|

ലൈംഗികാതിക്രമ കേസിൽ എം.എൽ.എ മുകേഷ് അറസ്റ്റിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് അറസ്റ്റ്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മുകേഷിനെ വിട്ടയക്കും. വൈദ്യപരിശോധനയ്ക്ക് ശേഷമായിരിക്കും മുകേഷിനെ വിട്ടയക്കുക.  ഹൈക്കോടതിയുടെ മുൻ‌കൂർ ജാമ്യമുള്ള പശ്ചാത്തലത്തിലാണ് നടപടി.

ഇന്ന് രാവിലെ 10:15 മുതലാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചി തീരദേശ പൊലീസ് ഓഫീസില്‍ എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

മുകേഷിനെതിരായ തെളിവുകള്‍ ശക്തമായതിനാല്‍ അറസ്റ്റ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് മുകേഷിനെതിരായ കേസ്. മരട് പൊലീസാണ് നടിയുടെ പരാതിയില്‍ കേസെടുത്തിരുന്നത്. ഐ.പി.സി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തത്.

മുകേഷ് ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയായിരുന്നു നടി ആരോപണം ഉന്നയിച്ചത്.

Content Highlight: MLA Mukesh arrested