സി.പി.ഐ.എമ്മില്‍ പൊട്ടിത്തെറി; ഗോവിന്ദനെതിരേ ജെയിംസ് മാത്യു, ജയരാജനെതിരേ കോടിയേരി
Kerala News
സി.പി.ഐ.എമ്മില്‍ പൊട്ടിത്തെറി; ഗോവിന്ദനെതിരേ ജെയിംസ് മാത്യു, ജയരാജനെതിരേ കോടിയേരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 26th June 2019, 8:26 pm

തിരുവനന്തപുരം: ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയെച്ചൊല്ലി സി.പി.ഐ.എം സംസ്ഥാന സമിതിയില്‍ തുറന്ന വിമര്‍ശനം. ആന്തൂര്‍ വിഷയത്തില്‍ എം.വി ഗോവിന്ദന്‍ ഇടപെട്ടെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സമിതിയില്‍ ജെയിംസ് മാത്യു എം.എല്‍.എ ഉന്നയിച്ചു. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കാത്തതിന് നേരത്തെ വിമര്‍ശിക്കപ്പെട്ട പി. ജയരാജന്‍ ഇപ്പോഴും ഇതേ രീതി തുടരുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ആന്തൂര്‍ വിഷയം സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് എം.വി ഗോവിന്ദനെതിരെ ഗുരുതര ആരോപണം ജെയിംസ് മാത്യു ഉന്നയിച്ചത്. വ്യവസായിക്ക് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ത്തന്നെ സ്ഥലം എം.എല്‍.എയായ താന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നുവെന്ന് ജെയിംസ് മാത്യു പറഞ്ഞു.

അന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രിയായ കെ.ടി ജലീലിനെ വിളിച്ച് ഇതേക്കുറിച്ച് താന്‍ പരാതി നല്‍കിയിരുന്നെന്നും എന്നാല്‍ ഇതിനു തൊട്ടുപിന്നാലെ നഗരസഭാ ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എം.വി ഗോവിന്ദന്‍ ജലീലിന്റെ പി.എയെ വിളിച്ച് സംസാരിച്ചെന്നും ജെയിംസ് മാത്യു ആരോപിച്ചു. അത് എന്തിനായിരുന്നുവെന്ന് ജെയിംസ് മാത്യു സംസ്ഥാന സമിതി യോഗത്തില്‍ ചോദിച്ചു. യോഗത്തിലുണ്ടായിരുന്ന ഗോവിന്ദന്‍ ഇതിനോട് പ്രതികരിച്ചില്ല.

സി.പി.ഐ.എമ്മിന് അതീതനായി പി. ജയരാജന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് നേരത്തെ കുറ്റപ്പെടുത്തുകയും ഇക്കാര്യം കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത പാര്‍ട്ടി ഈ നിലപാട് ഇന്നും ആവര്‍ത്തിച്ചു. പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് വഴിയുള്ള പ്രചാരണത്തിലൂടെ ജയരാജന്‍ ഇപ്പോഴും പാര്‍ട്ടിക്ക് അതീതനായുള്ള പ്രവര്‍ത്തനം തുടരുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

കണ്ണൂരില്‍ ചേര്‍ന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി.കെ ശ്യാമളയെ വേദിയിലിരുത്തി പി. ജയരാജന്‍ വിമര്‍ശിച്ചതിനെയും കോടിയേരി വിമര്‍ശിച്ചു. അഭിപ്രായങ്ങളും വിയോജിപ്പുകളും പാര്‍ട്ടി വേദിയിലാണ് പറയേണ്ടതെന്നും കോടിയേരി ഓര്‍മപ്പെടുത്തി.

പി. ജയരാജനെ ബിംബമായി ഉയര്‍ത്തി പല ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപം സംസ്ഥാന സമിതിയില്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് തന്റെ പേരിലുള്ള എല്ലാ ഗ്രൂപ്പുകളുടെയും പേര് മാറ്റണമെന്ന് ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തോട് പി.ജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജ് പ്രതികരിച്ചിരുന്നു. ഇന്നലെയാണ് ഗ്രൂപ്പിന്റെ പ്രതികരണം വന്നത്. ജയരാജനോടെന്ന രീതിയില്‍, സഖാവേ എന്ന് വിളിച്ചാണ് പോസ്റ്റ് ആരംഭിക്കുന്നത്.