50 വർഷം പഴക്കമുള്ള അടിയന്തരാവസ്ഥക്ക് പകരം ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കൂ; മോദിയോട് ഖാർഗെ
national news
50 വർഷം പഴക്കമുള്ള അടിയന്തരാവസ്ഥക്ക് പകരം ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കൂ; മോദിയോട് ഖാർഗെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th June 2024, 8:35 am

ന്യൂദൽഹി: അടിയന്തരാവസ്ഥയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പതിനെട്ടാം ലോക്‌സഭയുടെ ഉദ്ഘാടന വേളയിൽ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിൽ അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനെതിരെ വിമർശനവുമായാണ് ഖാർഗെ ഇപ്പോൾ മുന്നോട്ടെത്തിയിരിക്കുന്നത്.

50 വർഷം പഴക്കമുള്ള അടിയന്തരാവസ്ഥക്ക് പകരം ഇന്നത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് സംസാരിക്കു എന്ന് അദ്ദേഹം മോദിയോട് പറഞ്ഞു.

മോദി ലോക്സഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

‘നാളെ ജൂൺ 25 ആണ്. ജൂൺ 25ന് ഇന്ത്യയുടെ ജനാധിപത്യത്തിന് മേൽ കളങ്കം സൃഷ്‌ടിച്ച അടിയന്തരാവസ്ഥകാലത്തിന് 50 വർഷം തികയുകയാണ്. ഇന്ത്യൻ ഭരണഘടയുടെ പ്രാധാന്യം പൂർണമായും നിഷേധിക്കുകയും രാജ്യത്തെ ജയിലാക്കി മാറ്റിയതുമായ ആ അടിയന്തരാവസ്ഥക്കാലത്തെ ഇന്ത്യൻ ജനത ഒരിക്കലും മറക്കില്ല,’ മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

Also Read: ഗസയിലെ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് തുടർന്ന് ഇസ്രഈൽ; യുദ്ധ ഭൂമിയിൽ നിന്ന് കാണാതായത് 20,000ത്തിലധികം കുട്ടികൾ

മോദിയുടെ ഈ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാക്കൾ ആഞ്ഞടിക്കുകയും അദ്ദേഹത്തിന്റെ സർക്കാരിന്റെ പ്രവർത്തനത്തെ ചോദ്യം ചെയ്യുകയും ചെയ്തു.

നിലവിലെ വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും 50 വർഷം പഴക്കമുള്ള അടിയന്തരാവസ്ഥയിലല്ല ശ്രദ്ധ കൊടുക്കേണ്ടതെന്നും നേതാക്കൾ പ്രതികരിച്ചു.

’50 വർഷം പഴക്കമുള്ള അടിയന്തരാവസ്ഥയെയാണ് നിങ്ങൾ ഓർമ്മിപ്പിക്കുന്നത്. എന്നാൽ ജനങ്ങൾ അവസാനിപ്പിച്ച കഴിഞ്ഞ പത്ത് വർഷത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെക്കുറിച്ച് നിങ്ങൾ മറന്നു,’ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശിച്ചത്.

നിരവധി വിഷയങ്ങളെക്കുറിച്ച് മോദി സംസാരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. നീറ്റ് ക്രമക്കേടുകളെക്കുറിച്ചും കാഞ്ചൻജംഗ ട്രെയിൻ അപകടത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുമെന്നും ഞങ്ങൾ കരുതി. നീറ്റിലെ ചോദ്യപേപ്പർ ചോർച്ചയിൽ ബുദ്ധിമുട്ടിയ യുവജനങ്ങളോട്‌ ഒരല്പം സഹതാപം മോദി കാണിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. എന്നാൽ അതൊന്നുമുണ്ടായില്ല. കഴിഞ്ഞ 13 മാസമായി മണിപ്പൂർ ആക്രമണത്തിന്റെ പിടിയിലാണ്. എന്നാൽ അവിടം സന്ദർശിക്കാൻ മോദി ഇതുവരെ ആലോചിച്ചിട്ട് പോലുമില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

 

Content Highlight: Mllikarjun gharge criticised modi