| Tuesday, 13th June 2023, 9:33 am

കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി തൊണ്ടയിലേക്ക് കുത്തിയിറക്കുന്നു; മറ്റു ഭാഷക്കാര്‍ രണ്ടാംതരക്കാരെന്ന പെരുമാറ്റം വെച്ചുപൊറുപ്പിക്കില്ല: എം.കെ സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ ഹിന്ദി തൊണ്ടയിലേക്ക് കുത്തിയിറക്കുകയാണെന്നും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ (എന്‍.ഐ.എ.സി) പതിവ് ജോലികളില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്ന സര്‍ക്കുലര്‍ ഉടന്‍ പിന്‍വലിക്കണമെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്പനി ഇത്തരമൊരു അന്യായ സര്‍ക്കുലര്‍ പുറപ്പെടുവിച്ച്, ഇന്ത്യയിലെ ഹിന്ദി സംസാരിക്കാത്തവരോടും അത്തരം ജീവനക്കാരോടും കാണിച്ച അനാദരവിന് എന്‍.ഐ.എ.സി ചെയര്‍പേഴ്സണ്‍ നീര്‍ജ കപൂര്‍ മാപ്പ് പറയണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തമിഴ് ഭാഷയെയും സാഹിത്യത്തെയും സംസ്‌കാരത്തെയും സാധ്യമായ എല്ലാ വിധത്തിലും ആദരിക്കുന്നതെങ്ങനെയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വിശദീകരിച്ച് രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു സ്റ്റാലിന്‍.

ഇന്ത്യയിലെ ഓരോ പൗരനും അതിന്റെ വികസനത്തിന് സംഭാവന നല്‍കുമ്പോള്‍, കേന്ദ്ര ഗവണ്‍മെന്റും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും ഹിന്ദിക്ക് മറ്റ് ഭാഷകളെക്കാള്‍ അനാവശ്യ പ്രാധാന്യം നല്‍കുന്നത് തുടരുകയാണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു.

‘രാജ്യത്തിന്റെ മുഴുവന്‍ ശേഷിയും പൊതുക്ഷേമത്തിന് വേണ്ടിയല്ല, നമ്മുടെ തൊണ്ടയില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിക്കുന്നത്.

ഇന്ത്യയിലെ ഹിന്ദി സംസാരിക്കാത്ത പൗരന്മാര്‍ തങ്ങളോടുള്ള രണ്ടാം തരം പരിഗണന സഹിക്കുന്ന കാലം കഴിഞ്ഞു. തങ്ങളുടെ കഠിനാധ്വാനവും കഴിവും കൊണ്ട് ഇന്ത്യയുടെ വളര്‍ച്ചയെ മുന്നോട്ട് നയിക്കാന്‍ ആളുകള്‍ സംഭാവന നല്‍കിയിട്ടും ഇത്തരം ശ്രമങ്ങള്‍ തുടരുകയാണ്.

ഹിന്ദി അടിച്ചേല്‍പ്പിക്കുന്നത് തടയാന്‍ തമിഴ്നാടും ഡി.എം.കെ.യും സാധ്യമായതെല്ലാം ചെയ്യും. റെയില്‍വേ, തപാല്‍ വകുപ്പ് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എല്ലായിടത്തും ഹിന്ദിക്കുള്ള പ്രത്യേക പദവി തമിഴ്‌നാട് സര്‍ക്കാര്‍ നീക്കം ചെയ്യും.

ബാങ്കിങ്ങും പാര്‍ലമെന്റും നമ്മുടെ ജനങ്ങളെ ദൈനംദിന അടിസ്ഥാനത്തില്‍ ബാധിക്കുന്നു. ഞങ്ങള്‍ നികുതി അടയ്ക്കുന്നു, രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യുന്നു. നമ്മുടെ സമ്പന്നമായ പൈതൃകത്തിലും രാജ്യത്തിന്റെ വൈവിധ്യത്തിലും വിശ്വസിക്കുന്നു.

നമ്മുടെ ഭാഷകള്‍ തുല്യമായി പരിഗണിക്കപ്പെടാന്‍ അര്‍ഹമാണ്. തമിഴിന് പകരം ഹിന്ദി ഉപയോഗിക്കാനുള്ള ഏതൊരു ശ്രമത്തെയും ഞങ്ങള്‍ ചെറുക്കും,’ സ്റ്റാലിന്‍ പറഞ്ഞു.

എന്‍.ഐ.എ.സി ജീവനക്കാരെ ഹിന്ദിയില്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കാനായി ക്യാഷ് ഇന്‍സെന്റീവ് സ്‌കീമില്‍ ഏര്‍പ്പെടുത്തുമെന്ന് ഏപ്രില്‍ 3ലെ സര്‍ക്കുലറില്‍ പറയുന്നു.

ഓരോ പ്രദേശത്തെയും ഒരു ഇന്‍ ഹൗസ് മാസിക ഹിന്ദിയില്‍ പതിവായി പ്രസിദ്ധീകരിക്കുക, ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഹിന്ദി ശില്‍പശാലകള്‍ സംഘടിപ്പിക്കുക, ഔദ്യോഗിക ഭാഷാ പരിശോധനകള്‍ നടത്തുക, ദൈനംദിന ജോലികളില്‍ സാധാരണ ഹിന്ദി അക്ഷരങ്ങളുടെ ഉപയോഗം നടപ്പാക്കുക എന്നിവയാണ് സര്‍ക്കുലറിലെ വിവാദ ഉത്തരവുകള്‍.

Content Highlights: mk stalin slams at NIAC hindi circular in tamil nadu

We use cookies to give you the best possible experience. Learn more