'അഗ്‌നിശുദ്ധി വരുത്തേണ്ട സീതമാരുടെ കുലം നടുവിരലുയര്‍ത്തി പ്രതിഷേധത്തിന്റെ നെടുങ്കോട്ടയാകുന്നു'; ഇഷ്‌കിനെക്കുറിച്ച് എം.എല്‍.എമാര്‍- വീഡിയോ
Movie Day
'അഗ്‌നിശുദ്ധി വരുത്തേണ്ട സീതമാരുടെ കുലം നടുവിരലുയര്‍ത്തി പ്രതിഷേധത്തിന്റെ നെടുങ്കോട്ടയാകുന്നു'; ഇഷ്‌കിനെക്കുറിച്ച് എം.എല്‍.എമാര്‍- വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th May 2019, 5:58 pm

 

കോഴിക്കോട്: കേരളീയ സമൂഹം അടിയന്തിരമായി അഭിമുഖീകരിക്കേണ്ട അതീവ പ്രസക്തമായ ഒരു സാമൂഹ്യ പ്രശ്‌നത്തെ ശക്തവും തീക്ഷ്ണവുമായി ആവിഷ്‌കരിച്ചിരിക്കുന്ന സിനിമയാണ് ‘ഇഷ്‌ക്’ എന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഇന്നലെ തിരുവനന്തപുരം അജന്ത തിയേറ്ററില്‍ എം.എല്‍.എമാര്‍ക്കായി ഒരുക്കിയ സിനിമയുടെ പ്രത്യേക പ്രദര്‍ശനം കണ്ടിറങ്ങിയശേഷം ഇട്ട ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഇഷ്‌ക് ഒരു പ്രണയകഥയല്ല’ എന്ന തലക്കെട്ടിലായിരുന്നു സ്പീക്കറുടെ പോസ്റ്റ്. ഇപ്പോഴും അഗ്‌നിശുദ്ധി വരുത്തേണ്ട സീതമാരുടെ കുലം നടുവിരലുയര്‍ത്തി പ്രതിഷേധത്തിന്റെ നെടുങ്കോട്ടയാകുന്ന ചിത്രം അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

നല്ല നിലയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയാണിതെന്നും എന്നാല്‍ നല്ല സിനിമയ്ക്കു സ്വീകരണം വളരെക്കുറവാണെന്നും മന്ത്രി എം.എം മണി സിനിമ കണ്ടിറങ്ങവെ പ്രതികരിച്ചു.

സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരാണ് സിനിമ നല്‍കുന്ന ആശയവും സന്ദേശവുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. സിനിമ കണ്ടില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ഇഷ്‌കിന്റെ സംവിധായകന്‍ അനുരാജ് മനോഹര്‍, നടന്‍ ഷൈന്‍ ടോം ചാക്കോ, നടി ലിയോണ തുടങ്ങിയവര്‍ പ്രദര്‍ശനത്തില്‍ പങ്കെടുത്തു. ഇന്നലെ രാത്രി 8.45-നായിരുന്നു പ്രദര്‍ശനം.

രതീഷ് രവിയാണ് ഇഷ്‌കിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് തിയേറ്ററുകളിലെത്തിച്ചത്.

സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ പോസ്റ്റ്:

* ‘ഇഷ്‌ക്’* ഒരു പ്രണയകഥയല്ല **

കേരളീയ സമൂഹം അടിയന്തിരമായി അഭിമുഖീകരിക്കേണ്ട അതീവ പ്രസക്തമായ ഒരു സാമൂഹ്യ പ്രശ്‌നത്തെ ശക്തവും തീക്ഷ്ണവുമായി ആവിഷ്‌കരിച്ചിരിക്കുന്നു ‘ഇഷ്‌ക്’. സദാചാര ഗുണ്ടായിസവും അത് മനുഷ്യമനസ്സിലേല്‍പ്പിക്കുന്ന ആഘാതവും പ്രേക്ഷക മനസ്സിലേക്ക് സന്നിവേശിപ്പിക്കാന്‍ ‘ഇഷ്‌കി’ന് കഴിഞ്ഞു. ഇതോടൊപ്പം പുരുഷാധിപത്യ മനോഭാവവും സ്ത്രീശുദ്ധി സങ്കല്പവും പ്രണയത്തില്‍പ്പോലും പ്രതിലോമകരമായി പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് തീവ്രമായി പറഞ്ഞുവയ്ക്കുന്നുണ്ട് ഈ കൊച്ചു സിനിമ. ഇപ്പോഴും അഗ്‌നിശുദ്ധി വരുത്തേണ്ട സീതമാരുടെ കുലം നടുവിരലുയര്‍ത്തി പ്രതിഷേധത്തിന്റെ നെടുങ്കോട്ടയാകുന്ന ചിത്രം അഭിമാനകരമാണ്.
സംവിധായകന്‍ അനുരാജ് ഏറ്റവും മനോഹരമായി ഈ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നു. ഒരു നവാഗത സംവിധായകന്റെ യാതൊരു കുറവുമില്ലാത്ത ലക്ഷണമൊത്ത ദൃശ്യാവിഷ്‌കാരം. ‘ഇഷ്‌ക്’ കണ്ടിരിക്കേണ്ട സിനിമയാണ്.