| Tuesday, 2nd April 2024, 8:58 am

കച്ചത്തീവിനെ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് ആയുധമാക്കുന്നു; മോദിക്കെതിരെ ആഞ്ഞടിച്ച് എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: 1974ല്‍  കച്ചത്തീവ് ശ്രീലങ്കയ്ക്ക് കൈമാറിയതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. മത്സ്യത്തൊഴിലാളികളോട് പെട്ടെന്നുണ്ടായ മോദിയുടെ സ്നേഹത്തെയും സ്റ്റാലിന്‍ പരിഹസിച്ചു.

ചെന്നൈയും തൂത്തുക്കുടിയും പ്രളയത്തെ നേരിട്ടപ്പോള്‍ തമിഴ്‌നാട് കേന്ദ്രത്തില്‍ നിന്ന് 37,000 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു രൂപപോലും മോദി സര്‍ക്കര്‍ നല്‍കിയില്ലെന്നും, പക്ഷെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മത്സ്യത്തൊഴിലാളികളോട് കപട സ്‌നേഹം കാണിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. പത്ത് വര്‍ഷമായി ബി.ജെ.പി ഉറങ്ങുകയായിരുന്നുവോയെന്നും സ്റ്റാലിന്‍ ചോദിച്ചു.

‘സ്വന്തം പരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കച്ചത്തീവ് വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയാണ് മോദി. തമിഴ്നാടിനോട് ഇത്ര സ്നേഹമുണ്ടായിരുന്നെങ്കില്‍, സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 29 പൈസമാത്രം തിരിച്ചുനല്‍കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രം വ്യക്തമാക്കണം.

പത്തുവര്‍ഷത്തില്‍ തമിഴ്നാടിനായി ഒരു പ്രത്യേക പദ്ധതിയെങ്കിലും കേന്ദ്ര സര്‍ക്കര്‍ നടപ്പിലാക്കിയോ,’ എം.കെ. സ്റ്റാലിന്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യമുയര്‍ത്തി.

അതേസമയം കഴിഞ്ഞ ദിവസം ബി.ജെ.പിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 261 നേതാക്കളുണ്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം നേതാക്കള്‍ തന്റെ പാര്‍ട്ടിക്കുള്ളിലായിരിക്കുമ്പോള്‍ ക്രമസമാധാനപാലനത്തെ കുറിച്ച് അഭിപ്രായം പറയാനുള്ള മോദിയുടെ അവകാശത്തെ സ്റ്റാലിന്‍ ചോദ്യം ചെയ്തു.

തമിഴ്നാട്ടില്‍ ക്രമസമാധാനം തകരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സ്റ്റാലിന്റെ പരാമര്‍ശം. തമിഴ്നാട്ടില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന തന്റെ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി തെളിവ് സാക്ഷ്യപ്പെടുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

Content Highlight: MK Stalin says that the Prime Minister is used Katchatheev as an election weapon

We use cookies to give you the best possible experience. Learn more