വരുന്ന തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പൈസ തിരിച്ചുകിട്ടാത്ത ഒട്ടനവധി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിക്കുണ്ടാകുമെന്നും അന്‍വര്‍
നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തുന്ന സംഘത്തിലെ ഡി.ജി.പി കുഴപ്പമില്ലെന്നും എന്നാല്‍ താഴെത്തട്ടില്‍ അന്വേഷണം നടക്കുന്നില്ലെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ഒരു എം.എൽ.എ നിലയിൽ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ സംസ്ഥാനത്തെ മികച്ച സംവിധാനങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
നാലഞ്ച് മാസമായി നടത്തിയ അന്വേഷത്തിനൊടുവില്‍ തനിക്ക് കിട്ടിയ തെളിവുകള്‍ സത്യമാണെന്ന് മനസിലാക്കിയതുകൊണ്ടാണ് അത് പൊതുസമൂഹത്തില്‍ പറഞ്ഞതെന്നും പി.വി. അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. എ.ഡി.ജി.പി അജിത് കുമാര്‍ എഴുതിക്കൊടുത്ത ഒരു ഉത്തരവാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വായിച്ചതെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ സിറ്റിങ് ജഡ്ജിയെ കൊണ്ട് അന്വേഷണം നടത്തിക്കണമെന്ന് മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ച താന്‍ ഹൈക്കോടതിയെ സമീപിക്കും. എത്രയോ നിരപരാധികളാണ് ജയിലില്‍ കിടക്കുന്നത്.
അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ കൊള്ളയുടെ തെളിവുകള്‍ മാധ്യമങ്ങളടക്കം പുറത്തുവിട്ടതാണ്. ഇതൊന്നും മുഖ്യമന്ത്രിക്ക് എന്തുകൊണ്ട് മനസിലാകുന്നില്ലെന്നും പി.വി. അന്‍വര്‍ ചോദിച്ചു.
ജുഡീഷ്യറിയില്‍ മാത്രമാണ് ഇനി പ്രതീക്ഷ. ഇക്കാര്യങ്ങളെല്ലാം കേട്ടുകൊണ്ടിരിക്കുന്ന ജഡ്ജിമാര്‍ക്ക് വിഷയങ്ങളുടെ പൊരുള്‍ മനസിലാക്കാനുള്ള വിവേകമുണ്ടെന്നാണ് കരുതുന്നത്. നിയമനടപടികള്‍ക്കായി കോടതിയെ സമീപിക്കുമ്പോള്‍ ഒരു നിര്‍ദേശം കൂടി താന്‍ മുന്നോട്ടുവെക്കും.
പുതിയ അന്വേഷണ സംഘത്തെ കോടതി തന്നെ നിയോഗിക്കണം. സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ഹൈക്കോടതി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും അന്‍വര്‍ പറഞ്ഞു.
താന്‍ എല്‍.ഡി.എഫ് വിട്ടെന്ന് മനസുകൊണ്ട് പറഞ്ഞിട്ടില്ലെന്നും വാക്കുകൊണ്ട് പറഞ്ഞുപോയിട്ടുണ്ടോയെന്ന് അറിയില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. എല്‍.ഡിഎഫ് പാര്‍ലമെന്ററി മീറ്റിങ്ങില്‍ പങ്കെടുക്കില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇനി പാര്‍ട്ടി മാറിനില്‍ക്കാന്‍ പറഞ്ഞാല്‍ മാറി നില്‍ക്കുമെന്നും അന്‍വര്‍ പറയുകയുണ്ടായി. താന്‍ ഇപ്പോഴും എല്‍.ഡി.എഫിനൊപ്പമെന്നും പി.വി. അന്‍വര്‍ പറഞ്ഞു.
ഇതേ രീതിയിലാണ് എല്‍.ഡി.എഫ് മുന്നോട്ടുപോകുന്നതെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പൈസ തിരിച്ചുകിട്ടാത്ത ഒട്ടനവധി സ്ഥാനാര്‍ത്ഥികള്‍ പാര്‍ട്ടിക്കുണ്ടാകുമെന്നും അന്‍വര്‍ മുന്നറിയിപ്പ് നല്‍കി.
Content Highlight: MLA P.V. Anwar replied to Chief Minister Pinarayi Vijayan