ചെന്നൈ: സംസ്ഥാനത്തിന്റെ നീറ്റ് വിരുദ്ധ ബില്ലിന് അംഗീകാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കത്ത് നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മെഡിക്കല്‍ ബിരുദ കോഴ്‌സിലേക്കുള്ള അഡ്മിഷനുമായി ബന്ധപ്പെട്ട ബില്‍ 2022ല്‍ നിയമസഭ പാസാക്കിയിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി ബില്‍ തിരിച്ചയക്കുകയായിരുന്നു. 2022ല്‍ ഇതേ ബില്‍ വീണ്ടും നിയമസഭയില്‍ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തെന്ന് സ്റ്റാലിന്‍ കത്തില്‍ പറഞ്ഞു. തുടര്‍ന്ന് രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി ബില്‍ ഗവര്‍ണര്‍ക്ക് അയച്ചിരുന്നതായും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ആയുഷ് മന്ത്രാലയം ഉള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങളെ മുന്‍നിര്‍ത്തി കേന്ദ്ര മന്ത്രാലയം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതായി എം.കെ. സ്റ്റാലിന്‍ മുര്‍മുവിനോട് പറഞ്ഞു.
ബില്ലിന് അനുമതി ലഭിക്കുന്നതില്‍ കാലതാമസം ഉണ്ടാവുന്നതിനനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ടപെടുന്നുവെന്നും നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യക്ക് ശ്രമിക്കുന്നുവെന്നും സ്റ്റാലിന്‍ കത്തില്‍ കൂട്ടിച്ചേര്‍ത്തു.
ചെലവേറിയ കോച്ചിങ് ക്ലാസുകള്‍ താങ്ങാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നഷ്ട്ടപെടുന്നുവെന്നും, ബില്‍ അംഗീകരിക്കാത്തത് നിയമസഭയുടെ നിയമനിര്‍മാണത്തിലും ഉദ്ദേശശുദ്ധിയിലും വിള്ളലുകള്‍ ഉണ്ടാക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാലിന്‍ കത്തില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഷയത്തില്‍ എത്രയും വേഗത്തില്‍ ഇടപെടണമെന്നും അനുമതി നല്‍കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ മാരിടൈം സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദ്രൗപതി മുര്‍മു.
നീറ്റ് ബില്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ വസതിക്ക് നേരെ പെട്രോള്‍ ബോംബാക്രമണം ഉണ്ടായതെന്ന് വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു.
Content Highlight: MK Stalin Urges President Droupadi Murmu To Give Assent To Tamil Nadu’s Anti-NEET Bill