പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കില്ല; മലപ്പുറത്തെ ബി.ജെ.പിയില്‍ നിന്നും പ്രവര്‍ത്തകരുടെ കൂട്ടരാജി
Kerala News
പൗരത്വ ഭേദഗതി നിയമത്തെ അംഗീകരിക്കില്ല; മലപ്പുറത്തെ ബി.ജെ.പിയില്‍ നിന്നും പ്രവര്‍ത്തകരുടെ കൂട്ടരാജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th February 2020, 12:15 am

കൊണ്ടോട്ടി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ ദേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി. രാജിക്ക് പുറമെ ബി.ജെ.പി പ്രവര്‍ത്തകര്‍ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ പുല്ലശേരി കളത്തിങ്കല്‍ പ്രദേശത്താണ് 200 ഓളം പ്രവര്‍ത്തകര്‍ കുടുംബസമേതം ബി.ജെ.പി വിട്ടത്.

മലപ്പുറത്തെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തിനെ നേരില്‍ കണ്ടാണ് പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കിയത്. പുല്ലഞ്ചേരി കളത്തിങ്കല്‍ പ്രദേശത്ത് ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ.ബാലസുബ്രമണ്യന്‍, കെ.വിഷ്ണുരാജ്, എം.ജയേഷ്, രാജന്‍ കളത്തിങ്കല്‍ ദളിത് കോളനികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കൊട്ടപ്പുറത്തുള്ള നേതാവ് എന്നിവരുടെ നേതൃത്വത്തിലാണ് രാജിവെക്കുന്നതായി രേഖാമൂലം ജില്ലാ പ്രസിഡന്റിനെ അറിയിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. രാജിക്കത്ത് ലഭിച്ചതായി ജില്ലാ പ്രസിഡന്റ് രവി തേലത്ത് അറിയിച്ചു.

പൗരത്വ നിയമ ഭേദഗതിയോടുള്ള വിയോജിപ്പ് നേരത്തെ തന്നെ കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. കൊണ്ടോട്ടിയില്‍ നടന്ന ദളിത് കോഡിനേഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിയിലും ഇവര്‍ പങ്കെടുത്തിരുന്നു.

ഇതോടെ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും ഇവര്‍ വഴങ്ങിയില്ല.

പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതോടെ ഭാവി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ 15 ന് രാജിവെച്ചവരുടെ പ്രത്യേകയോഗവും ചേരുന്നുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിക്കെതിരായ പ്രതിഷേധവും പൗരത്വ നിയമത്തിനെതിരെയുള്ള മലപ്പുറത്തിന്റെ പ്രതിഷേധവും കണ്ടപ്പോള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമായതിനാലായിരിക്കാം രാജി എന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ വാദം. കുഴിമണ്ണയിലെ കിഴിശ്ശേരിയില്‍ ബി.ജെ.പിയുടെ പൗരത്വ നിയമത്തെക്കുറിച്ചുള്ള രാഷ്ട്രീയ വിശദീകരണം യോഗം നടക്കാനിരിക്കെയാണ് ബി.ജെ.പി പ്രവര്‍ത്തകരുടെ കൂട്ടരാജി.