ചെന്നൈ: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ മുഴുവന്‍ മണിപ്പൂരാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇന്ത്യയുടെ വൈവിധ്യവും ജനാധിപത്യവും നശിപ്പിക്കാന്‍ ബി.ജെ.പി ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യുകയാണ്. മണിപ്പൂരില്‍ ബി.ജെ.പി 2002ലെ ഗുജറാത്ത് മോഡല്‍ പിന്തുടരുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു.
തിരുച്ചിറപ്പള്ളിയില്‍ ഡി.എം.കെയുടെ പാര്‍ട്ടി പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ മുഴുവന്‍ മണിപ്പൂരാകും. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഭരണഘടന, ജനാധിപത്യം, സാമൂഹ്യനീതി എന്നിവയെ തകര്‍ത്തിരിക്കുകയാണ്.
മണിപ്പൂരിലെ അക്രമം തടയാന്‍ അവര്‍ പരാജയപ്പെട്ടിരിക്കുകയാണ്. മണിപ്പൂരില്‍ ബി.ജെ.പി 2002 ഗുജറാത്ത് മോഡല്‍ പിന്തുടരുകയാണ്. മണിപ്പൂരില്‍ ഒരു സമുദായത്തെ മറ്റൊരു സമുദായത്തിനെതിരെ ഉയര്‍ത്തിക്കാട്ടുകയാണ്.
ബി.ജെ.പി വര്‍ഗീയ രാഷ്ട്രീയമാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കളിക്കുന്നത്. അതേക്കുറിച്ച് എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ എന്തുകൊണ്ടാണ് ഒരക്ഷരം പോലും മിണ്ടാത്തത്,’ തമിഴ്‌നാട് മുഖ്യമന്ത്രി ചോദിച്ചു.
മോദി എവിടെ പോയാലും തന്റെ പാര്‍ട്ടിയെ ടാര്‍ഗെറ്റ് ചെയ്യുകയാണെന്നും സ്റ്റാലിന്‍ ആരോപിച്ചു. ‘പ്രതിപക്ഷ മുന്നണിയായ ഇന്ത്യന്‍ സഖ്യത്തിന് കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ദ്രാവിഡ പാര്‍ട്ടി പ്രധാന പങ്കുവഹിച്ചു.
അതിന് പിന്നാലെയാണ് ഡി.എം.കെയെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുന്നത്. അഴിമതിക്കെതിരാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനങ്ങള്‍ പൊള്ളയാണ്.
വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന വ്യക്തികള്‍ക്കൊപ്പമിരുന്ന് അദ്ദേഹത്തിന് എങ്ങനെയാണ് ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ കഴിയുക,’ സ്റ്റാലിന്‍ വിമര്‍ശിച്ചു.
Content Highlights: mk stalin says india will become a manipur if bjp reatins power