| Wednesday, 24th February 2021, 7:35 pm

'എം.എല്‍.എമാരെ ഭീഷണിപ്പെടുത്തി, എന്റെ കൈയില്‍ തെളിവുകളുണ്ട്'; പുതുച്ചേരിയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി വി.നാരായണസ്വാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: വിശ്വാസ വോട്ടെടുപ്പില്‍ പുതുച്ചേരി സര്‍ക്കാര്‍ പരാജയപ്പെട്ടതിന് കാരണങ്ങള്‍ നിരത്തി മുന്‍ മുഖ്യമന്ത്രി വി. നാരായണസ്വാമി. കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ക്ക് നേരെ പാര്‍ട്ടി വിടണമെന്നാവശ്യപ്പെട്ട് ഭീഷണി സന്ദേശങ്ങള്‍ എത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്‍.ഡി.ടി.വിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കഴിഞ്ഞ നാലുവര്‍ഷമായി എന്റെ കൂടെ പ്രവര്‍ത്തിച്ച എം.എല്‍.എമാരാണ് വിവിധ ആരോപണങ്ങളുന്നയിച്ചത്. അവര്‍ക്കു നേരെ ഭീഷണികളുണ്ടായിരുന്നു. എന്റെ കൈയില്‍ തെളിവുണ്ട്. ഭരണ പ്രതിസന്ധികള്‍ തുടങ്ങുന്നതിന് മുമ്പ്, ഒരു എം.എല്‍.എ എന്നെ വന്നു കണ്ടിരുന്നു. 22 കോടിരൂപ ടാക്‌സ് ആയി അദ്ദേഹത്തിനു മേല്‍ ചുമത്തിയെന്ന് പറഞ്ഞു. ഒന്നുകില്‍ നികുതി അടയ്ക്കണം ഇല്ലെങ്കില്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെയ്ക്കണമെന്ന് ചില ഉന്നത വൃത്തങ്ങള്‍ അദ്ദേഹത്തെ സമ്മര്‍ദ്ദപ്പെടുത്തി’, നാരായണസ്വാമി പറഞ്ഞു.

പുതുച്ചേരിയില്‍ സര്‍ക്കാര്‍ താഴെ വീഴാന്‍ കാരണം ബി.ജെ.പിയുടെ ഗൂഢനീക്കങ്ങളാണെന്നും എന്ത് ലാഭമാണ് മോദിയ്ക്ക് ഇതിലൂടെ ലഭിച്ചതെന്നും നാരായണസ്വാമി ചോദിച്ചു.

അതേസമയം പുതുച്ചേരിയില്‍ അക്കൗണ്ട് തുറക്കാന്‍ ബി.ജെ.പി ആഗ്രഹിക്കേണ്ടെന്നും ജനങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിനോടൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്-ഡി.എം.കെ സഖ്യം തന്നെ പുതുച്ചേരിയില്‍ വീണ്ടും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 22 നായിരുന്നു പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പ് നടന്നത്. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.

പുതുച്ചേരിയില്‍ വിശ്വാസ വോട്ടെടുപ്പിന് മണിക്കൂറുകള്‍ മുമ്പ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി രണ്ട് എം.എല്‍.എമാര്‍ കൂടി രാജിവെച്ചതും ഏറെ ചര്‍ച്ചയായിരുന്നു. ഇതോടെ കോണ്‍ഗ്രസിന്റെ അംഗബലം 12 ആയി ചുരുങ്ങുകയായിരുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ ലക്ഷ്മി നാരായണനും കോണ്‍ഗ്രസ് സഖ്യമായ ഡി.എം.കെയില്‍ നിന്നുള്ള എം.എല്‍.എ വെങ്കിടേഷനുമാണ് രാജി വെച്ചത്.

മുതിര്‍ന്ന നേതാവായിരുന്നിട്ടും തനിക്ക് മന്ത്രിസ്ഥാനം നല്‍കാത്തതാണ് രാജിയ്ക്ക് കാരണമെന്ന് ലക്ഷ്മി നാരായണന്‍ എന്‍.ഡി.ടി.വിയോട് പ്രതികരിച്ചിരുന്നു. ആകെ 27 അംഗങ്ങളാണ് പുതുച്ചേരി നിയമസഭയിലുണ്ടായിരുന്നത്.


Content Highlights: V Narayanaswami Talks About Losing Majority In Puducherry

We use cookies to give you the best possible experience. Learn more