ചെന്നൈ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് നേരെയുണ്ടായ വധശ്രമത്തെ ശക്തമായി അപലപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ബി.ജെ.പി ഭരിക്കുന്ന ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില തകര്‍ന്നുവെന്നാണ് സംഭവം വ്യക്തമാക്കുന്നതെന്നും സ്റ്റാലിന്‍ വിമര്‍ശിച്ചു.
ചന്ദ്രശേഖര്‍ ആസാദ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ. ഈ ഭീരുത്വം നിറഞ്ഞ ആക്രമണത്തിന് ഉത്തരവാദികളായ കുറ്റവാളികളെ ഉടന്‍ പിടികൂടി ശിക്ഷിക്കണം,’ സ്റ്റാലിന്‍ പറഞ്ഞു.
അതേസമയം, രാജ്യത്തുടനീളമുള്ള തന്റെ പാര്‍ട്ടി അണികള്‍ സംയമനം പാലിക്കണമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അഭ്യര്‍ത്ഥിച്ചു. ഇന്നലെ വൈകീട്ടോടെ അജ്ഞാതസംഘം കാറിന് നേരെ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം.
‘പെട്ടെന്നുള്ള ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തുടനീളമുള്ള അനുഭാവികളോട് ശാന്തരായിരിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ പോരാട്ടം ഭരണഘടനയുടെ വഴിയിലൂടെയായിരിക്കും,’ വീഡിയോ സന്ദേശത്തില്‍ ചന്ദ്രശേഖര്‍ ആസാദ് പറഞ്ഞു.
വെടിവെപ്പ് നടത്തിയവരെന്ന് സംശയിക്കുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ യു.പി പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ഹരിയാന രജിസ്‌ട്രേഷനിലുള്ള കാറിലാണ് അക്രമികള്‍ ഉണ്ടായിരുന്നതെന്നാണ് ഭീം ആര്‍മി പ്രവര്‍ത്തകര്‍ പൊലീസിന് നല്‍കിയ മൊഴി. ഒരാള്‍ കാര്‍ ഓടിക്കുമ്പോള്‍ രണ്ട് പേര്‍ ചേര്‍ന്ന് വെടിവെച്ചെന്നും ഭീം ആര്‍മിയുടെ മുന്‍ ഡിവിഷണല്‍ പ്രസിഡന്റ് ദീപക് ബുദ്ധ പൊലീസിന് മൊഴി നല്‍കിയിരുന്നു.