| Monday, 22nd January 2018, 8:02 am

'സര്‍ക്കാര്‍ പദ്ധതിയെ പിന്തുണയ്ക്കുന്നു; പ്രസംഗം വളച്ചൊടിച്ചത്'; റുബെല്ല വാക്‌സിനെതിരായ പ്രസ്താവനയില്‍ വിശദീകരണവുമായി ആരിഫ് എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മീസില്‍സ് റൂബെല്ല വാക്സിന്‍ വിവാദത്തില്‍ വിശദീകരണവുമായി എ.എം.ആരിഫ് എം.എല്‍.എ. താന്‍ റൂബെല്ല വാക്സിനെതിരെ സംസാരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പദ്ധതിയെ താന്‍ പിന്തുണയ്ക്കുന്നു എന്നുമായിരുന്നു ആരിഫിന്റെ പ്രതികരണം. തന്റെ പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്രീയ സെമിനാറില്‍ നടത്തിയ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ആരിഫ് എം.എല്‍.എ വിശദീകരണവുമായി രംഗത്തെത്തിയത്.

സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് നേരത്തെ വാക്സിനേഷനെ അനുകൂലിച്ചതെന്നായിരുന്നു നേരത്തെ ആരിഫ് പറഞ്ഞതു. വാക്‌സിനെ അനുകൂലിച്ചത് ഇരട്ടത്താപ്പോടെയാണെന്നും ആ സമയത്ത് അനുഭവിച്ചത് വലിയ മാനസിക സംഘര്‍ഷമാണെന്നും ആരിഫ് പറഞ്ഞിരുന്നു.

“തന്റെ കുട്ടികള്‍ക്ക് യാതൊരുവിധ വാക്‌സിനും നല്‍കിയല്ല വളര്‍ത്തിയത്. വാക്സിനെ എതിര്‍ക്കുന്നവര്‍ രാജ്യദ്രോഹികളാണെന്ന പ്രചാരണത്തെ ഭയക്കേണ്ടതില്ല”

നമ്മുടെ ഭാഗം ന്യായീകരിക്കാനുള്ള വാദമുഖങ്ങള്‍ അവതരിപ്പിക്കാന്‍ കഴിയണമെന്നും ആരിഫ് കൂട്ടിച്ചേര്‍ത്തു. ഹോമിയോ ഡോക്ടര്‍മാരുടെ ശാസ്ത്ര സെമിനാറിലായിരുന്നു എം.എല്‍.എയുടെ പ്രതികരണം.

വാക്‌സിനെതിരെ ക്യാമ്പയിന്‍ നടത്തുന്നത് തെറ്റാണെന്നും വാക്‌സിനേഷനെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നുമാണ് സര്‍ക്കാര്‍ നിലപാട്. അതിന് വിപരീതമായാണ് ആരിഫ് ഇന്ന് രംഗത്ത് വന്നത്.

മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വാക്‌സിനേഷനെതിരെ വ്യാപക പ്രചാരണങ്ങള്‍ നേരത്തെ ഉയര്‍ന്നു വന്നിരുന്നു. മലപ്പുറം അത്തിപ്പറ്റ സ്‌കൂളിലെ മീസില്‍സ് റുബെല്ല പ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പ് അംഗങ്ങള്‍ക്കെതിരെ ആക്രമണവും ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more