ്പത്തിനൊപ്പം എത്തുകയായിരുന്നു.

61ാം മിനിട്ടില്‍ ഫെഡറിക്കോ റെഡോണ്ടോയുടെ ഗോളും പിറന്നതോടെ മയാമി ഒരു പടി മുന്നിലെത്തി. നിര്‍ണായക നിമിഷത്തിലെ 84ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ മെസി വീണ്ടും ഗോള്‍ നേടി മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കുകയായിരുന്നു. ഇരട്ട ഗോള്‍ നേടി വമ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചത്.

ഇപ്പോള്‍ മെസിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ താരവും അര്‍ജന്റൈന്‍ മാനേജറും, നിലവില്‍ ഇന്റര്‍മയാമി പരിശീലകനുമായ ജാവിയര്‍ മഷെറാനോ.

‘മെസി ഈ ടീമിന്റെ ആത്മാവാണ് ചിലപ്പോള്‍ എനിക്ക് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാന്‍ വാക്കുകളുണ്ടാകില്ല. കാരണം എനിക്ക് അദ്ദേഹത്തെ 20 വര്‍ഷമായി അറിയാം, അദ്ദേഹത്തിന്റെ കരിയറിലെ ഈ ഘട്ടത്തില്‍ ഞാന്‍ അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ട്. ഫുട്‌ബോളില്‍ അദ്ദേഹം എല്ലാം തികഞ്ഞവനാണ്.

ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ് അദ്ദേഹം, മൈതാനത്ത് കളിക്കുന്ന അവസാന ദിവസം വരെ എല്ലാം നേടുന്നതിന് പുറമേ അദ്ദേഹം ഇപ്പോഴും പുതിയ തലമുറയ്ക്ക് വഴികാട്ടിയുമാണ്. അവന്‍ ജയിക്കാന്‍ ആഗ്രഹിക്കുന്നു, അസാധ്യമായ കാര്യങ്ങളാണ് അവന്‍ ചെയ്യുന്നത്,’ ജാവിയര്‍ മഷെറാനോ പറഞ്ഞു.

വിജയത്തോടെ എം.എല്‍.എസ് പോയിന്റ് ടേബിളില്‍ ആറ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും രണ്ട് സമനിലയും ഉള്‍പ്പെടെ 14 പോയിന്റുമായി മയാമി രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് കൊളംബസ് ഏഴ് മത്സരങ്ങളില്‍ നിന്ന് നാല് വിജയവും മൂന്ന് സമനിലയയും ഉള്‍പ്പെടെ 15 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.

Content Highlight: MLS 2025: Javier Mascherano Talking About Lionel Messi