കോഴിക്കോട്: മമ്മൂട്ടിയുടെ ബിഗ് ബഡജറ്റ് ചിത്രം മാമാങ്കത്തില്‍ ഒരിടത്തുപോലും സജീവ് പിള്ളയ്ക്ക് ക്രഡിറ്റ് നല്‍കാത്തതിനെതിരെ അരുവിക്കര എം.എല്‍.എ ശബരിനാഥ്. മാമാങ്കത്തിന്റെ ആദ്യ പോസ്റ്റര്‍ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് അതില്‍ ഒരിടത്തുപോലും സജീവ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ പേര് കാണാത്തതാണെന്ന് ശബരിനാഥ് പറഞ്ഞു.
ഒരുപാട് ആളുകളുടെ കൂട്ടായ്മയുടെ ഫലമാണ് ഒരു സിനിമ, പ്രത്യേകിച്ച് ചരിത്രത്തില്‍ ആസ്പദമാക്കിയ മാമാങ്കം പോലെയുള്ള ഒരു സിനിമയില്‍ തിരക്കഥയുടെ പ്രസക്തി ഊഹിക്കാമല്ലോ. എന്തായാലും മാമാങ്കം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകള്‍ കയറുമ്പോള്‍ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നെന്നും ശബരിനാഥ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
മാമാങ്കത്തിന്റെ ആദ്യ പോസ്റ്റര്‍ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ഞാന്‍ ആദ്യം ശ്രദ്ധിച്ചത് അതില്‍ ഒരിടത്തുപോലും സജീവ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ പേര് കാണാത്തതാണ്.
സജീവ് പിള്ള വിതുരക്കാരനാണ്, മലയോര മേഖലയിലെ തലമുതിര്‍ന്ന നേതാവായ നമ്മുടെ അയ്യപ്പന്‍പിളള സഖാവിന്റെ മകനുമാണ്. സജീവേട്ടന്റെ നീണ്ട കാലത്തെ ഉപാസനയുടെ, റിസേര്‍ച്ചിന്റെ ഫലമായ മാമാങ്കത്തിന്റെ തിരക്കഥ ഒരു ബിഗ് ബജറ്റ് സിനിമയാകുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ച ആളാണ് ഞാന്‍.എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചു, ഇതിന്റെ പേരില്‍ ശ്രീ സജിവ് പിള്ളയെ സിനിമയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പിന്നെ അറിയാന്‍ കഴിഞ്ഞത്.
സജീവേട്ടനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മുഖ്യധാരാ സിനിമാക്കാരനല്ലാത്ത താന്‍ ഈ പ്രൊജക്ട് നടക്കുവാനുള്ള താല്‍പര്യത്തില്‍ പ്രൊഡ്യൂസറുമായി ഒപ്പിട്ട എഗ്രിമെന്റ് ഇപ്പോള്‍ പ്രതികൂലമായി നില്‍ക്കുന്നു എന്നാണ്.
ഒരുപാട് ആളുകളുടെ കൂട്ടായ്മയുടെ ഫലമാണ് ഒരു സിനിമ, പ്രത്യേകിച്ച് ചരിത്രത്തില്‍ ആസ്പദമാക്കിയ മാമാങ്കം പോലെയുള്ള ഒരു സിനിമയില്‍ തിരക്കഥയുടെ പ്രസക്തി ഊഹിക്കാമല്ലോ. എന്തായാലും മാമാങ്കം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകള്‍ കയറുമ്പോള്‍ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് തുറന്നുപറച്ചിലുമായി തിരക്കഥാകൃത്തായ സജീവ് പിള്ള രംഗത്തെത്തിയത്. എല്ലാവരാലും ഇത്രയേറെ പ്രകീര്‍ത്തിക്കപ്പെട്ട സ്‌ക്രിപ്റ്റ് വികലമാക്കാന്‍ കഴിയില്ല എന്ന തന്റെ നിലപാടായിരുന്നു പ്രശ്നത്തിന് തുടക്കമെന്നും ഒരു മസാല തട്ടിക്കൂട്ടിന് താന്‍ തയാറല്ലായിരുന്നെന്നും സജീവ് പിള്ള പറഞ്ഞിരുന്നു.
മാപ്പര്‍ഹിക്കാത്ത ഒരു മണ്ടത്തരം ഞാന്‍ ചെയ്തു. അമിതമായ ആവേശത്തില്‍, തന്ത്രങ്ങള്‍ മനസ്സിലാക്കാതെ മധുരമായ പാഴ്വാക്കുകളെ വിശ്വസിച്ച്, ഒരു കരാര്‍ ഒപ്പിട്ടു. ഇപ്പോള്‍, ജീവിതത്തിന്റെ ഒരു വലിയ പങ്ക് കൈവിട്ട് പോവുകയാണ്.
എന്റെ സംശയങ്ങള്‍ ഇപ്പോള്‍ ശരിയായിരിക്കുന്നു. സൂത്രത്തില്‍ അതിനെ മറികടന്നിരിക്കുകയാണ്. കഥാകൃത്തിന്റെയോ തിരക്കഥാകൃത്തിന്റെയോ പേര് അവരുടെ ഔദ്യോഗികമായി ഇറക്കിയിരിക്കുന്ന ‘ഫസ്റ്റ് ലുക്ക്’ പോസ്റ്ററില്‍ ഇല്ല. ഒരു പുതിയ പേരാണ് ടൈറ്റിലും ക്രെഡിറ്റും.
ഒരു ഒപ്പിട്ട് പോയി എന്നത് കൊണ്ട്, നിയമപരമായി മുന്നോട്ട് നീങ്ങുന്നതില്‍ ചില പരിമിതികള്‍ ഉണ്ടാകാം. എന്തായാലും കോടതി തീരുമാനിക്കേണ്ടതാണ് ചിലതൊക്കെ. കോടതിയുടെ പരിഗണനയിലുമാണ്.-സജീവ് പിള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തന്റെ തിരക്കഥയുള്‍പ്പെടെ തിരുത്താനുള്ള ശ്രമങ്ങള്‍ നടന്നുവെന്നും ഇതിന് പിറകെയാണ് അഭിപ്രായ ഭിന്നതകള്‍ രൂപം കൊണ്ടതെന്നും സജീവ് പിള്ള നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.