| Thursday, 12th November 2020, 7:31 am

ബീഹാര്‍ തെരഞ്ഞെടുപ്പ്; നിയമസഭയിലെത്തിയവരില്‍ 163 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ 243 അംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ മാരില്‍ 163 പേരും ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരാണെന്ന് റിപ്പോര്‍ട്ട്. ഹിന്ദുസ്ഥാന്‍ ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതില്‍ 12 പേര്‍ കൊലപാതകം, കൊലപാതക ശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതികളാണ്. അതേസമയം 2015 ല്‍ ക്രിമിനല്‍ കേസുകളില്‍ പ്രതികളായ അംഗങ്ങളുടെ എണ്ണം 58 ശതമാനമായിരുന്നു.

അതേസമയം തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളില്‍ 81 ശതമാനം പേരും കോടീശ്വരന്‍മാരാണ് എന്നാണ് മറ്റൊരു വസ്തുത. നാമനിര്‍ദ്ദേശ പത്രികയിലെ വിവരങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് ഈ വിവരം പുറത്തായത്.

ഇക്കൂട്ടരില്‍ കൂടുതല്‍ പേരും ആര്‍.ജെ.ഡിയില്‍ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. വിജയിച്ച 74 പേരില്‍ 54 പേര്‍ക്കാണ് ക്രിമിനല്‍ പശ്ചാത്തലമുള്ളത്.

ബി.ജെ.പിയില്‍ നിന്ന് വിജയിച്ച 73 പേരില്‍ 47 പേര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. കോണ്‍ഗ്രസിലെ 19 പേരില്‍ 16 പേരും ഈ കണക്കിലുള്‍പ്പെടും. ഇടതുപക്ഷത്തെ 12 പേരില്‍ പത്തും എ.ഐ.എം.ഐ.എമ്മിലെ വിജയിച്ച അഞ്ചുപേരും ക്രിമിനല്‍ പട്ടികയിലുള്‍പ്പെട്ടവരാണ്.

അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് കേവല ഭൂരിപക്ഷം ലഭിച്ചിരുന്നു. ഏറെ വൈകി വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എന്‍.ഡി.എ 125 സീറ്റിലാണ് വിജയിച്ചത്. 122 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.

എന്നാല്‍ മഹാസഖ്യത്തെ നയിച്ച ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 75 സീറ്റുകളില്‍ ആര്‍.ജെ.ഡിയും 74 സീറ്റില്‍ ബി.ജെ.പിയും ജയിച്ചു.

43 സീറ്റുകളില്‍ മാത്രമാണ് ജെ.ഡി.യു വിജയിച്ചിരിക്കുന്നത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 16 സീറ്റില്‍ ഇടതുപക്ഷവും ജയിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: MLAs With Criminal Case Background Increased In Bihar Election

We use cookies to give you the best possible experience. Learn more