ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പങ്കെടുക്കുമെന്ന് റിപ്പോർട്ട്.
രാജ്യസഭയിലെ പ്രതിപക്ഷ നേതാവായ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ക്ഷണം ലഭിച്ചതിനെ തുടർന്ന് ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ അദ്ദേഹം പങ്കെടുക്കുമെന്ന് തീരുമാനിക്കുകയായിരുന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാർട്ടിയുമായും സഖ്യകക്ഷികളുമായും ചർച്ച ചെയ്തതിന് ശേഷമാണ് അദ്ദേഹം സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം രാത്രി ബി.ജെ.പി നേതാവ് പ്രഹ്ലാദ് ജോഷിയാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യ മുന്നണിയിലെ നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷം ശനിയാഴ്ച പറഞ്ഞതിന് പിന്നാലെയാണ് ഖാർഗെയ്ക്ക് ക്ഷണം ലഭിച്ചത്.
ഇന്ത്യാ മുന്നണിയുടെ സഖ്യകക്ഷിയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു. തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തിരുന്നു. അതോടൊപ്പം നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പാർട്ടി നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാലും ശനിയാഴ്ച പറഞ്ഞിരുന്നു.
ഇന്ന് വൈകീട്ട് 7 :15ന് ഡൽഹിയിൽ രാഷ്ട്രപതി ഭവനിൽ വെച്ചാണ് മോദിയുടെയും മന്ത്രിസഭയുടെയും സത്യപ്രതിജ്ഞ ചടങ്ങ് നടക്കുക. രണ്ട് തവണ കാലാവധി പൂർത്തിയാക്കി മൂന്നാം തവണ തുടർഭരണം നടത്താനിരിക്കുകയാണ് മോദി.
വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയ്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന , നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡ , ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോഗായ് എന്നിവർ പങ്കെടുക്കും.
മൂന്നാമത് അധികാരത്തിലെത്തിയെങ്കിലും ഇത്തവണ ബി.ജെ.പിക്ക് ഒറ്റക്ക് കേവലഭൂരിപക്ഷം നേടാൻ സാധിക്കാത്തത് പരിപാടിയുടെ ആവേശം കുറക്കുന്നുണ്ട്. കഴിഞ്ഞ തവണ 300ൽ അധികം സീറ്റുകൾ ബി.ജെ.പി ഒറ്റക്ക് നേടിയിരുന്നു. എന്നാൽ ഇത്തവണ 240 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. സഖ്യകക്ഷികളുടെ സഹായത്തോടുകൂടിയാണ് ഇത്തവണ സർക്കാർ രൂപീകരിക്കുന്നത്.
Content Highlight: Mllikarjun Gharge will attend Modi’s swearing in ceremony