'നന്ദി സഖാവേ'; പിണറായി വിജയന് നന്ദി പറഞ്ഞ് മലയാളത്തിലുള്ള ട്വീറ്റുമായി സ്റ്റാലിന്‍
India
'നന്ദി സഖാവേ'; പിണറായി വിജയന് നന്ദി പറഞ്ഞ് മലയാളത്തിലുള്ള ട്വീറ്റുമായി സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd March 2022, 12:25 pm

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തനിക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ തമിഴിലുള്ള ട്വീറ്റ് റീ ട്വിറ്റ് ചെയ്തായിരുന്നു സ്റ്റാലിന്‍ നന്ദി കുറിപ്പ് പങ്കുവെച്ചത്. ‘നന്ദി സഖാവേ’ എന്നായിരുന്നു സ്റ്റാലിന്‍ മലയാളത്തില്‍ കുറിച്ചത്.

സ്റ്റാലിനെ നേരില്‍ക്കണ്ടാണ് പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ആശംസ അറിയിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ആശംസയും നേര്‍ന്നിരുന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നായിരുന്നു പിണറായിയുടെ ആശംസ.

കഴിഞ്ഞ ദിവസം നടന്ന എം.കെ. സ്റ്റാലിന്റെ ആത്മകഥ പ്രകാശനം ചടങ്ങിലും പിണറായി വിജയന്‍ പങ്കെടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കം ഇന്ത്യയിലെ വിവിധ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തിരുന്നു.

‘ഉന്‍ഗളില്‍ ഒരുവന്‍’ (One Among You/ നിങ്ങളില്‍ ഒരാള്‍) എന്നാണ് ആത്മകഥയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ചയായിരുന്നു പ്രകാശനച്ചടങ്ങ്. രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

ബീഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഒമര്‍ അബ്ദുല്ല, തൂത്തുക്കുടി എം.പിയും എം.കെ സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി, തമിഴ് നടന്‍ സത്യരാജ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അതേസമയം കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനെതിരായ പ്രതിപക്ഷ കൂട്ടായ്മയില്‍ നിര്‍ണായക ശക്തികളായ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു എന്നിവരുടെ അസാന്നിധ്യവും ചടങ്ങില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മൂന്ന് വാല്യങ്ങളിലായി ഇറങ്ങുന്ന ആത്മകഥയുടെ ആദ്യത്തേതാണ് കഴിഞ്ഞദിവസം പ്രകാശനം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയത്തിലെ സ്റ്റാലിന്റെ തുടക്കകാലമാണ് ‘ഉന്‍ഗളില്‍ ഒരുവനി’ല്‍ ഉള്ളത്. 23 വയസ് വരെയുള്ള സ്റ്റാലിന്റെ ജീവിതമാണ് ഇതില്‍ പറയുന്നത്.