തിരുവനന്തപുരം: ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നതില്‍ നിന്ന് സെലിബ്രിറ്റികളെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരും ഇടപെടണമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ. ഗായകരായ റിമി ടോമി, വിജയ് യേശുദാസ്, നടന്‍ ലാല്‍ എന്നിവരുടെ പേരെടുത്ത് പറഞ്ഞായിരുന്നു പ്രതികരണം.
ഓണ്‍ലൈന്‍ ഗെയിമുകളും ലോണ്‍ ആപ്പുകളും സംബന്ധിച്ച് നിയമസഭയിലുണ്ടായ ചര്‍ച്ചക്കിടെയായിരുന്നു ഗണേഷ് കുമാറിന്റെ പരാമര്‍ശം.
റിമി ടോമി, വിജയ് യേശുദാസ് എന്നിവരാണ് ഇത്തരം ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്ന മാന്യന്മാരെന്നും ഇത്തരം ജനദ്രോഹ പരസ്യങ്ങളില്‍ നിന്ന് ഇവരെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രി ഇടപെടണമെന്നും ഗണേഷ് കുമാര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
”നമുക്ക് ലജ്ജ തോന്നുന്ന ഒരു കാര്യം, ഇത്തരം സാമൂഹ്യവിരുദ്ധ- ദ്രോഹ പരസ്യങ്ങളില്‍ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട്.
ഷാരൂഖ് ഖാന്‍ ഇന്ത്യയിലെ വലിയ നടനാണ്. പൈസയില്ലാത്ത ആളല്ല. വിരാട് കോഹ്‌ലി നല്ലൊരു സ്‌പോര്‍ട്‌സ് താരമാണ്, എല്ലാവര്‍ക്കും ബഹുമാനമുണ്ട്, ഇഷ്ടവുമുണ്ട്. അഞ്ച് പൈസയില്ലാത്ത പിച്ചക്കാരനല്ല, പൈസക്ക് വേണ്ടിയല്ല പരസ്യം ചെയ്യുന്നത്.
നമ്മുടെയെല്ലാം പ്രിയങ്കരനായ ഗായകന്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിനെയും ഗായിക റിമി ടോമി എന്ന കുട്ടിയെയുമൊക്കെ ഇത്തരം പരസ്യങ്ങളില്‍ സ്ഥിരമായി കാണാം.
ഇത്തരം നാണംകെട്ട, ജനദ്രോഹ- രാജ്യദ്രോഹ പരസ്യങ്ങളില്‍ നിന്നും ഈ മാന്യന്മാര്‍ പിന്മാറണം. ഇവര്‍ സാംസ്‌കാരികമായി വലിയ പ്രമാണിമാര്‍ ആണെന്നൊന്നുമല്ല പറഞ്ഞത്. പക്ഷെ ഇവരെ പിന്തിരിപ്പിക്കാന്‍ സാംസ്‌കാരിക മന്ത്രിയും സര്‍ക്കാരും അവരോട് ഈ സഭയുടെ പേരില്‍ ഒന്നഭ്യര്‍ത്ഥിക്കണം,” ഗണേഷ് കുമാര്‍ പറഞ്ഞു.
ഓണ്‍ലൈന്‍ റമ്മി പരസ്യങ്ങളില്‍ അഭിനയിക്കുന്നവരെ നിയമംകൊണ്ട് നിയന്ത്രിക്കാനാവില്ലെന്ന് മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ ഇതിന് മറുപടി പറഞ്ഞു. അഭിനയിക്കുന്നവരുടെ മനസിലാണ് സാംസ്‌കാരിക വിപ്ലവം വരേണ്ടത്. അങ്ങനെ ഉണ്ടായെങ്കിലേ ഇതിനൊരു മാറ്റമുണ്ടാവൂ. താരങ്ങളോട് ഇക്കാര്യം എല്ലാവര്‍ക്കും ചേര്‍ന്ന് അഭ്യര്‍ത്ഥിക്കാമെന്നും വി.എന്‍. വാസവന്‍ കൂട്ടിച്ചേര്‍ത്തു.