| Wednesday, 20th May 2020, 2:20 pm

കമല്‍ നാഥ് സര്‍ക്കാരിനെ പുറത്തിറക്കാന്‍ പരിശ്രമിച്ച് രാജിവെച്ച എം.എല്‍.എമാര്‍ക്ക് സീറ്റ്; ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ നീക്കം ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപാല്‍: മധ്യപ്രദേശില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന എം.എല്‍.എമാര്‍ക്ക് സീറ്റ് നല്‍കാനൊരുങ്ങി ബി.ജെ.പി.
കമല്‍ നാഥില്‍നിന്നും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ച എം.എല്‍.എമാരെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിപ്പിക്കാനാണ് നീക്കം.

‘കോണ്‍ഗ്രസില്‍നിന്നു രാജി വെച്ച എം.എല്‍.എമാര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി പരിഗണിക്കപ്പെടാന്‍ സാധ്യത കൂടിയവരാണ്. അവര്‍ ചെയ്തത് വലിയ ത്യാഗമാണ്’, മധ്യപ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ വി.ഡി ശര്‍മ്മ പറഞ്ഞു.

അഴിമതിയില്‍നിന്നും മോശം ഭരണത്തില്‍നിന്നും മധ്യപ്രദേശിനെ രക്ഷിക്കാന്‍ മന്ത്രി സ്ഥാനവും എം.എല്‍.എ പദവിയും പോലും ഉപേക്ഷിച്ചവരാണ് അവര്‍. സംസ്ഥാനത്തിനായി സ്ഥാനമാനങ്ങള്‍ ത്യജിച്ചവര്‍ എന്ന് അവരെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ഈ കാരണത്താല്‍ അവരെല്ലാം സ്ഥാനാര്‍ത്ഥിത്വം പരിഗണിക്കുന്നുണ്ട്’, ശര്‍മ്മ വ്യക്തമാക്കി.

ഇവരുടെ പേരുകള്‍ കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തിന് അയച്ചിരിക്കുകയാണെന്നും ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

സിറ്റിങ് എം.എല്‍.എമാര്‍ സര്‍ക്കാരില്‍നിന്നും രാജിവെച്ചതോടെയാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത്. 24 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കങ്ങള്‍ നടത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ജ്യോതിരാദിത്യ സിന്ധ്യയുമായി അടുത്ത ബന്ധം പുലര്‍ത്തിയ എം.എല്‍.എമാരായിരുന്നു കമല്‍നാഥ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി രാജി വെച്ചത്.

ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ മണ്ഡലങ്ങളില്‍ ഓണ്‍ലൈനായി യോഗങ്ങള്‍ നടത്തുന്നുണ്ടെന്നും എല്ലാവരും തെരഞ്ഞെടുപ്പിലേക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ബി.ജെ.പി അറിയിച്ചു. മുമ്പ് മത്സരിച്ചവരടക്കമാണ് ഉപതെരഞ്ഞെടുപ്പിലും ജനവിധി തേടുക. സെപ്തംബറിലായിരിക്കും ഉപതെരഞ്ഞെടുപ്പ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more