ചെന്നൈ: കേന്ദ്ര പൊലീസ് സേനയിലേക്കുള്ള മത്സര പരീക്ഷയില്‍ ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉള്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിഷേധവുമായി തമിഴ്‌നാട് സര്‍ക്കാര്‍. തമിഴടക്കം മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരീക്ഷ എഴുതാനുള്ള സംവിധാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.
സി.ആര്‍.പി.എഫ് സേനയിലേക്ക് നടത്തുന്ന കമ്പ്യൂട്ടര്‍ പരീക്ഷയില്‍ തമിഴ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചിരിക്കുന്നത്.
ഹിന്ദിയും ഇംഗ്ലീഷും മാത്രം ഉള്‍പ്പെടുത്തിയ നടപടി ഏകപക്ഷീയമാണെന്നും ഭരണഘടന പരമായ അവകാശങ്ങള്‍ക്ക് മേലുള്ള കടന്ന് കയറ്റമാണെന്നും കത്തില്‍ പറയുന്നുണ്ട്. ആകെയുള്ള 100 മാര്‍ക്കില്‍ 25 മാര്‍ക്കും ഹിന്ദി കോമ്പ്രഹെന്‍ഷന് നല്‍കുന്നത് തമിഴ്‌നാട്ടിലെ ഉദ്യോഗാര്‍ത്ഥികളെ തഴയാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും സ്റ്റാലിന്‍ കത്തില്‍ ആരോപിച്ചു.
‘സി.ആര്‍.പി.എഫ് സേനകളിലേക്കുള്ള ഡിജിറ്റല്‍ പരീക്ഷയില്‍ ഹിന്ദിയും ഇംഗ്ലീഷം മാത്രം ഉള്‍പ്പെടുത്തിയത് തീര്‍ത്തും ഏകപക്ഷീയമായ തീരുമാനമാണ്. ഹിന്ദി സംസാരിക്കാത്ത ജനങ്ങളോടുള്ള വിവേചനമാണിത്. തമിഴ് സംസാരിക്കുന്ന തമിഴനായ ഒരു വിദ്യാര്‍ത്ഥിയുടെ തൊഴില്‍ സാധ്യതയാണ് ഇവിടെ നഷ്ടപ്പെടുന്നത്. അത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനം കൂടെയാണ്.
The notification by @crpfindia to conduct its CBT only in English & Hindi amounts to blatant discrimination & denies equality of opportunity to non-hindi speaking states.
പരീക്ഷയില്‍ 25 മാര്‍ക്ക് ഹിന്ദി പാഠഭാഗത്തില്‍ നിന്നാണ് വരുന്നത്. ഇത് തമിഴ് സംസാരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എഴുതാന്‍ സാധിക്കില്ല. സി.ആര്‍.പി.എഫ് വിജ്ഞാപനം തമിഴ്‌നാട്ടില്‍ നിന്ന് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ ഹനിക്കുന്നതിന് തുല്യമാണ്. തമിഴ് നാട്ടിലെ വിദ്യാര്‍ത്ഥികള്‍ കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ കയറിപ്പറ്റുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.
അതുകൊണ്ട് തന്നെ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രാദേശിക ഭാഷകളില്‍ മത്സര പരീക്ഷകള്‍ എഴുതാനുള്ള അവസരമൊരുക്കണമെന്ന് ആവശ്യപ്പെടുകയാണ്,’ സ്റ്റാലിന്‍ കത്തില്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കത്തിന്റെ പകര്‍പ്പ് സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ഞായറാഴ്ച സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ പ്രസ്താവന പ്രകാരം കേന്ദ്ര സി.ആര്‍.പി.എഫ് സേനയില്‍ 9212 ഒഴിവുകളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 579 ഒഴിവുകളാണ് തമിഴ്‌നാടിന് അനുവദിച്ച് നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തെ 12 കേന്ദ്രങ്ങളില്‍ നടത്തുന്ന പരീക്ഷക്കായി നിരവധി ഉദ്യോഗാര്‍ത്ഥികളാണ് അപേക്ഷിച്ചിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തിനെതിരെ ഇതിന് മുമ്പും വ്യാപകമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നിന്ന് ഉണ്ടായിട്ടുള്ളത്.
Content Highlight: MK stalin write letter to amit sha on crpf exam