കായംകുളം: തന്റെ മകന്‍ കഞ്ചാവുമായി പിടിയില്ലെന്ന വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രതികരിച്ച് എം.എല്‍.എ യു. പ്രതിഭ.
മനുഷ്യന്റെ മാംസം തിന്നാണെങ്കിലും ജീവിക്കാമെന്ന് കരുതുന്ന ഏതാനും മാധ്യമങ്ങളുണ്ടെന്നും തന്റെ മകനെതിരായ വാര്‍ത്ത തെറ്റാണെന്നും യു. പ്രതിഭ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു എം.എല്‍.എയുടെ പ്രതികരണം.
തെറ്റായ അറിയിപ്പിനെ തുടര്‍ന്ന് മകനും സുഹൃത്തുക്കളും കൂട്ടമായി ഇരിക്കുന്നിടത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെത്തി ചോദ്യങ്ങള്‍ ചോദിക്കുക മാത്രമാണ് ഉണ്ടായതെന്ന് എം.എല്‍.എ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത വരുന്നത് യു. പ്രതിഭയുടെ മകന്‍ കഞ്ചാവുമായി പിടിയിലെന്നാണെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
ഒരു പൊതുപ്രവര്‍ത്തക, എം.എല്‍.എ എന്ന നിലയിലെല്ലാം തന്റെ മകനെതിരായ വാര്‍ത്തയ്ക്ക് പ്രചാരം കൂടുതല്‍ ലഭിച്ചേക്കാം. 30 ഗ്രാം കഞ്ചാവുമായി തന്റെ മകന്‍ പിടിയിലായെങ്കില്‍ താന്‍ മാപ്പ് പറയുമെന്നും അല്ലാത്തപക്ഷം ഏഷ്യാനെറ്റ് ന്യൂസും 24 ന്യൂസും നിരുപാധികം മാപ്പ് പറയണമെന്നും യു. പ്രതിഭ പറഞ്ഞു.
നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും മാധ്യമങ്ങള്‍ പരസ്യമായി മാപ്പ് പറഞ്ഞ് വാര്‍ത്ത പിന്‍വലിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഒരു കുഞ്ഞും വഴിതെറ്റി പോകരുതെന്ന് ആഗ്രഹിക്കുന്ന അമ്മയാണ് താന്‍. അത്തരം വഴികള്‍ തേടി പോകാത്തിരിക്കേണ്ടത് അവരുടെ ചുമതലയാണെന്നും എം.എല്‍.എ പറഞ്ഞു.
മാധ്യമങ്ങള്‍ക്ക് തന്നോട് വിദ്വേഷമുണ്ടെന്നും തെരഞ്ഞെടുപ്പില്‍ തന്റെ എതിര്‍ സ്ഥാനാര്‍ത്ഥി പോലും മാധ്യമങ്ങളായിരുന്നുവെന്നും എം.എല്‍.എ പറഞ്ഞു.
മീഡിയ വണ്‍ ഉള്‍പ്പെടെ വാര്‍ത്ത നല്‍കിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ റിപ്പോര്‍ട്ടര്‍ ടി.വിയിലെ റിപ്പോര്‍ട്ടര്‍ വിളിച്ച് സംസാരിക്കുകയും വസ്തുത തിരക്കിയെന്നും എം.എല്‍.എ പറഞ്ഞു.
90 ഗ്രാം കഞ്ചാവുമായി എം.എല്‍.എയുടെ മകന്‍ കനിവ് (21) കുട്ടനാട് എക്‌സൈസ് സ്‌ക്വാഡിന്റെ പിടിയിലായെന്നായിരുന്നു വാര്‍ത്ത. കനിവും സുഹൃത്തുക്കളും മദ്യപിക്കുമ്പോഴാണ് എക്‌സൈസ് പരിശോധന നടത്തിയതെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. ഉദ്യോഗസ്ഥര്‍ കനിവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു.
Content Highlight: MLA U. Prathibha against the news that his son Kaniv arrested with ganja