| Sunday, 19th August 2012, 11:14 am

നെല്ലിയാമ്പതി വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് എം.എല്‍.എ സംഘത്തിന്റെ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നെല്ലിയാമ്പതി സന്ദര്‍ശിച്ച എം.എല്‍.എമാരുടെ സംഘം യു.ഡി.എഫ് ഉപസമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വനഭൂമി പ്രശ്‌നം പരിശോധിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച വി.ഡി. സതീശന്റെയും ടി.എന്‍. പ്രതാപന്റെയും നേതൃത്വത്തിലുള്ള എം.എല്‍.എമാരുടെ സംഘമാണ് റിപ്പോര്‍ട്ട് നല്‍കിയത്. നെല്ലിയാമ്പതി ഉപസമിതി അധ്യക്ഷന്‍ എ.എന്‍ രാജന്‍ ബാബുവിനാണ് റിപ്പോര്‍ട്ട് കൈമാറിയത്. []

എം.എം. ഹസന്റെ രാജിവെച്ചതിനെ തുടര്‍ന്നാണ് രാജന്‍ ബാബു ഉപസമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്.

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ വനഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. പാട്ടക്കരാര്‍ ലംഘനം നെല്ലിയാമ്പതിയില്‍ നടന്നിട്ടുണ്ട്. ഭൂമി കയ്യേറ്റം നടത്തിയിരിക്കുന്നത് ചെറുകിട കര്‍ഷകരല്ല, മറിച്ച് ഭൂമാഫിയയാണ്. നെല്ലിയാമ്പതി രാഷ്ട്രീയ പ്രശ്‌നമല്ലെന്നും നിയമപ്രശ്‌നമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള നടപടികളില്‍ സംഘം അതൃപ്തി രേഖപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പാട്ടഭൂമി പണയപ്പെടുത്തി ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ് പണം കടമെടുത്തിരിക്കുന്നത്. അതുകൊണ്ട് സി.ബി.ഐ തന്നെ ഈ കേസ് അന്വേഷിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെടുന്നു. എം.എല്‍.എമാരുടെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിശോധിക്കുമെന്ന് രാജന്‍ ബാബു അറിയിച്ചു.

യു.ഡി.എഫ് ഉപസമിതി നെല്ലിയാമ്പതി സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു സതീശന്റെയും പ്രതാപന്റെയും നേതൃത്വത്തില്‍ ആറ് യുവ എം.എല്‍.എമാര്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ഇവരുടെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ചായിരുന്നു എം.എം. ഹസന്‍ ഉപസമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചത്.

ഉപസമിതിയുടെ ഭാഗമായി നെല്ലിയാമ്പതി സന്ദര്‍ശിച്ച ശേഷം പി.സി. ജോര്‍ജ് ടി.എന്‍. പ്രതാപനെതിരെ നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. ഇതേതുടര്‍ന്ന് യുവ എം.എല്‍.എമാര്‍ പി.സി  ജോര്‍ജിനെ പരസ്യമായി വിമര്‍ശിച്ച് രംഗത്തുവരികയും ചെയ്തിരുന്നു.

പിന്നീട് നടന്ന യു.ഡി.എഫ് ഉപസമിതിയില്‍ എം.എല്‍.എമാരുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷം വിജയത്തില്‍ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു. ഈ പശ്ചാത്തലത്തിലാണ് എം.എല്‍.എമാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more