| Monday, 24th January 2022, 6:48 pm

മൗദൂദിസ്റ്റ് ചാനലിന്റെയും കോണ്‍ഗ്രസ്-ലീഗ്- ജമാഅത്തെ ഇസ്‌ലാമി സൈബര്‍ വിംഗിന്റെയും ഓച്ചിറന്‍ പീറഗാഥ; പ്രതികരണവുമായി കെ.ടി. ജലീല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഓച്ചിറ: മുസ്‌ലിമായതിന്റെ പേരില്‍ പൊലീസ് അനാവശ്യമായി തടഞ്ഞുവെച്ചു എന്ന വിവാദത്തില്‍ പ്രതികരണവുമായി കെ.ടി. ജലീല്‍ എം.എല്‍.എ. ഒരു ഓച്ചിറന്‍ പീറഗാഥ എന്ന പേരില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലാണ് വിഷയത്തിലെ തന്റെ പ്രതികരണമറിയിക്കുന്നത്.

കേരളം ഇന്ത്യയിലെ എല്ലാ മേഖലയിലും വേറിട്ടു നില്‍ക്കുന്ന ഒരു തുരുത്താണെന്നും ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. എന്നാല്‍ കേരളത്തിന്റെ മതസൗഹാര്‍ദത്തെ തകര്‍ക്കാനായി ചില നിഗൂഢശക്തികള്‍ സംഘടിതമായ ശ്രമം നടത്തുന്നുണ്ടെന്നും ജലീല്‍ കൂട്ടിച്ചേര്‍ക്കുന്നു.

‘പിണറായി സര്‍ക്കാരിന് രണ്ടാമൂഴം കിട്ടിയത് യു.ഡി.എഫിനെയും മതരാഷ്ട്ര വാദികളെയും കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. പരമ്പരാഗതമായി കണ്ണും ചിമ്മി തങ്ങളെ പിന്തുണച്ചിരുന്ന സമുദായങ്ങള്‍ ഐക്യമുന്നണിയെ കൈവിട്ട് മറുകൂട് തേടിപ്പോയതില്‍ കോണ്‍ഗ്രസിനും ലീഗിനുമുള്ള അരിശം ചെറുതല്ല. ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷവും ഒരുമിച്ച് നിന്നതിന്റെ ഫലമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ രാജോജിതമായ രണ്ടാം വരവ്.

അതില്‍ കലിപൂണ്ട ചില ക്ഷുദ്രശക്തികളാണ് ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ അകറ്റാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയക്ക് പുറമെ ഓരോ സമുദായത്തെയും വൈകാരികമായി ഉണര്‍ത്തി വിവിധ ചേരികളില്‍ അണിനിരത്താന്‍ പത്ര-മാധ്യമ-ചാനലുകളെയും ഈ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്,’ ജലീല്‍ പോസ്റ്റില്‍ പറയുന്നു.

ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഓച്ചിറയില്‍ കണ്ടതെന്നും അദ്ദേഹം പറയുന്നു. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിനത്തില്‍ ദീര്‍ഘദൂരയാത്ര ചെയ്യുകയും, ഓച്ചിറയില്‍ വെച്ച് സി.ഐ വിനോദ് അവരെ തടയുകയും ചെയ്ത വിവരം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

തന്റെ വേഷമാണോ പ്രശ്‌നം എന്ന് ആ സഹോദരി ചോദിക്കുന്നത് അവരുടെ മകന്‍ ചിത്രീകരിച്ച വീഡിയോ ക്ലിപ്പില്‍ നിന്നും വ്യക്തമായി തന്നെ കേള്‍ക്കാമെന്നും എന്നാല്‍, സി.ഐയുടെ അതെ എന്നുള്ള മറുപടി അവ്യക്തമായിപ്പോലും കേള്‍ക്കുന്നില്ലെന്നും അദ്ദേഹം പറയുന്നു.

Kerala leader quits post of minister, claims he was a “victim of media harassment” - Law Insider India

‘സാമാന്യം മുതിര്‍ന്ന ‘സുധാകരനിസം’ തലക്കു പിടിച്ച അവരുടെ മകന്‍ അഫ്‌സല്‍ മനിയില്‍ കാറില്‍ നിന്നിറങ്ങിച്ചെന്ന് കാര്യങ്ങള്‍ വിശദീകരിക്കാതെ, തന്റെ ഉമ്മയെ സി.ഐയുടെ അടുത്തേക്ക് വിട്ട് ഉമ്മയുടെ ചലനങ്ങളും സംസാരവും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. അയാള്‍ കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ വിളിച്ച് കാര്യം പറയുന്നു. സുധാകരന്‍ ബിന്ദു കൃഷ്ണയെ വിളിച്ച് അന്വേഷിക്കാന്‍ പറയുന്നു.

അവര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ആ കുടുംബത്തെ പോകാന്‍ സി.ഐ അനുവദിക്കുന്നു. ഉടനെ ‘കേരള പൊലീസിലെ സംഘിയെ ഞാന്‍ കണ്ടുമുട്ടി’ എന്ന തലക്കെട്ടില്‍ പര്‍ദ്ദയിട്ട സഹോദരിയുടെ മകന്‍ അഫ്‌സല്‍ തന്റെ ഫേസ്ബുക്കില്‍ കുറിപ്പിടുന്നു. സോഷ്യല്‍ മീഡിയകളില്‍ അത് പ്രചരിക്കുന്നു. താമസിയാതെ ‘മീഡിയ വണ്‍’ ചാനല്‍ രംഗപ്രവേശം ചെയ്യുന്നു. അര്‍ധ സത്യവും അസത്യവും കൂടിച്ചേര്‍ന്ന വാര്‍ത്ത എയര്‍ ചെയ്യുന്നു. പിന്നെ കോണ്‍ഗ്രസ്-ലീഗ്- ജമാഅത്തെ ഇസ്‌ലാമി സൈബര്‍ വിംഗ് അതേറ്റെടുത്ത് വൈറലാക്കുന്നു. നീണ്ട ബെല്‍ മുഴങ്ങുന്നു. കര്‍ട്ടണ്‍ വീഴുന്നു,’

സംഭവത്തിന്റെ വാര്‍ത്ത മീഡിയ വണ്ണില്‍ സ്‌പ്രേക്ഷണം ചെയ്യുമ്പോള്‍ ആരുടെയും മനസില്‍ ചില സംശയങ്ങള്‍ ഉയര്‍ന്നു വരുമെന്ന് പറഞ്ഞ അദ്ദേഹം, അക്കാര്യങ്ങള്‍ അക്കമിട്ട് പറയുന്നുമുണ്ട്.

മുസ്‌ലിം സമുദായം ഏറ്റവുമധികം സുഹൃത്തുക്കളെ ആഗ്രഹിക്കുന്ന സമയമാണിതെന്നും, നൈമിഷികമായ ജയത്തിന് വേണ്ടി അവ ഇല്ലാതാക്കരുതെന്നും ജലീല്‍ പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു അനിയത്തിയെ കോളേജ് ഹോസ്റ്റലില്‍ നിന്നും കൂട്ടിക്കൊണ്ട് വരാന്‍ ഉമ്മക്കൊപ്പം പോയ തങ്ങളെ പൊലീസ് തടഞ്ഞുവെന്ന് അഫ്സല്‍ മനിയില്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെ യുവാവ് ആരോപണമുന്നയിച്ചത്. കേരള പൊലീസിലെ സംഘിയെ കണ്ടുമുട്ടി എന്ന് പറഞ്ഞായിരുന്നു പോസ്റ്റ് എഴുതിയത്.

May be an image of 1 person, standing and outdoors

പോസ്റ്റിനൊപ്പം വീഡിയോയും ഫോട്ടോകളും ഷെയര്‍ ചെയ്തിരുന്നു. മുസ്‌ലിമായതിന്റെ പേരിലാണ് തങ്ങളെ പൊലീസ് തടഞ്ഞതെന്നായിരുന്നു അഫ്‌സല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞത്.

കോളേജിലെത്താന്‍ 5 കിലോമീറ്റര്‍ ദൂരം മാത്രം ബാക്കിനില്‍ക്കെ ഓച്ചിറ സ്റ്റേഷനിലെ പൊലീസുകാര്‍ തടയുകയായിരുന്നുവെന്നും സത്യവാങ്മൂലമടക്കമുള്ള എല്ലാ രേഖകളും കയ്യിലുണ്ടായിട്ടും പൊലീസ് പോകാന്‍ അനുവദിച്ചില്ലെന്നുമാണ് പോസ്റ്റില്‍ പറഞ്ഞിരുന്നത്.

തങ്ങളെ മാത്രം തടയുന്നെന്തിനാണെന്നും പര്‍ദ്ദയാണോ പ്രശ്‌നമെന്നും ഉമ്മ പൊലീസിനോട് ചോദിച്ചെന്നും, അതേ നിങ്ങളുടെ വസ്ത്രം തന്നെയാണ് പ്രശ്‌നമെന്നായിരുന്നു പൊലീസിന്റെ മറുപടിയെന്നും അഫ്‌സല്‍ തന്റെ പോസ്റ്റില്‍ ആരോപിച്ചിരുന്നു.

വാര്‍ത്തകളില്‍ മാത്രം കേട്ടിട്ടുള്ള കേരളാ പൊലീസിലെ സംഘിയെ നേരില്‍ കാണാന്‍ കഴിഞ്ഞെന്ന് പറഞ്ഞുകൊണ്ടായിരുന്നു അഫ്സലിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.

ജലീലിന്റെ പോസ്റ്റിലെ പൂര്‍ണരൂപം:

ഒരു ഓച്ചിറന്‍ പീറഗാഥ
————————————-
കേരളം ഇന്ത്യാ രാജ്യത്ത് എല്ലാ മേഖലയിലും വേറിട്ടൊരു തുരുത്താണ്. മതവും ജാതിയും ചോദിച്ച് നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ഇവിടെ ഇല്ലെന്നുതന്നെ പറയാം. സൗഹൃദത്തിന്റെ മലയാള ഭൂമികയെ കാലുഷ്യത്തിന്റെ ദിക്കാക്കി മാറ്റാന്‍ ചില നിഗൂഢ ശക്തികള്‍ കാലങ്ങളായി സംഘടിത ശ്രമം നടത്തുന്നത് ഏവര്‍ക്കും അറിയാവുന്നതാണ്.

പിണറായി സര്‍ക്കാരിന് രണ്ടാമൂഴം കിട്ടിയത് യു.ഡി.എഫ് നെയും മതരാഷ്ട്ര വാദികളെയും കുറച്ചൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. പരമ്പരാഗതമായി കണ്ണും ചിമ്മി തങ്ങളെ പിന്തുണച്ചിരുന്ന സമുദായങ്ങള്‍ ഐക്യമുന്നണിയെ കൈവിട്ട് മറുകൂട് തേടിപ്പോയതില്‍ കോണ്‍ഗ്രസ്സിനും ലീഗിനുമുള്ള അരിശം ചെറുതല്ല. ഭൂരിപക്ഷ സമുദായത്തിലെ ഭൂരിപക്ഷവും ന്യൂനപക്ഷ സമുദായങ്ങളിലെ ഭൂരിപക്ഷവും ഒരുമിച്ച് നിന്നതിന്റെ ഫലമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ രാജോജിതമായ രണ്ടാം വരവ്. അതില്‍ കലിപൂണ്ട ചില ക്ഷുദ്രശക്തികളാണ് ഭൂരിപക്ഷ-ന്യൂനപക്ഷ സമുദായങ്ങളെ അകറ്റാനും തമ്മിലടിപ്പിക്കാനും ആസൂത്രിതമായ ശ്രമങ്ങള്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയക്ക് പുറമെ ഓരോ സമുദായത്തെയും വൈകാരികമായി ഉണര്‍ത്തി വിവിധ ചേരികളില്‍ അണിനിരത്താന്‍ പത്ര-മാധ്യമ-ചാനലുകളെയും ഈ രാഷ്ട്രീയ ഭിക്ഷാംദേഹികള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ലോക്ഡൗണ്‍ ദിനത്തില്‍ അരങ്ങേറിയ ‘ഓച്ചിറ നാടകം’. സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ദിവസമാണ് ഇന്നലെ. വളരെ അത്യാവശ്യത്തിനല്ലാതെ ആരും പുറത്തിറങ്ങരുതെന്ന് നേരത്തെ തന്നെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിലെ മുഴുവന്‍ ജനങ്ങളും കക്ഷി-രാഷ്ട്രീയ- മത-ജാതി ഭേദമന്യേ അതനുസരിക്കുകയും ചെയ്തു. എന്നാല്‍ ഒരു സാധാരണ കാര്യത്തിന് സാമാന്യം ദീര്‍ഘ യാത്രക്ക് പുറപ്പെട്ട ഒരു കുടുംബത്തെ ഓച്ചിറയില്‍ വെച്ച് സി.ഐ വിനോദ് തടഞ്ഞെന്നും തന്റെ വേഷമാണോ തടയാന്‍ കാരണമെന്ന് ചോദിച്ച സഹോദരിയാട് വേഷം തന്നെയാണ് പ്രശ്‌നമെന്ന് സി.ഐ പറഞ്ഞെന്നുമുള്ള വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചത് എന്റെയും ശ്രദ്ധയില്‍ പെട്ടു.

പര്‍ദ്ദാ ധാരിണിയായ സഹോദരിയുടെ കൂടെ യാത്ര ചെയ്തിരുന്ന അവരുടെ മകനോട് നിനക്കെത്ര ഹിന്ദു കൂട്ടുകാരുണ്ടെന്ന് സി.ഐ വിനോദ് ചോദിച്ചതായുള്ള മസാലക്കൂട്ടും ചോദിക്കപ്പട്ടുവെന്ന് അവകാശപ്പെട്ടയാള്‍ അനുബന്ധമായി ചേര്‍ത്തതോടെ രംഗം കൂടുതല്‍ കൊഴുത്തു.

എന്റെ വേഷമാണോ പ്രശ്‌നം എന്ന് സഹോദരി ചോദിക്കുന്നത് വീഡിയോ ക്ലിപ്പില്‍ വ്യക്തമായി കേള്‍ക്കാം. എന്നാല്‍ സി.ഐ അതിന് ‘അതെ, വേഷം തന്നെയാണ് പ്രശ്‌നമെന്ന്’ പറയുന്ന ഭാഗം അവ്യക്തമായിപ്പോലും ക്ലിപ്പില്‍ കേള്‍ക്കുന്നില്ല.

സാമാന്യം മുതിര്‍ന്ന ‘സുധാകരനിസം’ തലക്കു പിടിച്ച അവരുടെ മകന്‍ അഫ്‌സല്‍ മനിയില്‍ കാറില്‍ നിന്നിറങ്ങിച്ചെന്ന് കാര്യങ്ങള്‍ വിശദീകരിക്കാതെ, തന്റെ ഉമ്മയെ സി.ഐയുടെ അടുത്തേക്ക് വിട്ട് ഉമ്മയുടെ ചലനങ്ങളും സംസാരവും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്. അയാള്‍ കെ.പി.സി.സി പ്രസിഡന്റ് സുധാകരനെ വിളിച്ച് കാര്യം പറയുന്നു. സുധാകരന്‍ ബിന്ദു കൃഷ്ണയെ വിളിച്ച് അന്വേഷിക്കാന്‍ പറയുന്നു. അവര്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് ആ കുടുംബത്തെ പോകാന്‍ സി.ഐ അനുവദിക്കുന്നു.

ഉടനെ ‘കേരള പോലീസിലെ സംഘിയെ ഞാന്‍ കണ്ടുമുട്ടി’ എന്ന തലക്കെട്ടില്‍ പര്‍ദ്ദയിട്ട സഹോദരിയുടെ മകന്‍ അഫ്‌സല്‍ തന്റെ ഫേസ്ബുക്കില്‍ കുറിപ്പിടുന്നു. സോഷ്യല്‍ മീഡിയകളില്‍ അത് പ്രചരിക്കുന്നു. താമസിയാതെ ‘മീഡിയ വണ്‍’ ചാനല്‍ രംഗപ്രവേശം ചെയ്യുന്നു. അര്‍ധ സത്യവും അസത്യവും കൂടിച്ചേര്‍ന്ന വാര്‍ത്ത എയര്‍ ചെയ്യുന്നു. പിന്നെ കോണ്‍ഗ്രസ്സ്-ലീഗ്- ജമാഅത്തെ ഇസ്‌ലാമി സൈബര്‍ വിംഗ് അതേറ്റെടുത്ത് വൈറലാക്കുന്നു. നീണ്ട ബെല്‍ മുഴങ്ങുന്നു. കര്‍ട്ടണ്‍ വീഴുന്നു.

മീഡിയ വണ്‍ വാര്‍ത്ത കാണുമ്പോള്‍ ആരുടെ മനസ്സിലും പൊങ്ങി വരുന്ന ചില സംശയങ്ങളുണ്ട്.
1) തടയുമെന്നറിഞ്ഞിട്ടും ലോക്ഡൗണ്‍ ദിവസം തന്നെ മകളെ അടക്കാത്ത കോളേജ് ഹോസ്റ്റലില്‍ നിന്ന് കൊണ്ട് വരാന്‍ പുറപ്പെട്ടത് കരുതിക്കൂട്ടി ഒരു പര്‍ദ്ദ വിരുദ്ധ സീന്‍ സൃഷ്ടിക്കാനായിരുന്നില്ലേ?

2) മതനിഷ്ഠ പാലിച്ച് വസ്ത്രധാരണം നടത്തുന്ന ഉമ്മയെ കാറിലിരുത്തി മകന്‍ പൊലീസിന്റെ അടുത്ത് പോയി സംസാരിക്കാതെ, ഉമ്മയെ സംസാരിക്കാന്‍ വിട്ട് കാര്യബോധമുള്ള യൂത്ത് കോണ്‍ഗ്രസുകാരന്‍ കൂടിയായ മകന്‍ കാറിലിരുന്ന് വീഡിയോ പിടിച്ചതും അത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും നിഷ്‌കളങ്കമായിട്ടാണോ?

3) ഷൂട്ട് ചെയ്ത വീഡിയോയില്‍ സി.ഐയുടെ പ്രതികരണം ഒട്ടുമേ ഇല്ലാതെ പോയത് അത്തരമൊരു പ്രതികരണം സി.ഐ വിനോദ് നടത്താത്തത് കൊണ്ടു തന്നെയല്ലേ? ഉണ്ടായിരുന്നെങ്കില്‍ നേര്‍ത്തെങ്കിലും അത് റിക്കോര്‍ഡില്‍ പതിയുമായിരുന്നില്ലേ?

4) തനിക്ക് എത്ര മുസ്‌ലിം സുഹൃത്തുക്കളുണ്ടെന്ന് സി.ഐ ചോദിച്ചത് അഫ്‌സലല്ലാതെ രണ്ടാമതൊരാള്‍ കേള്‍ക്കാതിരുന്നത് എന്ത് കൊണ്ടാണ്? പറഞ്ഞിരുന്നെങ്കില്‍ എല്ലാം വാചാലമായി പറഞ്ഞ ഉമ്മ തന്നെ അത് വെളിപ്പെടുത്തുമായിരുന്നില്ലേ?

5) കേരള പൊലീസിലെ ‘സംഘി പോലീസ്’ എന്ന് പരാതിക്കാരന്‍ ആക്ഷേപിക്കുന്ന സി.ഐ വിനോദ്, കെ സുധാകരനും ബിന്ദു കൃഷ്ണയും പറഞ്ഞതനുസരിച്ച് അവരെ വിട്ടെങ്കില്‍ കേരള പൊലീസിലെ സംഘികളുടെ നേതൃത്വം എന്ന് മുതല്‍ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ. സുധാകരനും കൊല്ലം ജില്ലാ കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡണ്ട് ബിന്ദു കൃഷ്ണയും ഏറ്റെടുത്തത്?

6) അവധി ദിവസമായ ശനിയാഴ്ചയോ തൊട്ടടുത്ത ദിവസമായ തിങ്കളാഴ്ചയോ മകളെ കൊണ്ട് വരാന്‍ മുതിരാതെ ഒഴിച്ചുകൂടാനാവാത്ത പ്രശ്‌നങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കണിശമായി പറഞ്ഞ ദിവസംതന്നെ ‘എന്നാല്‍ ഒന്ന് കാണട്ടെ എന്ന മട്ടില്‍’ ഇറങ്ങിത്തിരിച്ചത് ആര്‍ക്ക് ഊര്‍ജ്ജം പകരാനായിരുന്നു?

7) മേലധികാരികള്‍ക്ക് പരാതി നല്‍കുമോ എന്ന് മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ ചോദിക്കുമ്പോള്‍ വ്യക്തമായ ഉത്തരം നല്‍കാതെ അഫ്‌സല്‍ ഒഴിഞ്ഞ് മാറിയത് എന്ത്‌കൊണ്ടാണ്?

മുസ്‌ലിം സമുദായം ഏറ്റവുമധികം സുഹൃത്തുക്കളെയും ചങ്ങാതിമാരെയും ആഗ്രഹിക്കുന്ന ഒരു കാലത്ത് ഉള്ള സൗഹൃദങ്ങള്‍ പോലും തകര്‍ക്കാന്‍ മിനക്കെടുന്നത് കൊടും ക്രൂരതയാണ്. ഊഷ്മള ബന്ധങ്ങള്‍ ഒരിക്കല്‍ തകര്‍ന്ന് കഴിഞ്ഞാല്‍ പിന്നെയത് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ എത്ര കാലമെടുക്കുമെന്ന് വികട ഖദറന്‍മാര്‍ ആലോചിച്ചിട്ടുണ്ടോ? സ്‌നേഹത്തിന്റെ മഹാ സൗധം തകര്‍ക്കാന്‍ ഒരു നിമിഷം മതി. സമാനമായതൊന്ന് പുനഃസ്ഥാപിക്കാന്‍ നൂറ്റാണ്ടുകള്‍ എടുത്തേക്കും. ഒരു നൈമിഷിക ജയത്തിനു വേണ്ടി ശാശ്വത സൗഹൃദ ഗോപുരത്തെ ദയവായി നിലം പരിശാക്കരുത്.

(ഇതേ കഥാപാത്രമാണ് ‘ആര്യന്‍ മിത്ര’ എന്ന വ്യാജ പേരില്‍ മുകേഷ് എം.എല്‍.എയെ മുമ്പ് തെറി വിളിച്ച് പോസ്റ്റിട്ടത്. സ്‌ക്രീന്‍ ഷോട്ട് താഴെ. ഇത്തരം മ്ലേച്ഛന്‍മാരെ കെട്ടി അവതരിപ്പിക്കുന്ന മൗദൂദിയന്‍ ചാനലിനെ കുറിച്ച് എന്തുപറയാന്‍?)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MLA KT Jaleel about Ochira Police incident, Afsal Maniyil post

We use cookies to give you the best possible experience. Learn more