| Tuesday, 13th June 2023, 10:47 am

തമിഴനെ പ്രധാനമന്ത്രിയാക്കുമെന്ന് അമിത് ഷാ പറഞ്ഞതില്‍ സന്തോഷം; മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്നറിയില്ല: എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴനെ പ്രധാനമന്ത്രിയാക്കുമെന്ന് അമിത് ഷാ പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്നറിയില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

‘തമിഴ്നാട്ടില്‍ വന്ന അമിത് ഷാ തമിഴനെ പ്രധാനമന്ത്രിയാക്കുമെന്ന് പറഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രധാനമന്ത്രി മോദിയോടുള്ള അദ്ദേഹത്തിന്റെ ദേഷ്യം എന്താണെന്ന് എനിക്കറിയില്ല.

ബി.ജെ.പി.ക്ക് ഒരു തമിഴ്‌നാട്ടുകാരനെയാണ് പ്രധാനമന്ത്രി ആക്കേണ്ടതെങ്കില്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍ രാജനും കേന്ദ്രമന്ത്രി എല്‍. മുരുകനും ഉണ്ട്. അവര്‍ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിക്കുമെന്ന് കരുതുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

മുന്‍കാലങ്ങളില്‍ രണ്ട് മുതിര്‍ന്ന സംസ്ഥാന നേതാക്കളെ പ്രധാനമന്ത്രിമാര്‍ ആകുന്നതില്‍ നിന്ന് ഡി.എം.കെ തടഞ്ഞുവെന്ന ഷായുടെ പ്രസ്താവനയെ സ്റ്റാലിന്‍ തള്ളിക്കളഞ്ഞു. ആ രണ്ട് ഡി.എം.കെ. നേതാക്കള്‍ ആരൊക്കെയെന്ന് അമിത് ഷാ വെളിപ്പെടുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

ധനവിനിയോഗവും കേന്ദ്ര ഗ്രാന്റുകളും തമിഴ്‌നാട്ടിലേക്ക് വിനിയോഗിക്കുമെന്ന ഷായുടെ പരാമര്‍ശത്തെയും സ്റ്റാലിന്‍ ചോദ്യം ചെയ്തു. ‘കോണ്‍ഗ്രസ് ഭരിച്ചിരുന്ന യു.പി.എ. സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചിരുന്ന കേന്ദ്ര വിഹിതമോ പ്രൊജക്ടുകളോ പോലും ബി.ജെ.പി. ഭരിച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍ തമിഴ്‌നാടിന് ലഭിച്ചിട്ടില്ല.

മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ചെന്നൈ മെട്രോ റെയില്‍ പ്രൊജക്ടും തമിഴിന് ക്ലാസിക്കല്‍ ഭാഷാ പദവിയും ലഭിച്ചത്. എന്നിട്ട് അവര്‍ കോണ്‍ഗ്രസിനെ പരിഹസിക്കുകയാണ്.

ബി.ജെ.പി ഭരണകാലത്ത് മന്ത്രിമാരുടെ അവകാശവാദങ്ങളാണ് പലമടങ്ങ് വര്‍ധിച്ചത്. റഫാല്‍, അദാനി അഴിമതി വിഷയങ്ങളില്‍ മറുപടി പറയാന്‍ പോലും ബി.ജെ.പി നേതാക്കള്‍ വാ തുറക്കുന്നില്ല,’ സ്റ്റാലിന്‍ പറഞ്ഞു.

Content Highlights: mk stalin welcomes tamil pm candidate jibe by amit sha, criticize bjp policy

We use cookies to give you the best possible experience. Learn more