| Sunday, 15th March 2020, 11:39 am

'എം.എല്‍.എമാര്‍ക്കുമേല്‍ അത്ര മാനസിക സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്'; തുറന്ന കുതിരക്കച്ചവടം, ഇവിടെ ജനാധിപത്യമുണ്ടോയെന്ന് അശോക് ഗെഹ്‌ലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിലെ നിയമമനുസരിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍എമാരെ ബി.ജെ.പി സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട്. യാതൊരു ഒളിയും മറയുമില്ലാതെ കുതിരക്കച്ചവടം നടത്തുകയാണെന്നും ഗെഹ്‌ലോട്ട് ആരോപിച്ചു.

മഹാരാഷ്ട്രയിലെ എം.എല്‍.എമാരെ ജയ്പൂരിലേക്ക് മാറ്റേണ്ടിവന്നു. മധ്യപ്രദേശിലെ എം.എല്‍.എമാരുടെ അവസ്ഥയും സമാനമാണ്. ഗുജറാത്തിലെ എം.എല്‍.എമാരെ രാജസ്ഥാനിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

‘മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ബി.ജെ.പി ഉണ്ടാക്കിയ അവസ്ഥയുടെ പ്രതിഫലനമാണ് ഗുജറാത്തിലും കാണുന്നത്. ഗുജറാത്തിലെ എം.എല്‍.എമാരെ ഇവിടെ കൊണ്ടുവന്നിരിക്കുകയാണ്. രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്’ ഗെഹ്‌ലോട്ട് പറഞ്ഞു.

‘രാജ്യത്ത് എവിടെയാണ് ജനാധിപത്യം? ഇവിടെ തുറന്ന കുതിരക്കച്ചവടമാണ് നടക്കുന്നത’, ഗെഹ്‌ലോട്ട് ക്ഷോഭിച്ചു.

‘എന്തുകൊണ്ടാണ് ഗുജറാത്തിലെ എം.എല്‍.എമാര്‍ക്ക് ഇവിടെ വരേണ്ടി വന്നത്? നിങ്ങള്‍ക്കിത് സങ്കല്‍പിക്കാന്‍ കഴിയുന്നുണ്ടോ? അത്രത്തോളം മാനസീക സമ്മര്‍ദ്ദമാണ് അവരുടേമേല്‍
ചെലുത്തുന്നത്. രാജ്യം മുഴുവന്‍ ഇത് കാണുന്നുണ്ട്’, ഗെഹ്‌ലോട്ട് പറഞ്ഞു.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്വാധീനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഗുജറാത്തില്‍ എം.എല്‍.എമാരെ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more