ന്യൂദൽഹി: ഹരിയാന മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ബി.ജെ.പിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ച് മനോഹർ ലാൽ ഖട്ടർ. ഹരിയാനയിലെ കർണാലിൽ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് ബി.ജെ.പി അറിയിച്ചു.
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ അദ്ദേഹം എം.എൽ.എ സ്ഥാനവും രാജിവെച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഖട്ടർ ഹരിയാന മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. പിന്നാലെ സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ നയാബ് സൈനി പുതിയ മുഖ്യമന്ത്രിയായി ചുമതല ഏൽക്കുകയും ചെയ്തു. സംസ്ഥാനത്ത് ജെ.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ചതിന് പിന്നാലെ സ്വതന്ത്ര എം.എൽ.എമാരുടെ പിന്തുണയോടെ നയാബ് സൈനി സഭയിൽ വിശ്വാസ വോട്ട് നേടിയിരുന്നു.
ഖട്ടറിന് പുറമേ, ത്രിവേന്ദ്ര സിങ് റാവത്ത്, ബസവരാജ് ബൊമ്മൈ, കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, അനുരാഗ് സിങ് താക്കൂർ എന്നിവരും ബി.ജെ.പിയുടെ രണ്ടാം പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
എന്നാല്‍ കേരളത്തില്‍ പ്രഖ്യാപിക്കാന്‍ ബാക്കിയുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന, ത്രിപുര, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് പ്രഖ്യാപിച്ചത്. 190 സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടിക ബി.ജെ.പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Content Highlight: ML Khattar In BJP 2nd Lok Sabha List, Day After He Quit As Chief Minister