ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രത്യേക സുപ്രീം കോടതി ബെഞ്ച് അനുവദിക്കണമെന്നും മദ്രാസ് ഹൈക്കോടതിയിലെ കോടതി ഭാഷ തമിഴാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഇതിനുപുറമെ എല്ലാ കോടതി നിയമനങ്ങളിലും സാമൂഹ്യ നീതി ഉറപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. മധുരയില്‍ പുതുതായി പണികഴിപ്പിക്കുന്ന കോടതി കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനെ സാക്ഷി നിര്‍ത്തിയാണ് സ്റ്റാലിന്‍ തന്റെ ആവശ്യങ്ങള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നില്‍ അവതരിപ്പിച്ചത്.
‘തമിഴ്‌നാട്ടില്‍ പ്രത്യേക സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കാനും ഹൈക്കോടതി വ്യവഹാരങ്ങളില്‍ തമിഴ് കൂടി ഉള്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ഞങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ നടപടിയൊന്നുമുണ്ടായിട്ടില്ല.
ഇതോടൊപ്പം എല്ലാ ഹൈക്കോടതി നിയമനങ്ങളും സുതാര്യവും സാമൂഹിക നീതി ഉറപ്പാക്കിയും നടപ്പിലാക്കേണ്ടതുണ്ട്. ഞങ്ങളുടെ ആവശ്യങ്ങളില്‍ എത്രയും വേഗം നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം,’ സ്റ്റാലിന്‍ പറഞ്ഞതായി യുണൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം മുഖ്യമന്ത്രിയുടെ ആവശ്യങ്ങളില്‍ കാര്യമായ ചര്‍ച്ച നടക്കുമെന്നും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വേദിയിലുണ്ടായിരുന്ന ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു.
എല്ലാ പൗരന്മാര്‍ക്കും നിയമ വിദ്യാര്‍ത്ഥികള്‍ക്കും സുപ്രീം കോടതി വ്യവഹാരങ്ങളില്‍ നേരിട്ട് ഇടപെടാനായി വെര്‍ച്വല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂട്ടത്തില്‍ കോടതി ഭാഷ തമിഴാക്കുന്നതിന് നിയമപരമായ തടസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം സദസിനെ അറിയിച്ചു.
കോടതി നിയമനങ്ങളില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കോടതി ഭാഷ തമിഴാക്കാന്‍ ചില നിയമ തടസങ്ങളുണ്ട്. ഇതിനായി ഭരണ ഘടനയുടെ ആര്‍ട്ടിക്കിള്‍ 348 ഭേദഗതി ചെയ്യേണ്ടി വരും. ഇംഗ്ലീഷ് നമ്മുടെ മാതൃഭാഷയല്ലാത്തത് കൊണ്ട് തന്നെ വിഷയത്തില്‍ ഗൗരവമായ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം.
അഭിഭാഷകര്‍ കോടതിയില്‍ ഹാജരാകുന്നതിന് വെര്‍ച്വല്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നത് നന്നായിരിക്കും. ഇതിനായി പുതിയ ഹൈബ്രിഡ് സംവിധാനം കോടതി മുന്നോട്ട് വെച്ചിട്ടുണ്ട്. ഇതിലൂടെ രാജ്യത്തെവിടെയുമുള്ള നിയമ വിദ്യാര്‍ത്ഥികള്‍ക്കും അഭിഭാഷകര്‍ക്കും കോടതിയില്‍ വെര്‍ച്വലി ഹാജരാകാനാവും. കൂട്ടത്തില്‍ കോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങും നടത്തും.
ഇനി കോടതി നിയമനങ്ങളുടെ കാര്യമാണെങ്കില്‍ സമൂഹത്തിലെ വിവിധ തുറയില്‍ നിന്നുള്ള ആളുകളെ ഉള്‍പ്പെടുത്താനാണ് സുപ്രീം കോടതിയുടെ നിര്‍ദേശമുള്ളത്. ന്യൂനപക്ഷങ്ങളുടെയും പട്ടിക ജാതി പട്ടിക വര്‍ഗ സമൂഹത്തിന്റെയും സത്രീകളുടെയും പ്രാതിനിധ്യം ഉറപ്പാക്കാനുള്ള നടപടികള്‍ കൈകൊള്ളാനും തീരുമാനിച്ചിട്ടുണ്ട്,’ ചീഫ് ജസ്റ്റിസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
Content Highlight: mk Stalin says to change court language should be in tamil