പാട്ന: ബീഹാറിൽ നാളെ നിതീഷ് കുമാർ ഭൂരിപക്ഷം തെളിയിക്കണമെന്നിരിക്കെ ജെ.ഡി.യുവിലെ എം.എൽ.എമാരെ കാണ്മാനില്ലെന്ന് റിപ്പോർട്ടുകൾ.
ബീഹാർ മന്ത്രി ശ്രാവൺ കുമാർ ഫെബ്രുവരി 10ന് സംഘടിപ്പിച്ച ഉച്ചവിരുന്നിൽ ആറ് എം.എൽ.എമാരും പങ്കെടുത്തിരുന്നില്ല. എം.എൽ.എമാർ വരാത്തതിനെ തുടർന്ന് നിതീഷ് കുമാർ പരിപാടിയിൽ നിന്ന് നേരത്തെ ഇറങ്ങിയതായി ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തു.
എൽ.എൽ.എമാർ തിരക്കിലാണെന്നാണ് ശ്രാവൺ കുമാർ പറയുന്നത്. നിയമസഭയിൽ വോട്ടെടുപ്പ് നടക്കുമ്പോൾ ജെ.ഡി.യു എം.എൽ.എമാർ വോട്ട് മറിക്കുമോ എന്ന് നിതീഷ് കുമാർ ഭയക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരാഴ്ച്ചയായി 12ഓളം എം.എൽ.എമാരിൽ നിന്ന് യാതൊരു വിവരവുമില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം എൻ.ഡി.എ സഖ്യകക്ഷിയായ ഹിന്ദുസ്ഥാനി അവം മോർച്ചയുടെ (എച്ച്.എ.എം) പിന്തുണയുടെ കാര്യത്തിലും അവ്യക്തതകൾ നിലനിൽക്കുന്നതായി ദേശീയ മാധ്യമങ്ങളിൽ റിപ്പോർട്ടുകളുണ്ട്.
വോട്ടെടുപ്പിൽ എൻ.ഡി.എയെ പിന്തുണക്കുമെന്ന് തുടർച്ചയായി പാർട്ടി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ബീഹാർ മന്ത്രിസഭയിൽ നാല് എം.എൽ.എമാരുള്ള എച്ച്.എ.എമ്മിന് മന്ത്രിസഭയിൽ ഒരു സീറ്റ് കൂടെ വേണമെന്നും എസ്.സി/എസ്.ടി വകുപ്പിന് പകരം ശക്തമായ വകുപ്പ് വേണമെന്നും പാർട്ടി സ്ഥാപകനും മുൻമുഖ്യമന്ത്രിയും ആയ ജിതൻ രാം മാഞ്ചി ആവശ്യപ്പെടുന്നുണ്ട്.
അതേസമയം സി.പി.ഐ (എം.എൽ) എം.എൽ.എ മഹ്ബൂബ് അലം കഴിഞ്ഞ ദിവസം മാഞ്ചിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.
നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് 128 എം.എൽ.എമാരാണുള്ളത്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ വേണം. ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവ ഉൾപ്പെടുന്ന മഹാഗത്ബന്ധൻ സഖ്യത്തിന് 114 എം.എൽ.എമാരാണുള്ളത്.
ഫെബ്രുവരി 11ന് വൈകീട്ട് ജെ.ഡി.യു നിയമസഭാ പാർട്ടി യോഗം വിളിച്ചിട്ടുണ്ട്. മുതിർന്ന പാർട്ടി നേതാവും ബീഹാർ മന്ത്രിയുമായ വിജയ് കുമാർ ചൗധരിയുടെ വസതിയിൽ എം.എൽ.എമാർ ഒരുമിച്ചുകൂടുവാനും പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് ഉദ്ദേശ്യം.
കോൺഗ്രസ് തങ്ങളുടെ എം.എൽ.എമാരെ മുഴുവൻ ഹൈദരാബാദിലേക്ക് മാറ്റിയിരിക്കുകയാണ്. ബി.ജെ.പി എം.എൽ.എമാരെ പരിശീലന പരിപാടിക്കായി ബോധ് ഗയയിലേക്കും മാറ്റിയിരിക്കുകയാണ്.
മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയിലേക്കാണ് ആർ.ജെ.ഡി എം.എൽ.എമാരെ വിളിപ്പിച്ചിരിക്കുന്നത്.
ജനുവരി 28ന് മഹാഗത്ബന്ധൻ മുന്നണിയുടെ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ സംസ്ഥാനത്തെ രാഷ്ട്രീയ കളികൾ മാറിമറിഞ്ഞേക്കുമെന്ന് തുടർച്ചയായി തേജസ്വി യാദവ് അവകാശപ്പെട്ടിരുന്നു.
നിലവിൽ ഒമ്പത് മന്ത്രിമാർ മാത്രമാണ് നിതീഷിന്റെ മന്ത്രിസഭയിലുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടക്കാത്തതിനാൽ അംഗീകരിക്കപ്പെട്ട 37 അംഗങ്ങളിലേക്ക് മന്ത്രിസഭ വികസിപ്പിക്കാൻ നിതീഷ് കുമാറിന് സാധിച്ചിട്ടില്ല.
CONTENT HIGHLIGHT: MLAs Absent from Bihar Unity Lunch Amid Floor Test Preparations