| Thursday, 4th November 2021, 5:10 pm

താഴ്ന്ന ജാതിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തിനിടെ ഇറക്കിവിട്ട അശ്വനിയുടെ വീട്ടിലെത്തി സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജാതിവിവേചനത്തെ തുടര്‍ന്ന് അന്നദാനത്തിനിടെ ക്ഷേത്രത്തില്‍ നിന്നിറക്കിവിട്ട നരിക്കുറവര്‍ വിഭാഗത്തിലെ അശ്വനിയുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്താണ് സ്ഥലശയന ക്ഷേത്രത്തില്‍ നിന്ന് താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് അശ്വനിയേയും കുടുംബത്തേയും ഇറക്കിവിട്ടത്.

ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്ന് പറഞ്ഞ സവര്‍ണ ജാതിക്കാര്‍ ഭക്ഷണം ബാക്കിയുണ്ടെങ്കില്‍ അമ്പലത്തിന് പുറത്തുവെച്ച് നല്‍കാമെന്ന് അശ്വനിയോട് പറയുകയായിരുന്നു.

വിവേചനത്തിനെതിരെ അശ്വിനി ക്ഷേത്രം അധികാരികളോട് പ്രതികരിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് ദേവസ്വം മന്ത്രി ശേഖര്‍ ബാബു അശ്വനിയേയും കൂട്ടി ക്ഷേത്രത്തിലെത്തി ഒരുമിച്ച് ഭക്ഷണം കഴിച്ചു.

വകുപ്പ് കമ്മീഷണറുടേയും മന്ത്രിയുടേയും നടുവില്‍ കുട്ടിയെ മടിയിലിരുത്തിയാണ് അശ്വിനി ആഹാരം കഴിച്ചത്.

അശ്വനിയുടെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് സംസാരിച്ചു. മുത്തുമണി മാലയും പൊന്നാടയും അണിയിച്ചാണ് അശ്വനി സ്റ്റാലിനെ സ്വീകരിച്ചത്.

പ്രദേശത്തെ 81 നരിക്കുറവര്‍-ഇരുളര്‍ കുടുംബങ്ങള്‍ക്ക് സ്റ്റാലിന്‍ പട്ടയം നല്‍കി. അംഗനവാടി, പഞ്ചായത്ത് യൂണിയന്‍ സ്‌കൂള്‍ എന്നിവ നിര്‍മ്മിക്കാനും 10 ലക്ഷം രൂപയുടെ വികസനക്ഷേമപ്രവര്‍ത്തനങ്ങള്‍ പ്രദേശത്ത് നടത്താനും തമിഴ്നാട് മുഖ്യമന്ത്രി ഉത്തരവിട്ടു.

നരിക്കുറവര്‍, ഇരുളര്‍ ജാതികളില്‍ പെട്ട 282 പേര്‍ക്ക് വേണ്ടി 4.53 കോടിയുടെ പദ്ധതികളാണ് തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടയങ്ങള്‍ക്കൊപ്പം ഭവനനിര്‍മ്മാണത്തിനുള്ള ബോണ്ടുകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും സ്റ്റാലിന്‍ വിതരണം ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: MK Stalin visit Aswinis House whose face caste discrimination at Temple

We use cookies to give you the best possible experience. Learn more