തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പുറത്താക്കിയിരുന്ന നടന്‍ ദിലീപിനെ എ.എം.എം.എയില്‍ തിരിച്ചെടുത്ത വിഷയത്തില്‍ ഇടതുപക്ഷ ജനപ്രതിനിധികള്‍ ഉറച്ച നിലപാട് എടുക്കേണ്ടതായിരുന്നെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍. നിലപാടുകള്‍ വ്യക്തമാക്കിയ നടിമാരുടെ നടപടി ശ്ലാഘനീയമെന്നും ജോസഫൈന്‍ പ്രതികരിച്ചു.
സംഘടന എടുത്തത് തെറ്റായ തീരുമാനമാണെന്നും, രാജിവച്ച നടിമാര്‍ ധൈര്യമായി മുന്നോട്ടു നീങ്ങണമെന്നും ജോസഫൈന്‍ അഭിപ്രായപ്പെട്ടു. ” നടിക്കെതിരെ അതിക്രമമുണ്ടായപ്പോള്‍ത്തന്നെ ഈ നടിമാര്‍ ശക്തമായി പ്രതികരിച്ചു നിലപാടെടുത്തിരുന്നു. പിന്നീട് സന്ദര്‍ഭം വന്നപ്പോഴും തങ്ങളുടെ ഉറച്ച നിലപാട് തുറന്നു പറയുകയും ചെയ്തു. തങ്ങളുടെ തീരുമാനത്തെ സമൂഹം പിന്തുണയ്ക്കുന്നുണ്ടോ എന്നല്ല അവര്‍ ശ്രദ്ധിച്ചത്.” വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നുണ്ട്. എന്നാല്‍, സംഘടനയില്‍ അംഗങ്ങളായിട്ടുള്ള എം.എല്‍.എമാര്‍ എന്തുകൊണ്ട് മിണ്ടിയില്ലെന്ന് പരിശോധിക്കണം. ഇടതുപക്ഷ ജനപ്രതിനിധികള്‍ കാര്യങ്ങള്‍ തുറന്നു പറയേണ്ടതായിരുന്നുവെന്നും ജോസഫൈന്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ കമ്മീഷന്റെ നിലപാട് തുറന്നു പ്രഖ്യാപിച്ചുകൊണ്ട് ഇടപെടുമെന്നും അധ്യക്ഷ കൂട്ടിച്ചേര്‍ക്കുന്നു. കേരള സമൂഹത്തെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കമ്മീഷന്‍ കൂടെയുണ്ടെന്നും ജോസഫൈന്‍ അറിയിച്ചു.