| Saturday, 6th July 2024, 11:30 am

ഇന്ത്യയെ ലോകകപ്പ് ചൂടിച്ചവന്റെ കരുത്തില്‍ നൈറ്റ് റൈഡേഴ്‌സ്, സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി വിജയത്തുടക്കം

സ്പോര്‍ട്സ് ഡെസ്‌ക്

മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ആഞ്ചലസ് നൈറ്റ് റൈഡേഴ്‌സിന് വിജയത്തുടക്കം. ടെക്‌സസിലെ ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടെക്‌സസ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയാണ് നൈറ്റ് റൈഡേഴ്‌സ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ 12 റണ്‍സിനാണ് നൈറ്റ് റൈഡേഴ്‌സ് സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ ടോസ് നേടിയ സൂപ്പര്‍ കിങ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസി എതിരാളികളെ ബാറ്റിങ്ങിനയച്ചു. ഡു പ്ലെസിയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ആദ്യ മൂന്ന് ഓവറുകളില്‍ സൂപ്പര്‍ കിങ്‌സ് ബൗളര്‍മാര്‍ പുറത്തെടുത്തത്. മൂന്ന് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് ടീം സ്‌കോര്‍ ബോര്‍ഡില്‍ അഞ്ച് റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും രണ്ട് ഓപ്പണര്‍മാരെയും സൂപ്പര്‍ കിങ്‌സ് മടക്കി.

ജേസണ്‍ റോയ് 11 പന്തില്‍ രണ്ട് റണ്‍സെടുത്ത് പുറത്തായപ്പോള്‍ നായകന്‍ സുനില്‍ നരെയ്ന്‍ മൂന്ന് പന്തില്‍ രണ്ട് റണ്ണിനും മടങ്ങി. സിയ ഉള്‍ ഹഖ് മുഹമ്മദാണ് ഇരുവരെയും മടക്കിയത്.

മൂന്നാം നമ്പറില്‍ ഉന്‍മുക്ത് ചന്ദാണ് ക്രീസിലെത്തിയത്. മുന്‍ ഇന്ത്യ അണ്ടര്‍ 19വേള്‍ഡ് കപ്പ് വിന്നിങ് ക്യാപ്റ്റനും നിലവില്‍ അമേരിക്കന്‍ താരവുമായ ഉന്‍മുക്ത് ചന്ദ് ഇത്തവണ നൈറ്റ് റൈഡേഴ്‌സിന്റെ വിധിയും തിരുത്തിക്കുറിച്ചു. സഹ താരങ്ങള്‍ക്കൊപ്പം വലുതും ചെറുതുമായ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി ചന്ദ് നൈറ്റ് റൈഡേഴ്‌സിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

45 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയുമടക്കം 68 റണ്‍സാണ് താരം നേടിയത്. 151.11 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

നിതീഷ് കുമാര്‍ 17 പന്തില്‍ 18 റണ്‍സും ഷാകിബ് അല്‍ ഹസന്‍ 17 പന്തില്‍ 26 റണ്‍സും നേടി മടങ്ങി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് നൈറ്റ് റൈഡേഴ്‌സ് നേടിയത്.

ഹോം ടീമിനായി സിയ ഉള്‍ ഹഖ് മുഹമ്മദ്, ആരോണ്‍ ഹാര്‍ഡി, മാര്‍കസ് സ്‌റ്റോയ്‌നിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ജെറാള്‍ഡ് കോട്‌സി ഒരു വിക്കറ്റും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ടെക്‌സസിനായി ഡെവോണ്‍ കോണ്‍വേ തുടക്കത്തിലേ തകര്‍ത്തടിച്ചു. ക്യാപ്റ്റന്‍ ഫാഫിനെയും ഒപ്പം കൂട്ടിയാണ് കോണ്‍വേ റണ്ണടിച്ചുകൂട്ടിയത്.

ആദ്യ വിക്കറ്റില്‍ 30 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഫാഫ് മടങ്ങി. 14 പന്തില്‍ 14 റണ്‍സ് നേടിയ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനെ പുറത്താക്കി സ്‌പെന്‍സര്‍ ജോണ്‍സണാണ് ആദ്യ വിക്കറ്റ് നേടിയത്.

മൂന്നാം നമ്പറില്‍ ഇറങ്ങിയ ആരോണ്‍ ഹാര്‍ഡിക്കൊപ്പവും നാലാം നമ്പറിലിറങ്ങിയ ജോഷ്വാ ട്രോംപിനെയും ഒപ്പം കൂട്ടി കോണ്‍വേ വീണ്ടും സ്‌കോര്‍ ചെയ്തു തുടങ്ങി. രണ്ടാം വിക്കറ്റില്‍ 32 റണ്‍സിന്റെ കൂട്ടുകെട്ടും മൂന്നാം വിക്കറ്റില്‍ 38 റണ്‍സിന്റെ കൂട്ടുകെട്ടും കോണ്‍വേ പടുത്തുയര്‍ത്തി.

ടീം സ്‌കോര്‍ 102ല്‍ നില്‍ക്കവെ കോണ്‍വേയെ മടക്കി അലി ഖാന്‍ നൈറ്റ് റൈഡേഴ്‌സിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 39 പന്തില്‍ 52 റണ്‍സാണ് കോണ്‍വേയുടെ സ്വന്തമാക്കിയത്. രണ്ട് സിക്‌സറും നാല് ഫോറുമാണ് താരത്തിന്റെ പേരിലുണ്ടായിരുന്നത്.

ശേഷമെത്തിയവരില്‍ കാല്‍വിന്‍ സാവേജിനൊഴികെ മറ്റാര്‍ക്കും പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ വന്നതോടെ സൂപ്പര്‍ കിങ്‌സ് 20 ഓവറില്‍ 150ന് എട്ട് എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

നൈറ്റ് റൈഡേഴ്‌സിനായി അലി ഖാന്‍ നാല് വിക്കറ്റ് നേടിയപ്പോള്‍ സ്‌പെന്‍സര്‍ ജോണ്‍സണ്‍ രണ്ട് വിക്കറ്റും നേടി. ക്യാപ്റ്റന്‍ സുനില്‍ നരെയ്ന്‍, ഷാകിബ് അല്‍ ഹസന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ജൂണ്‍ എട്ടിനാണ് നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. ഗ്രാന്‍ഡ് പ്രയറി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാറ്റ് കമ്മിന്‍സിന്റെ സാന്‍ ഫ്രാന്‍സിസ്‌കോ യൂണികോണ്‍സാണ് എതിരാളികള്‍.

Also read: ബൈ ബൈ റൊണാള്‍ഡോ, ബൈ ബൈ ഡോയ്ച്‌ലാന്‍ഡ്: അധികസമയത്തില്‍ സ്‌പെയ്ന്‍, പോര്‍ച്ചുഗലിന് ചരമഗീതമെഴുതി ഫ്രാന്‍സ്

Also Read: ക്യാപ്റ്റന്‍സിയുടെ പ്രധാന ലക്ഷ്യത്തെക്കുറിച്ച് സംസാരിച്ച് ശുഭ്മന്‍ ഗില്‍

Also Read: ഇന്ത്യന്‍ വിമണ്‍സിന് ചരിത്രത്തിലെ ആദ്യ ഹാട്രിക് നാണക്കേട്; തിരിച്ചടിച്ച് സൗത്ത് ആഫ്രിക്ക

Content highlight: MLC 2024: Los Angeles Knight Riders defeated Texas Super Kings

We use cookies to give you the best possible experience. Learn more