പ്രളയാനന്തര കേരളത്തിലെ നവനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഭൗതിക നിര്‍മ്മിതികളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതിനാല്‍ കാര്‍ഷിക -ഗ്രാമീണ മേഖലകള്‍ വലിയ അവഗണനകള്‍ നേരിടുന്നില്ലേ?
പ്രളയത്തില്‍ റോഡുകളും വീടുകളുമെല്ലാം തകര്‍ന്ന് താറുമാറായപ്പോള്‍, പുനര്‍നിര്‍മാണത്തില്‍ എന്തിനാണ് മുന്‍ഗണന കൊടുക്കേണ്ടത് എന്ന സ്വാഭാവികമായ ഒരു ചോദ്യം ഉയര്‍ന്നുവന്നിരുന്നു. ആദ്യം വീടാണല്ലോ വേണ്ടത്. അതുകൊണ്ട് വീടിന് പ്രാധാന്യം കൊടുത്തു. അതായിരുന്നു പ്രായോഗികമെന്നാണ് എനിക്ക് തോന്നുന്നത്.
അതോടൊപ്പം തന്നെ നശിച്ചുപോയ റോഡുകള്‍ വളരെ പെട്ടന്നുതന്നെ നിര്‍മ്മിക്കേണ്ടതുണ്ട്. അത് ഒരാളുടെ മാത്രം വിഷയമല്ല, ഒരു നാടിന്റെ മുഴുവന്‍ ആവശ്യമാണ്. ഇങ്ങനെ പലകാരണങ്ങളാല്‍ ഭൗതികമായ നിര്‍മ്മിതികള്‍ക്ക് പലപ്പോഴും പ്രാധാന്യം കൂടുതല്‍ കൊടുക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് കാര്‍ഷിക മേഖല അവഗണിക്കപ്പെടണം എന്നല്ല അതിന്റെ അര്‍ത്ഥം.
അങ്ങനെയല്ല ചിന്തിക്കേണ്ടത്. ഫലത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന പ്രാധാന്യം കൃഷിക്ക് ലഭിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍, ഈ സര്‍ക്കാര്‍ കൃഷിക്ക് വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ഏറ്റവുമധികം പാല്‍ ഉല്‍പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ലയാണ് വയനാട്.
പ്രളയകാലത്ത് ജില്ലയില്‍ ഒട്ടേറെ പശുക്കള്‍ ചത്തുപോയി. ഇതിനെ അതിജീവിക്കാനായി പ്രളയാനന്തരം എല്ലാ ക്ഷീര കര്‍ഷകര്‍ക്കും പശുക്കളെ എത്തിച്ച് കൊടുക്കുന്ന ‘ഡൊണേറ്റ് എ കൗ’ എന്ന പദ്ധതി ആരംഭിച്ചിരുന്നു.
കാര്‍ഷിക മേഖലയിലുണ്ടായ നഷ്ടവുമായി ബന്ധപ്പെട്ട് ഒരു സര്‍ക്കാരിന് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. പ്രളയത്തില്‍ നെല്‍ കര്‍ഷകരുടെ വിത്തെല്ലാം നഷ്ടപ്പെട്ടുപോയി. അവര്‍ക്കെല്ലാം സര്‍ക്കാര്‍ വിത്ത് സൗജന്യമായി എത്തിച്ചുകൊടുത്തു. വയനാട്ടില്‍ പ്രധാനപ്പെട്ട മറ്റൊരു കൃഷിയാണ് വാഴ.
കര്‍ഷകര്‍ക്കാവശ്യമായ വാഴ വിത്തുകള്‍ മുഴുവന്‍ സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും എത്തിച്ചുകൊടുത്തു. ഇത്തരത്തില്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയില്‍ ഇടപെടുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ഇതെല്ലാം മതിയോ എന്ന് ചോദിച്ചാല്‍ പോര എന്നുതന്നെയാണ് ഉത്തരം. പക്ഷേ, സര്‍ക്കാര്‍ ഒന്നും ചെയ്തില്ല എന്നല്ല, വളരെയേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നതാണ് മനസിലാക്കേണ്ടത്.
ഇനിയും ചെയ്യേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല. നഷ്ടപരിഹാരങ്ങള്‍ കൊടുത്തും വിത്തുകള്‍ സൗജന്യമായി എത്തിച്ചും കൃഷിക്കാരെ കാര്‍ഷിക ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള വലിയ ഇടപെടല്‍തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്.
നൂറ്റാണ്ടിലെ വലിയ പ്രളയമാണ് ഉണ്ടായത്. ഈ തലമുറയ്ക്ക് ഇത്തരമൊരു പ്രളയത്തെ നേരിട്ട അനുഭവമൊന്നുമില്ല. അതുകൊണ്ടുതന്നെ അതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രളയക്കെടുതി ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് പരിഹരിക്കാന്‍ പറ്റുന്നതോ പൂര്‍ത്തീകരിക്കാന്‍ സാധിക്കുന്നതോ അല്ല. അത് വളെര രൂക്ഷമായതാണ്.
സംസ്ഥാനത്തിന് പ്രളയാനന്തരം ആവശ്യമായ ധനസഹായം കിട്ടുന്നില്ല എന്ന മറുവശവും ഇതിനുണ്ട്. കേന്ദ്രസര്‍ക്കാര്‍ വിവേചനത്തോടെയാണ് കേരളത്തോട് പെരുമാറുന്നത്. 31,000 കോടി രൂപ കേരള പുനര്‍നിര്‍മ്മാണത്തിന് വേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സികള്‍പോലും പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേന്ദ്രം കേരളത്തെ സഹായിക്കാതിരിക്കുന്നത്?. കേരളത്തോട് ഒരു രാഷ്ട്രീയ വിവേചനം കാണിക്കുന്നത് ശരിയല്ല. മറ്റ് രാജ്യങ്ങളടക്കം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അവരുടെ സഹായം സ്വീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചില്ല.
പ്രളയ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ച് പ്രഖ്യാപിച്ചു. എന്നാല്‍, സാലറി ചലഞ്ച് പ്രഖ്യാപിച്ചപ്പോള്‍ യു.ഡി.എഫും ബി.ജെ.പിയും കഴിയാവുന്നത്ര നിസ്സഹകരണത്തിനാണ് ശ്രമിച്ചത്. ഈ രാഷ്ട്രീയം ഒരു നാടിന് ഗുണമാണോ എന്നതാണ് നമ്മള്‍ ആലോചിക്കേണ്ടത്. ആവശ്യങ്ങള്‍ നടപ്പിലാകണം എന്നത് ഏതൊരാളും ഉന്നയിക്കുന്ന ന്യായമായ കാര്യമാണ്. അതിന് ആവശ്യമായ സമ്പത്തുണ്ടാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരക്കുമ്പോള്‍ അതിനെല്ലാം തടസമുണ്ടാക്കിയാല്‍ എങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുക? രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒരുഭാഗത്ത് ഇതൊക്കെ വേണമെന്ന് മുറവിളികൂട്ടുകയും ആവശ്യമുന്നയിക്കുകയും ചെയ്യും. എന്നാല്‍ സഹകരിക്കാന്‍ അവര്‍ തയ്യാറാകുന്നുമില്ല. ഇതുണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്.
പക്ഷേ, കര്‍ഷകര്‍ക്ക് സര്‍ക്കാരിനോടല്ലാതെ ആരോടാണ് അവരുടെ പ്രശ്‌നങ്ങളെല്ലാം പറയാന്‍ കഴിയുക. അവരുടെ നിസഹായവസ്ഥയില്‍ സാമൂഹികമായേ സര്‍ക്കാരിന് ഇടപെടാന്‍ കഴിയൂ. കര്‍ഷകരുടെ ആവശ്യങ്ങളും നിലവിളികളും അവരുടെ അഭിപ്രായങ്ങളും പ്രതിഷേധങ്ങളും ധാര്‍മ്മിക രോഷങ്ങളുമൊക്കെ നൂറുശതമാനം ശരിയാണ്.
അവരുടെ ഭാഗത്ത് തന്നെയാണ് നമ്മള്‍ നില്‍ക്കേണ്ടത്. അതിന് പശ്ചാത്തലമൊരുക്കുന്ന ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ട്്. ആ രാഷ്ട്രീയ അന്തരീക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ-സാമൂഹിക പശ്ചാത്തലമൊരുക്കാനല്ല കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരും കേരളത്തിലെ പ്രതിപക്ഷമായ യു.ഡി.എഫും ശ്രമിക്കുന്നത്. പ്രളയത്തെ നേരിടുന്നതില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടുണ്ട്.
എന്നാല്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ ശ്രമിച്ചത് വളരെ ദുഃഖകരമായ അവസ്ഥയാണ്. പക്ഷേ, നമുക്ക് അതിജീവിച്ചേ മതിയാവു. ജി.എസ്.ടി വന്നതോടുകൂടി സര്‍ക്കാരിന് നികുതിയില്‍നിന്നുള്ള വരുമാനവും കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് ഇതിനെയൊക്കെ നേരിടുന്നത് എന്നതുകൂടി കാണണം. അപ്പോള്‍ സര്‍ക്കാര്‍ എത്രയോ മുന്നില്‍ പോയിട്ടുണ്ട് എന്ന് മനസിലാവും. എന്നാല്‍ ആവശ്യങ്ങളെ പരിഗണിക്കുമ്പോള്‍ കുറേ കാര്യങ്ങള്‍ക്കൂടി ചെയ്യാനുമുണ്ട്.
പ്രളയാനന്തര കേരളത്തിലെ കര്‍ഷക ആത്മഹത്യകളുടെ എണ്ണം വലിയരീതിയില്‍ വര്‍ദ്ധിക്കുകയാണല്ലോ, എന്തുകൊണ്ടാണ് സര്‍ക്കാരിന് പരിഹാരം കാണാന്‍ സാധിക്കാത്തത്?
ഇന്ത്യയില്‍ത്തന്നെ കര്‍ഷക ആത്മഹത്യ ഏറ്റവും കുറഞ്ഞ പ്രദേശങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ പ്രളയമുണ്ടാക്കിയ കൃഷി നഷ്ടങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധ നയങ്ങളുടെയും ഭാഗമായി കര്‍ഷകര്‍ ദുരിതമനുഭവിക്കുകയാണ്. കര്‍ഷകര്‍ ബുദ്ധിമുട്ടനുഭവിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായിട്ടുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഡിസംബര്‍ 31 വരെ വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിക്കുക, കാര്‍ഷിക കടങ്ങളുടെമേല്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ്.
മുന്‍ സര്‍ക്കാരുകളില്‍നിന്നെല്ലാം വ്യത്യസ്തമായി ഈ സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എന്നത് മാറ്റി കര്‍ഷകരുടെ കടങ്ങള്‍ എന്നാക്കി. വീടുനിര്‍മ്മിക്കാനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും മക്കളുടെ വിവാഹ ആവശ്യങ്ങള്‍ക്കുമെല്ലാം ഭൂമി വച്ചായിരിക്കും കര്‍ഷകര്‍ കൂടുതലായും ബാങ്ക് വായ്പകള്‍ എടുക്കുന്നത്. അതെല്ലാം സര്‍ക്കാര്‍ കര്‍ഷകരുടെ കടം എന്ന പരിധിയിലുള്‍പ്പെടുത്താനായിരുന്നു ആലോചിച്ചിരുന്നത്. പക്ഷേ, റിസര്‍വ് ബാങ്കിന്റെ അംഗീകാരങ്ങള്‍ക്കും നിബന്ധനകള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കുന്ന ദേശസാല്‍കൃത ബാങ്കുകള്‍ ഇവിടെ ഇത് പൂര്‍ണമായും നടപ്പിലാക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍മാത്രം നില്‍ക്കുന്ന ഒരു കാര്യമല്ല ഇത്. കേരളത്തിലെ കൃഷി മന്ത്രി റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥരോട് സംസാരിച്ച് ഇക്കാര്യത്തില്‍ കുറേക്കൂടി വ്യക്തത വരുത്താന്‍ ശ്രമിച്ചിട്ടുണ്ട്.
കര്‍ഷകര്‍ അഭിമാനികളാണ്. കയ്യില്‍ കാശില്ലാത്തതുകൊണ്ടാണ് അവര്‍ ബാങ്കില്‍ പണം തിരിച്ചടയ്ക്കാതിരിക്കുന്നത്. അവരുടെ പക്കല്‍ കാശില്ലാതായതിന്റെ മൂലകാരണം അവരില്‍ നിക്ഷിപ്മല്ല. മറിച്ച് യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സാമ്പത്തിക നയം അവരെ തകര്‍ച്ചയില്‍ എത്തിച്ചതാണ്. ആഗോളവല്‍ക്കരണവും ആഗോള സാമ്പത്തിക പ്രശ്‌നങ്ങളും രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചു. ഇതിന്റെ പരിണിത ഫലമായാണ് കര്‍ഷകര്‍ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്.
കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കാനാവശ്യപ്പെട്ട സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണ് ഉള്ളത്. അതുപോലെത്തന്നെ ആസിയാന്‍ കരാര്‍ നടപ്പിലാക്കിയതിന്റെ പരിണിതഫലങ്ങള്‍ നമ്മുടെ നാട് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായിട്ടുള്ള പ്രതിസന്ധി ഇവിടെ നിലനില്‍ക്കുന്നുണ്ട്. ഇതെല്ലാം സംസ്ഥാന സര്‍ക്കാരിന് ഒറ്റയടിക്ക് പരിഹരിക്കാന്‍ സാധിക്കുന്നതല്ല. എന്നാല്‍ ഇവ പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട് എന്നതില്‍ സംശയവുമില്ല.
മറ്റ് സംസ്ഥാനങ്ങളിലെ കര്‍ഷക ആത്മഹത്യകളുമായി താരതമ്യം ചെയ്താല്‍ കേരളത്തില്‍ കര്‍ഷക ആത്മഹത്യകള്‍ ഇല്ല എന്നുതന്നെ പറയാന്‍ കഴിയും. പക്ഷേ, ഒരാള്‍പ്പോലും ആത്മഹത്യ ചെയ്യാന്‍ ഇടയാകരുത് എന്നതാണ് നമ്മുടെ നയം. ഈ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ ആശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ കഴിയണം എന്നാണ് കേരള സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പക്ഷേ, പല ദേശസാല്‍കൃത ബാങ്കുകളും ചില ധനകാര്യ സ്ഥാപനങ്ങളും ഇത് ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചില്ല എന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഇത് പ്രതിഷേധാര്‍ഹവുമാണ്.
വയനാട് കളക്ടറേറ്റിനുമുന്നില്‍ ആദിവാസികള്‍ നടത്തിവരുന്ന തൊവരിമല ഭൂസമരം എന്തുകൊണ്ടാണ് ഇവിടുത്തെ ഇടതുപക്ഷ ഭരണകൂടം ഇനിയും പരിഹരിക്കാത്തത്?
തൊവരിമല സമരം ആരംഭിച്ചതിന്റെ പിറ്റേന്നുതന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ തയ്യാറായതാണ്. സമരക്കാര്‍ മുന്നോട്ടുവക്കുന്ന വിഷയം ഹാരിസണ്‍ മലയാളത്തിന്റെ ഭൂമി ഏറ്റെടുക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ്. തത്വത്തില്‍ ഇതിനോട് യോജിപ്പുള്ളവരാണ് ഞങ്ങളെല്ലാവരും. പക്ഷേ, ഇത് പൂര്‍ണമായും സുപ്രീംകോടതിയുടെ നിയന്ത്രണത്തിലുള്ള ഒരു കാര്യംകൂടിയാണ്. ഒരു സമരത്തിലൂടെ മാത്രം അവസാനിപ്പിക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല ഇത്.
സംസ്ഥാന സര്‍ക്കാരിന് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങള്‍ അവര്‍ ഉന്നയിക്കുന്നുണ്ട്. രാഷ്ട്രീയമായും സാമൂഹികമായും അവരുന്നയിക്കുന്ന കാര്യങ്ങളോട് വിയോജിക്കേണ്ടതായ യാതൊരു സന്ദര്‍ഭവുമില്ല. അതുകൊണ്ടുതന്നെ, സര്‍ക്കാര്‍ സമരക്കാരുമായി ചര്‍ച്ച ചെയ്യാന്‍ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയ്ക്ക് കളക്ടര്‍ തയ്യാറായിട്ടുമുണ്ട്. ഇത്തരമൊരു സമരം ചെയ്യുമ്പോള്‍ അവര്‍ തെരഞ്ഞെടുത്ത സമയം ഗുണകരമായ സമയമായിരുന്നില്ല എന്നത് മറ്റൊരു കാര്യമാണ്. രാജ്യമാകെ തെരഞ്ഞെടുപ്പിന് നടുവില്‍ നില്‍ക്കുന്ന, ആര്‍ക്കും ഇടപെടാന്‍ കഴിയാത്ത സമയത്താണ് ഇവര്‍ സമരവുമായി മുന്നോട്ടുവന്നത്.
സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. സമരം ചെയ്യുന്നത് തെറ്റല്ല. ഞങ്ങളെത്രയോ സമരം ചെയ്തവരാണ്. സമരത്തിനെയല്ല നമ്മള്‍ തള്ളിപ്പറയുന്നത്. ഇത്തരം പ്രശ്‌നം വരുമ്പോള്‍ സര്‍ക്കാരിന് നിവേദനം കൊടുക്കാനുള്ള ജനാധിപത്യ മര്യാദ അവര്‍ കാണിക്കണം. അത് ചര്‍ച്ച ചെയ്യുക എന്നത് സര്‍ക്കാരും ചെയ്യണം. ഇതെല്ലാം പരസ്പര പൂരകങ്ങളാണ്. ഏകപക്ഷീയമായി കാണുന്നത് ശരിയല്ല.
സുപ്രീംകോടതി വിധിയനുസരിച്ച് വനഭൂമി നമുക്ക് വിട്ടുതന്നിട്ടുണ്ട്. ആ വനഭൂമി കണ്ടെത്താനുള്ള സര്‍വ്വെയും മറ്റ് കാര്യങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഭൂമി വില്‍ക്കാന്‍ താല്‍പര്യമുള്ള സ്വകാര്യ വ്യക്തികളില്‍നിന്നും ഭൂമി വാങ്ങി ഭൂരഹിതര്‍ക്ക് നല്‍കാനുള്ള ആലോചനകളും നടക്കുന്നുണ്ട്. ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റെ ഭൂമി കിട്ടിയിട്ട് മതി വയനാട്ടിലെ ആദിവാസികള്‍ക്ക് ഭൂമി എന്നതിനോട് യോജിക്കാന്‍ കഴിയില്ല.
കാരണം ഇത് എത്രകാലം കഴിഞ്ഞാണ് പരിഹരിക്കാന്‍ കഴിയുക എന്നത് പറയാന്‍ കഴിയില്ല. സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതിനാല്‍ സര്‍ക്കാരിന് ഈ വിഷയത്തില്‍ ഇടപെടുന്നതില്‍ പരിമിതിയുണ്ട്. അതുകൊണ്ട് ബദല്‍ സംവിധാനങ്ങളെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.