മുംബൈ: മഹാരാഷ്ട്ര നിയമസഭയ്ക്കു പുറത്ത് എം.എല്‍.എമാര്‍ തമ്മിലുള്ള വാക്കേറ്റത്തിന്റെ വീഡിയോ പുറത്ത്. ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ എം.എല്‍.എ വാരിസ് പത്താനും ബി.ജെ.പി എം.എല്‍.എ രാജ് പുരോഹിതുമായുള്ള വാക്കേറ്റത്തിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
വാരിസ് പത്താനോട് വന്ദേമാതരം എന്ന് മുദ്രാവാക്യം വിളിക്കാന്‍ രാജ് പുരോഹിത് ആവശ്യപ്പെടുന്നതും അതിന് തയ്യാറല്ലെങ്കില്‍ പാകിസ്ഥാനിലേക്ക് പോകൂയെന്ന് പറയുന്നതുമാണ് വീഡിയോയില്‍ ഉള്ളത്.
വന്ദേമാതരം ചൊല്ലാന്‍ പറയുമ്പോള്‍ വാരിസ് പത്താന്‍ “ജയ് ഹിന്ദ്”, “ഹിന്ദുസ്ഥാന്‍ സിന്ദാബാദ്” എന്നീ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതികരിക്കുന്നു.
ഇതോടെ രോഷം പൂണ്ട ബി.ജെ.പി എം.എല്‍.എ “വന്ദേമാതാരം” എന്ന് ഉറക്കെയുറക്കെ വിളിയ്ക്കുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് വാരിസ് പത്താന്‍ “ജയ് ഹിന്ദ്” എന്നും. ഒടുക്കം ബി.ജെ.പി എം.എല്‍.എ “വന്ദേമാതരം എന്നു വിളിക്കാനാവില്ലെങ്കില്‍ പാകിസ്ഥാനിലേക്കു പോകൂ” എന്നു പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.
സ്‌കൂളുകളിലും കോളജുകളിലും വന്ദേമാതരം നിര്‍ബന്ധമാക്കിയുള്ള മദ്രാസ് ഹൈക്കോടതി വിധി വന്നതിനു പിന്നാലെയായിരുന്നു എം.എല്‍.എമാരുടെ ഈവാക്കേറ്റം.
മഹാരാഷ്ട്രയിലെ എല്ലാ സ്‌കൂളുകളിലും ഈ ഉത്തരവ് കൊണ്ടുവരണമെന്ന് രാജ് പുരോഹിത് വിധി വന്നതിനു പിന്നാലെ ആവശ്യപ്പെട്ടിരുന്നു.
#WATCH Verbal spat outside Maharashtra assembly between AIMIM MLA Waris Pathan and BJP MLA Raj Purohit over #VandeMataram pic.twitter.com/bGV34AXIMl
— ANI (@ANI_news) July 28, 2017