national news
ജെ.ഡി.യുവിൽ നിന്ന് ബി.ജെ.പിയിൽ ചേർന്ന് എം.എൽ.എമാർ; അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Oct 25, 09:21 am
Tuesday, 25th October 2022, 2:51 pm

ഇംഫാൽ: ബി.ജെ.പിയിൽ ചേർന്ന അഞ്ച് ജെ.ഡി.യു എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മണിപ്പൂർ കോൺഗ്രസ്. ഇത് സംബന്ധിച്ച് നിയമസഭ സ്പീക്കറുടെ ട്രിബ്യൂണലിൽ ഹരജി സമർപ്പിച്ചതായും നേതൃത്വം വ്യക്തമാക്കി.

മണിപ്പൂർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഹരേശ്വർ ഗോസ്വാമിയാണ് എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഹരജി നൽകിയത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരവും കൂറുമാറ്റ നിരോധന നിയമപ്രകാരവും അഞ്ച് എം.എൽ.എമാരെ അയോഗ്യരാക്കണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദ, മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് അഞ്ച് ജെ.ഡി.യു എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത്.

നിതീഷ് കുമാർ ബിഹാറിൽ ബി.ജെ.പിയിൽ നിന്ന് ആർ.ജെ.ഡിയുമായി ചേർന്നതിന് പിന്നാലെയായിരുന്നു എം.എൽ.എമാർ പാർട്ടി വിട്ടത്. ആറ് എം.എൽ.എമാരായിരുന്നു ജെ.ഡി.യുവിനുണ്ടായിരുന്നത്.

ഇതിൽ അഞ്ച് പേരും ബി.ജെ.പിയിലേക്ക് മാറിയതിനാൽ ജെ.ഡി.യു അയോഗ്യതാ ഹരജി നൽകിയിരുന്നില്ല.

സെപ്റ്റംബർ മൂന്നിനാണ് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത്. കെ.എച്ച്. ജോയ്കിഷൻ, എൻ. സനേത്, എം.ഡി അച്ചാബ് ഉദ്ദീൻ, എൽ.എം. ഖൗട്ടെ, തങ്ജം അരുൺകുമാർ എന്നിവരാണ് ബി.ജെ.പിയിലേക്ക് പോയത്.

Content Highlight: MLAs join BJP from JDU; Congress demands disqualification