കല്‍പ്പറ്റ: സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. കുറിപ്പില്‍ ബത്തേരി എം.എല്‍.എ ഐ.സി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരാമർശിക്കുന്നുണ്ട്.
നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയത് എം.എല്‍.എയാണെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. അഞ്ചില്‍ അധികം പേജുകള്‍ ഉള്ളതാണ് കുറിപ്പ്. നിയമനത്തിന്റെ പേരില്‍ പണം വാങ്ങിയവരിൽ ഡി.സി.സി സെക്രട്ടറിയും പ്രസിഡന്റ് എന്‍.ഡി അപ്പച്ചനും ഉണ്ടെന്നാണ് വിവരം.
മുന്‍ ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ പണം വാങ്ങിയെങ്കിലും ബാധ്യത മുഴുവന്‍ തന്റെ പേരിലായെന്നും കോണ്‍ഗ്രസിന് വേണ്ടി ജീവിച്ച് ജീവിതം നശിച്ചെന്നും എന്‍.എം. വിജയന്‍ കുറിപ്പില്‍ പറയുന്നുണ്ട്.
ബത്തേരി കാര്‍ഷിക ബാങ്ക്, ബത്തേരി അര്‍ബന്‍ സഹകരണ ബാങ്ക് എന്നീ രണ്ട് ബാങ്കുകളിലെ നിയമനവുമായി ബന്ധപ്പെട്ട് ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങിയെങ്കിലും നിയമനം നടത്താന്‍ സാധിച്ചില്ല. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി കെ.പി.സി.സി പ്രസിഡന്റിനെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
വലിയ ബാധ്യതകള്‍ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെ.പി.സി.സി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പില്‍ പറയുന്നു. കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍. പ്രിയങ്ക ഗാന്ധി, വി.ഡി. സതീശന്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കാണ് കത്തെഴുതിയിരിക്കുന്നത്.
അതേസമയം കത്തിലെ ആരോപണങ്ങള്‍ ഐ.സി.സി ബാലകൃഷണന്‍ നിഷേധിച്ചു. പൊലീസ് കുറിപ്പിനെപ്പറ്റി അന്വേഷിക്കട്ടെയെന്നും സത്യസന്ധമായ അന്വേഷണം നടത്തി തെറ്റുകാരനാണെങ്കില്‍ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പണം വാങ്ങാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും രാജിക്കാര്യം പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ഐ.സി. ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്‍.എം വിജയന്റെ ആത്മഹത്യയിലും അര്‍ബന്‍ ബാങ്കിലെ നിയമന കോഴയിലുമാണ് വിജിലന്‍സ് അന്വേഷണം നടത്തുക.
ബാങ്ക് നിയമനനക്കോഴയും തുടര്‍ന്നുണ്ടായ കട ബധ്യതയും ഡി.സി.സിട്രഷററുടെ ആത്മഹത്യയ്ക്ക് കാരണമായോയെന്ന് അന്വേഷണസംഘം പരിശോധിക്കും.
ബത്തേരി ഡി.വൈ.എസ്.പി കെ.കെ. അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിക്കുമ്പോള്‍ തന്നെയാണ് സമാന്തരമായി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചത്. വിജിലന്‍സ് പ്രധാനമായും അന്വേഷിക്കുന്നത് ഡി.സി.സി പ്രസിഡന്റ് വിജയന്റെ മരണവും വിവിധ ബാങ്കുകളിലായുള്ള അദ്ദേഹത്തിന്റെ ഒരു കോടിരൂപയോളം വരുന്ന കട ബാധ്യതകളുമാണ്.
വിജയന്റെ ആത്മഹത്യയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യതകളാണെന്ന് പൊലീസ് നടത്തിയ പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏകദേശം പത്തോളം ബാങ്കുകളിലാണ് വിജയന് കടബാധ്യത ഉണ്ടായിരുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പാണ് എന്‍.എന്‍. വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കോണ്‍ഗ്രസ് ഭരണമുള്ള സഹകരണ ബാങ്കുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ.സി ബാലകൃഷ്ണന്റെ നിര്‍ദേശാനുസരണം പലരും വിജയന് പണം നല്‍കിയിരുന്നിരുന്നു എന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഏകദേശം 55 ലക്ഷം നിയമനം നല്‍കാമെന്ന് പറഞ്ഞ് വിവിധ വ്യക്തികളില്‍ നിന്ന് കൈക്കലാക്കിയതായാണ് ആരോപണം. എന്നാല്‍ ഇത്തരത്തില്‍ അനധികൃതമായി നിയമനം നടത്തിയ പലരുടേയും നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഉദ്യോഗാര്‍ത്ഥികള്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങി.
ബാങ്ക് നിയമനത്തിനു വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ കഴിയാതായതോടെ എന്‍.എം.വിജയന്‍ തന്റെ ഭൂമി ഈടു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത്തരം സാമ്പത്തിക ബാധ്യതകളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍.
Content Highlight: MLA bought the money; Wayanad DCC Treasurer’s suicide note out