| Wednesday, 8th August 2018, 10:56 am

'ഇപ്പോദാവത് അപ്പാ എന്‍ അഴെത്ത്‌ക്കൊള്ളട്ടുമാ തലൈവരെ'; അച്ഛനോടുള്ള ചോദ്യങ്ങളുമായി എം.കെ സ്റ്റാലിന്റെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച് തമിഴ് ജനത ഒന്നാകെ അദ്ദേഹത്തിന്റെ വസതിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്. കലൈഞ്ജറുടെ വിയോഗത്തില്‍ ദു:ഖിതനായ മകനും പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാനുമായ എം.കെ സ്റ്റാലിന്റെ കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ച വിഷയമാകുന്നത്.

പിതാവിന്റെ വിയോഗത്തില്‍ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ച വരികളാണ് പാര്‍ട്ടി അനുഭാവികളെയും കലൈഞ്ജറുടെ സുഹൃത്തുകളെയും ഏറെ വിഷമത്തിലാക്കിയിരിക്കുന്നത്. കരുണാനിധിയുടെ മരണത്തിന് ശേഷം എഴുതിയ കവിത സ്റ്റാലിന്‍ തന്റെ ട്വിറ്ററിലാണ് പോസ്റ്റ് ചെയ്തത്.

“ഒരേ ഒരു മുറെ ഇപ്പോദാവത് അപ്പാ എന്‍ അഴെത്ത് കൊള്ളട്ടുമാ തലൈവരെ” എന്നാണ് സ്റ്റാലിന്‍ ട്വിറ്ററില്‍ കവിത കുറിച്ചിരിക്കുന്നത്.


ALSO READ; ആ സൂര്യന്‍ ചെന്നൈയില്‍ അസ്തമിച്ചു; ഇനി ഉയിര്‍ തമിഴുക്ക്, ഉടല്‍ മണ്ണുക്ക്


അവസാനമായി ഒരിക്കല്‍ കൂടി അപ്പായെന്ന് വിളിച്ചോട്ടെ” തലൈവരേ എന്നാണ് കവിതയില്‍ സ്റ്റാലിന്‍ ചോദിക്കുന്നത്. കവിതയുടെ ഓരോ വരിയിലും അച്ഛനോടുള്ള ചോദ്യങ്ങളാണുള്ളത്.

എവിടെ പോകുമ്പോഴും പറഞ്ഞിട്ടുമാത്രം പോകുന്നയാളാണ്. എന്നാല്‍ ഇപ്പോള്‍ ഞങ്ങളോട് പറയാതെ പോയതെന്തേ? വിശ്രമമില്ലാതെ ഓടി നടന്നയാള്‍ ഇവിടെ വിശ്രമിക്കുന്നുവെന്ന് തന്റെ കുടീരത്തില്‍ എഴുതി വയ്ക്കണമെന്ന് 33 വര്‍ഷം മുമ്പ് പറഞ്ഞില്ലേ. കഷ്ടപ്പെട്ടത് മതിയെന്ന് പറഞ്ഞ് വിശ്രമിക്കാനായി പുറപ്പെട്ടതാണോ?

94 വയസില്‍ 80 വര്‍ഷവും സാമൂഹ്യ സേവനത്തിനായി മാറ്റിവച്ചു. ആ ഉയരങ്ങള്‍ വേറെയാരെങ്കിലും താണ്ടുമോയെന്ന് ഒളിഞ്ഞിരുന്ന് നോക്കുകയാണോ. ഇനിയും നിറവേറാത്ത അങ്ങയുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ഞങ്ങളാല്‍ കഴിയുംവിധം നിറവേറ്റും.

അതിനായാണ് ഇനിയുള്ള ഞങ്ങളുടെ ജീവിതം. അതിന് ഊര്‍ജ്ജമേകാനായി ഒരേ ഒരു വരം ഞങ്ങള്‍ക്കു വേണം. ഒരൊറ്റ തവണ “എന്റെ ഉയിരിനും ഉയിരായ മക്കളേ” എന്ന് വിളിക്കൂ. ആ വിളിയില്‍ നിന്ന് വേണം ഇനി ഞങ്ങള്‍ക്കു മുന്നോട്ടു പോകാന്‍ -എന്നാണ് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചത്.

We use cookies to give you the best possible experience. Learn more