| Thursday, 9th February 2017, 7:10 pm

സഹതാപ വോട്ട് പിടിക്കാന്‍ സ്ഥാനാര്‍ത്ഥി സഹോദരനേയും സുഹൃത്തിനേയും കൊന്നു ; ചുരുളഴിഞ്ഞത് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: തെരഞ്ഞെടുപ്പ് ജയിക്കാനായി രാഷ്ട്രീയക്കാര്‍ പല അടവും പയറ്റാറുണ്ട്. സമ്മാനങ്ങളും വാഗ്ദാനങ്ങളും നല്‍കിയും രാഷ്ട്രീയത്തിലെ പാരമ്പര്യം ചൂണ്ടിക്കാണിച്ചുമെല്ലാം സ്ഥാനാര്‍ത്ഥികള്‍ വോട്ട് പിടിക്കാറുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള ” ആളെ പാട്ടിലാക്കല്‍ ” പരുപാടികള്‍ അധികവും നടക്കാറ്. എന്നാല്‍ ഇതുവരെ കണ്ടതിലും കേട്ടതിലും എല്ലാം മേലെയായിരുന്നു ഉത്തര്‍പ്രദേശില്‍ നിന്നുമുള്ള വാര്‍ത്ത.

സഹതാപ തരംഗമുണര്‍ത്തി വോട്ട് നേടാനായി രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി സ്വന്തം സഹോദരനേയും സുഹൃത്തിനേയും വധിക്കുകയായിരുന്നു. കൂര്‍ജ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ മനോജ് കുമാര്‍ ഗൗതമാണ് സഹതാപ വോട്ട് ലക്ഷ്യമിട്ട് ഈ ക്രൂരത ചെയ്തത്.

പ്രിയപ്പെട്ടവരുടെ മരണത്തിന്റെ ആഘാതത്തില്‍ തകര്‍ന്ന നിലയിലായിരുന്നു മനോജ് കുമാര്‍ മൃതദേഹങ്ങള്‍ കാണാനെത്തിയത്. എന്നാല്‍ സഹതാപ തരംഗം സൃഷ്ടിക്കാനായി ഇയാള്‍ സ്വന്തം സഹോദരനേയും സുഹൃത്തിനേയും വധിക്കുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചതോടെ അമ്പരന്ന് പോയി ജനങ്ങള്‍.


Also Read: ജയിലില്‍ അഫ്‌സല്‍ഗുരു ഉപയോഗിച്ചിരുന്ന ഡയറിയും ഖുറാനും പുസ്തകങ്ങളും കൈമാറണമെന്നാവശ്യപ്പെട്ട് കുടുംബം


തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു കൊലപാതകം നടന്നത്. വാടക കൊലയാളികളെ ഉപയോഗിച്ചായിരുന്നു കൊലപാതകം നടത്തിയത്. ആര്‍.എല്‍.ഡി നേതാവ് അജിത് സിംഗിന്റെ മകന്‍ കൂര്‍ജില്‍ മനോജിന് വേണ്ടി സംസാരിക്കവെയായിരുന്നു ഇയാള്‍ ഏര്‍പ്പെടുത്തിയ വാടക കൊലയാളികള്‍ കൊലപാതം നടത്തിയത്.

ഒരു ലക്ഷം രൂപ പ്രതിഫലം വാങ്ങിയാണ് ഫിറോസ് ഷാബിര്‍, പര്‍വീന്ദര്‍ ജാദവ് എന്നീ വാടക കൊലയാളികള്‍ കൊല നടത്തിയത്. മനോജിനേയും ഫിറോസിനേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പര്‍വീന്ദര്‍ ഒളിവിലാണ്. ഫോണ്‍ കോളുകള്‍ പരിശോധിച്ചാണ് പൊലീസ് കൊലയാളികളിലേക്ക് എത്തിയത്.

We use cookies to give you the best possible experience. Learn more